ബിജെപി ഭരിക്കുന്ന മണിപ്പുരില്‍ ഒന്നരമാസമായി തുടരുന്ന വര്‍ഗീയ കലാപത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇനിയും ഒരു വാക്കു പോലും ഉരുവാടിയിട്ടില്ല. കലാപം ആളിപ്പടര്‍ന്ന് നാലാഴ്ചയ്ക്കുശേഷം സംസ്ഥാനം സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സമാധാന സമിതി, ജുഡീഷ്യല്‍ അന്വേഷണം, സിബിഐ അന്വേഷണം, നഷ്ടപരിഹാര പാക്കേജ്, അടിയന്തര ചരക്കുനീക്കം തുടങ്ങി ചില പ്രഖ്യാപനങ്ങള്‍ നടത്തി മടങ്ങിയതിനുശേഷവും രൂക്ഷമായ അക്രമസംഭവങ്ങളില്‍ ഇംഫാലില്‍ സംസ്ഥാന മന്ത്രിയുടെയും കേന്ദ്രമന്ത്രിയുടെയും വസതികളില്‍ വരെ തീവയ്പുണ്ടായി. ഗുജറാത്തിലും ഒഡീഷയിലും ഉണ്ടായ വര്‍ഗീയ കലാപങ്ങള്‍ക്കു സമാനമായ ഗൂഢലക്ഷ്യങ്ങളോടെയാണ് മണിപ്പുരില്‍ കുക്കി ഗോത്രവര്ഗത്തിനെതിരേ അതിശക്തമായ വിദ്വേഷപ്രചാരണം നടത്തി ക്രൈസ്തവ സമൂഹത്തെ ഉന്മൂലനം ചെയ്യാനുള്ള കരുനീക്കങ്ങള്‍ ശക്തമാക്കുന്നത്. സ്ഥിതിഗതികള്‍ മോശമാകുന്ന സാഹചര്യത്തില്‍ ഇംഫാലിലെ റോമന്‍ കത്തോലിക്കാ അതിരൂപതയിലെ ആര്‍ച്ച്ബിഷപ് ഡോ. ഡോമനിക് ലുമോന്‍ അവതരിപ്പിക്കുന്ന വസ്തുതാ റിപ്പോര്‍ട്ടില്‍ നിന്ന്:
മണിപ്പുരില്‍ ഒന്നരമാസമായി തുടരുന്ന ഭ്രാന്തമായ ആക്രമണങ്ങള്‍ക്ക് അറുതിവരുത്തുന്നതിലും നിയമവാഴ്ച പുനഃസ്ഥാപിക്കുന്നതിലും സംസ്ഥാനത്തെയും കേന്ദ്രത്തിലെയും തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. സംസ്ഥാനത്ത് ഭരണഘടനാ മെഷിനറി പാടേ തകര്‍ന്നിരിക്കുകയാണ്. രാഷ്ട്രപതി ഭരണം പ്രഖ്യാപിക്കാത്തതെന്താണെന്നാണ് ഏറ്റവും പ്രസക്തമായ ചോദ്യം. സംസ്ഥാനം ഒരിക്കലും കണ്ടിട്ടില്ലാത്ത തോതിലുള്ള അക്രമം കഴിഞ്ഞ മേയ് മൂന്നിന് ആളിപ്പടര്‍ന്നതാണ്. 45 ദിവസം പിന്നിട്ടിട്ടും അക്രമവും കൊള്ളിവയ്പും അനിയന്ത്രിതമായി തുടരുകയാണ്, വിശേഷിച്ച് സംസ്ഥാനത്തെ ഇംഫാല്‍ താഴ് വരയുടെ പ്രാന്തങ്ങളില്‍.
വിലയേറിയ എണ്ണമറ്റ ജീവനുകള്‍ നഷ്ടപ്പെട്ടു. വീടുകളും ഗ്രാമങ്ങളും തീയിടുകയും നശിപ്പിക്കപ്പെടുകയും ചെയ്തു. വസ്തുവകകള്‍ വ്യാപകമായി കൊള്ളയടിക്കപ്പെട്ടു. ആരാധനാലയങ്ങള്‍ ആക്രമിച്ച് പങ്കിലമാക്കുകയും ചുട്ടെരിക്കുകയും ചെയ്തു. അന്‍പതിനായിരത്തിലേറെ പേര് ഭവനരഹിതരായി ദുരിതാശ്വാസ ക്യാമ്പുകളിലും അഭയം നല്കിയ വീടുകളിലും മറ്റുമായി കഴിയുകയാണ്. ഒട്ടേറെപ്പേര്‍ സംസ്ഥാനം വിട്ട് സുരക്ഷിതമായ സ്ഥലങ്ങള്‍ തേടി മിസോറമിലേക്കും മറ്റ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേക്കും ഡല്‍ഹി, കൊല്‍ക്കത്ത തുടങ്ങിയ നഗരങ്ങളിലേക്കും പലായനം ചെയ്തു. സംസ്ഥാനത്ത് ഭരണസംവിധാനം പൂര്‍ണമായും തകര്‍ന്നിരിക്കുന്നു. കൊടുംഭീതിയിലും അനിശ്ചിതത്വത്തിലും അരക്ഷിതാവസ്ഥയിലും നിസ്സഹായരും പ്രത്യാശനഷ്ടപ്പെട്ടവരുമായി കഴിയുകയാണ് ജനങ്ങള്‍.
കലാപത്തില്‍ ജീവന് നഷ്ടപ്പെട്ടവരുടെ എണ്ണം ഔദ്യോഗികമായി സ്ഥിരീകരിച്ചതിനെക്കാള്‍ വളരെ അധികമാണ്. നൂറോളം പേര് കൊല്ലപ്പെട്ടതായാണ് വാര്‍ത്താമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ തലസ്ഥാന നഗരത്തിനു വെളിയില്‍ പ്രാന്തപ്രദേശങ്ങളിലുണ്ടായ അതിക്രമങ്ങളുടെ യഥാര്‍ഥ ചിത്രം ഇനിയും പൂര്‍ണമായി വെളിപ്പെട്ടിട്ടില്ല. ഇന്റര്‍നെറ്റ് ബന്ധങ്ങള്‍ വിച്ഛേദിക്കപ്പെട്ട സാഹചര്യത്തില്‍ ഡേറ്റ പങ്കുവയ്ക്കലും സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് വഴിയുള്ള ആശയവിനിമയവും അസാധ്യമായതിനാല്‍ വിവരശേഖരണം ദുഷ്കരമാണ്. മലയോരങ്ങളിലെ നിരവധി ഗ്രാമങ്ങളില്‍ വ്യാപകമായ ആക്രമണവും കൊള്ളയും കൊള്ളിവയ്പുമുണ്ടായിട്ടുണ്ട്. ആയിരകണക്കിന് ആളുകള്‍ വീടുകളില്‍ നിന്ന് തുരത്തപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ അഭയം തേടിയിരിക്