ലോക യുവജന ദിനത്തിന്റെ മൂന്നാം ദിവസത്തിലാണ് ഫ്രാന്‍സിസ് പാപ്പയെ കണ്ടത്. ആദ്യ രണ്ടു ദിവസങ്ങളിലും നിരവധി രാജ്യങ്ങളില്‍ നിന്നുള്ള യുവാക്കളില്‍ പലരുമായും ആശയസംവേദനം നടത്താന്‍ സാധിച്ചു എന്നത് സന്തോഷകരമായിരുന്നു. അവരുടെ സംസ്കാരവും ഭാഷാവൈവിധ്യങ്ങളും ഭക്ഷണരീതികളുമെല്ലാം ചര്‍ച്ചകളില്‍ നിറഞ്ഞു നിന്നു. എന്റെ ശ്രദ്ധയാകര്‍ഷിച്ച കാര്യം, യുവാക്കളില്‍ ഞാനുള്‍പ്പെടെയുള്ളവര്‍ പലതിനെ കുറിച്ചും ആശങ്കാകുലരായിരുന്നുവെന്നതാണ്. സമാനമനസ്കരുടെ ഒരു സമ്മേളനമെന്നു പറയാം. ലോകമെങ്ങും നടമാടുന്ന മനുഷ്യാവകാശ ധ്വംസനങ്ങള്‍, അസഹിഷ്ണുത. ഭാവിയെ കുറിച്ചുള്ള ഉത്കണ്ഠ, അവഗണനകള്‍, യുദ്ധങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, രാഷ്ട്രീയ ദുരന്തങ്ങള്‍, ദാരിദ്ര്യം, പട്ടിണി….അങ്ങിനെ പോയി ചിന്താധാരകള്‍.
ലിസ്ബണിലെ ഫ്രാന്‍സിസ് പാപ്പയുടെ ആദ്യപൂര്‍ണ ദിനമായ ഈ മൂന്നാം ദിനത്തിലെ മുഖ്യകഥാപാത്രങ്ങള്‍ തീര്‍ച്ചയായും,ഞങ്ങള്‍ യുവാക്കള്‍ തന്നെയായിരുന്നു. രാവിലെ പോര്‍ച്ചുഗീസ് കാത്തലിക് യൂണിവേഴ്സിറ്റിയില്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥികളുമായുള്ള കൂടിക്കാഴ്ചയായിരുന്നു ആദ്യം. അതിന്റെ വിശേഷങ്ങള്‍ എത്താന്‍ തുടങ്ങിയതോടെ ആശങ്കകള്‍ കാര്‍മേഘങ്ങള്‍ അകലുന്നപോലെ എന്നില്‍ നിന്നും മറഞ്ഞുപോയി. പകരം സന്തോഷവും സമാധാനവും നിറഞ്ഞു കവിഞ്ഞു. വിനാശകരമായ ലോകത്ത് പ്രത്യാശയാണല്ലോ നമുക്കെല്ലാവര്‍ക്കും യഥാര്‍ഥത്തില്‍ വേണ്ടത്. ഫ്രാന്‍സിസ് പാപ്പ പ്രത്യാശയുടെ നാഥനല്ലേ.
ഹോസെയില്‍ നിന്ന് ഏതാനും മീറ്റര്‍ അകലെയുള്ള ആ കൂടിക്കാഴ്ചയില്‍, ലോകത്തെ രക്ഷിക്കുന്നത് വിദ്യാഭ്യാസമാണെന്നും അവര്‍ പഠിക്കുന്നത് പിന്നീട് പഠിപ്പിക്കാന്‍ കഴിയുമെന്നും ഫ്രാന്‍സിസ് പാപ്പ വിദ്യാര്‍ഥികളെ ഓര്‍മ്മിപ്പിച്ചു. പാപ്പയുടെ തൊട്ടരികെ ഇരിപ്പിടം കിട്ടിയ ചിലര്‍ സന്തോഷം മറച്ചുവയ്ക്കാതെ അതു പങ്കുവച്ചപ്പോള്‍ ചിലര്‍ അസൂയ പൂണ്ടെന്നത് വാസ്തവം.
തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പ സ്കോളസ് ഒക്യുറന്റസിലെ യുവജനങ്ങളുമായി കൂടിക്കാഴ്ച നടത്തി, കെട്ടിടത്തിന്റെ ചുവരുകള്‍ അലങ്കരിക്കുന്ന ചുവര്‍ചിത്രങ്ങളെ പാപ്പാ സാകൂതം വീക്ഷിച്ചു. സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിയപോലെ തോന്നുന്നുവെന്ന്് ചിരിച്ചുകൊണ്ട് പാപ്പാ പങ്കുവച്ചു.
എല്ലാവരും കാത്തിരുന്ന യഥാര്‍ത്ഥ കൂടിക്കാഴ്ച, ഉച്ചകഴിഞ്ഞ്, എഡ്വേര്‍ഡ് ഏഴാമന് പാര്‍ക്കിലായിരുന്നു. പരിശുദ്ധ പിതാവ് എത്തിയപ്പോള്‍, അവിടെ തീര്‍ഥാടകരുടെ മഹാപ്രവാഹമായിരുന്നു. അരലക്ഷത്തോളം പേരാണ് സംഘാടകരുടെ പോലും കണക്കുകൂട്ടല്‍ തെറ്റിച്ച് ഇവിടെ എത്തിയതെന്ന് ഓര്‍ക്കണം! ഔദ്യോഗികമായി ഓരോ രാജ്യത്തു നിന്നും എത്തിയവരെ കൂടാതെ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം പേരും എത്തിച്ചേര്‍ന്നതാണ് കാരണം.
സ്വാഗതചടങ്ങില്‍ ഫ്രാന്‍സിസ് പാപ്പയെയും ലക്ഷക്കണക്കിന് തീര്‍ഥാടകരെയും വര്‍ണത്തിന്റെയും ശബ്ദത്തിന്റെയും ചടുലമായ ദൃശ്യാവിഷ്കാരത്താലാണ് അഭിവാദ്യം ചെയ്തത്. വിശ്വാസത്തിന്റെ ആഘോഷവും സഭയുടെ ഐക്യത്തിന്റെയും നാനാത്വത്തിന്റെയും പ്രകടനവുമായിരുന്നു ഈ ആഘോഷ സ്വഭാവം. പാരമ്പര്യവും ആധുനികതയും സമ്മേളിച്ചു. 21 വ്യത്യസ്ത രാജ്യങ്ങളില്‍ നിന്നുള്ള 50 ഓളം യുവാക്കളും ഗായകസംഘവും പോര്‍ച്ചുഗീസ് സംസ്കാരം പ്രദര്‍ശിപ്പിക്കുന്ന മറ്റ് നിരവധി സംഗീതജ്ഞരും ഒരുമിച്ചായിരുന്നു സ്വാഗതഗാനം അവതരിപ്പിച്ചത്.
പിന്നീട് ഓരോ ദിവസവും പാപ്പയ്ക്ക് ലഭിക്കുന്ന ആയിരക്കണക്കിന് കത്തുകളില്‍ നിന്ന് തിരഞ്ഞെടുത്തവ വായിച്ചു. ഞാന്‍ നേരത്തെ പറഞ്ഞതുപോലെ, ലോകമെമ്പാടുമുള്ള യുവാക്കളുടെ ചോദ്യങ്ങളും ആശങ്കകളും കത്തുകളില്‍ പ്രതിഫലിച്ചിരുന്നു. പലരും അവരുടെ കുടുംബങ്ങള്‍ക്കും രാജ്യങ്ങള്‍ക്കും ഇടവകകള്‍ക്കും വേണ്ടി ഉപദേശങ്ങളും പ്രാര്‍ഥനകളും അഭ്യര്‍ഥിച്ചു.
അടുത്ത ചടങ്ങ് വ്യക്തിപരമായി എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു. ലോക യുവജന ദിനത്തില്‍ പ്രതിനിധീകരിക്കുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള പതാകകളുടെ ഘോഷയാത്രയായിരുന്നു അത്.
നമ്മുടെ പ്രിയ രാജ്യത്തെ പ്രതിനിധീകരിച്ച് പതാകയേന്തിയത് ഞാനായിരുന്നു.
തലേദിവസം ഇതിന്റെ ഒരു റിഹേഴ്സലും ഉണ്ടായിരുന്നു. ‘ഉം ദിയാ ഡി സോള്‍’ (‘ഒരു മനോഹര ദിനം’) എന്ന ഗാനം ഈ സമയത്ത് ആലപിച്ചു. യേശുവിലുള്ള വിശ്വാസം ആഘോഷിക്കാനുള്ള ആഗ്രഹം ഈ ഗാനം എടുത്തുകാണിക്കുന്നു.
ഈ വര്‍ഷത്തെ ഉദ്ഘാടന ചടങ്ങില്‍ ശ്രദ്ധേയമായ ഒന്നായിരുന്നു, പോര്‍ച്ചുഗീസ് ആംഗ്യഭാഷയിലുള്ള സംഗീതത്തിന്റെ വരികളുടെ കൊറിയോഗ്രാഫിക്. ഇത് കേള്‍വിക്ക് ബുദ്ധിമുട്ടുള്ളവരെ ഏറെ സന്തോഷിപ്പിച്ചു.
എഴുപത്തിരണ്ട് ശിഷ്യന്മാരെ യേശു അയച്ചതിനെക്കുറിച്ചുള്ള വിശുദ്ധ ലൂക്കായുടെ വിവരണത്തെ കേന്ദ്രീകരിച്ചുള്ള വചനത്തിന്റെ ആരാധനയായിരുന്നു സ്വാഗത ചടങ്ങിന്റെ ഹൈലൈറ്റ്. സുവിശേഷ വായനയെക്കുറിച്ചുള്ള തന്റെ റിഫ്ളക്ഷനില്‍, ലോക യുവജന ദിനത്തില്‍ പങ്കെടുക്കുന്ന യുവാക്കളെ ഫ്രാന്‍സിസ് പാപ്പ സ്നേഹപൂര്‍വ്വം സ്വാഗതം ചെയ്തു. ദൈവം ഓരോരുത്തരെയും സ്നേഹിക്കുന്നതിനാലാണ് അവരെ കൃത്യമായി പേര് ചൊല്ലി വിളിച്ചതെന്ന് ഓര്‍മ്മിപ്പിച്ചു. ‘ഈ ലോക യുവജന ദിനത്തില്‍, ഈ അടിസ്ഥാന യാഥാര്‍ഥ്യം തിരിച്ചറിയാന്‍ നമുക്ക് പരസ്പരം സഹായിക്കാം: ഈ ദിനങ്ങള്‍ ദൈവത്തിന്റെ സ്നേഹത്തിന്റെ ആഹ്വാനത്തിന്റെ ഊര്‍ജ്ജസ്വലമായ പ്രതിധ്വനികള്‍ ആയിരിക്കട്ടെ’ എന്ന് പാപ്പ പറഞ്ഞു.
ക്രിസ്തുവിന്റെ സഭയെന്നാല്‍ വിളിക്കപ്പെട്ടവരുടെ സമൂഹമാണ്. സമൂഹത്തിലെ ഉത്തമരായ ആളുകളുടെ സമൂഹമല്ല. നാമെല്ലാവരും പാപികളാണ്. അതേസമയം യേശുവിന്റെ സഹോദരീസഹോദരന്മാരുടെയും, ഒരേ പിതാവിന്റെ പുത്രന്മാരുടെയും പുത്രിമാരുടെയും ഒരു സമൂഹമാണ്. സഭയില്‍ എല്ലാവര്ക്കും ഇടമുണ്ട്. സുവിശേഷങ്ങളില്‍ എല്ലാവരെയും വിളിക്കുന്ന ഉപമകളില്‍ യേശു ഇത് വ്യക്തമായി പറഞ്ഞിട്ടുണ്ട്. ചെറുപ്പക്കാരും പ്രായമായവരും ആരോഗ്യമുള്ളവരും രോഗികളും നീതിമാന്മാരും പാപികളും, എല്ലാവരും, എല്ലാവരും, എല്ലാവരും, എല്ലാവരും!’ ”എല്ലാവരും, എല്ലാവരും, എല്ലാവരും!” എന്ന് തനിക്കുശേഷം ആവര്‍ത്തിക്കാന്‍ അദ്ദേഹം ജനക്കൂട്ടത്തെ ക്ഷണിച്ചു.
അരലക്ഷത്തിലധികം വരുന്ന യുവാക്കള്‍ ആര്‍ത്തുവിളിച്ചു, എല്ലാവരും, എല്ലാവരും, എല്ലാവരും.
‘സഭയില്‍ എല്ലാവര്ക്കും, എല്ലാവര്ക്കും, എല്ലാവര്ക്കും, എല്ലാവര്ക്കും, എല്ലാവര്ക്കും ഇടമുണ്ട്,’ പാപ്പാ പറഞ്ഞു. ‘ഇതാണ് സഭ’, പാപ്പ വ്യക്തമാക്കി.
ചോദ്യങ്ങള്‍ ചോദിക്കുന്നത് പലപ്പോഴും പലര്‍ക്കും ഇഷ്ടപ്പെടാറില്ല. സഭയില്‍ പോലും പലപ്പോഴുമത് അനുഭവപ്പെടാറുണ്ട്. എന്നാല്‍ പാപ്പ പറഞ്ഞു, ചോദ്യങ്ങളുമായി ദൈവത്തിങ്കലേക്ക് വരുന്നതില്‍ ഒരിക്കലും മടുക്കരുതെന്ന്. ‘ചോദ്യങ്ങള്‍ ചോദിക്കുന്നത് നല്ലതാണ്, ഉത്തരം നല്കുന്നതിനേക്കാള് പലപ്പോഴും നല്ലതാണ്, കാരണം ചോദ്യങ്ങള്‍ ചോദിക്കുന്നവര്‍ അസ്വസ്ഥരായിരിക്കും, അസ്വസ്ഥതയാണ് എല്ലാറ്റിനുമുള്ള ഏറ്റവും നല്ല പ്രതിവിധി. പാപ്പയുടെ ആ വാചകങ്ങള്‍ ആശ്ചര്യപ്പെടുത്തുന്നതും ആശ്വാസപ്പെടുത്തുന്നതുമായി മറ്റനേകരെ പോലും എനിക്കും അനുഭവപ്പെട്ടു.
‘ഭയപ്പെടേണ്ട, ധൈര്യമായിരിക്കുക, നമ്മള് സ്നേഹിക്കപ്പെടുന്നുവെന്ന് അറിഞ്ഞുകൊണ്ട് മുന്നോട്ട് പോകുക…’ ഒപ്പം തന്നോടൊപ്പം ആവര്‍ത്തിക്കാന്‍ അദ്ദേഹം യുവാക്കളോട് ആഹ്വാനം ചെയ്തു: ‘ദൈവം നമ്മെ സ്നേഹിക്കുന്നു’ ആ വാചകവും യുവാക്കള്‍ ഹൃദയത്തില്‍ സ്വീകരിച്ച് ആവര്‍ത്തിച്ചു. ‘ദൈവം നമ്മെ സ്നേഹിക്കുന്നു’
പാപ്പയുടെ ആശീര്‍വാദത്തോടും കൂടി ആരാധനക്രമ ചടങ്ങുകള്‍ സമാപിച്ചു. സമാപനത്തിനായി, അവതാരകര്‍ സുവിശേഷ വായനയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഒരു നൃത്തരൂപം അവതരിപ്പിച്ചു. ‘പോകൂ… ഞാന്‍ നിങ്ങളെ അയക്കുന്നു… ദൈവരാജ്യം നിങ്ങളുടെ അടുക്കല്‍ വന്നിരിക്കുന്നു.’ എന്നായിരുന്നു അതിന്റെ സന്ദേശം.
ഉദ്ഘാടന ചടങ്ങിന്റെ സമാപനത്തില്‍ പരിശുദ്ധ പിതാവ് വേദിയില്‍ നിന്ന് ഇറങ്ങിയപ്പോള്‍, ലിസ്ബണിലെ എഡ്വേര്‍ഡ് ഏഴാമന് പാര്‍ക്ക് ഈ വര്‍ഷത്തെ ലോക യുവജനദിന ഗാനമായ ‘ഹാ പ്രെസ്സ നോ ആര്’ എന്ന ഗാനം ആലപിച്ചു.
ReplyForward |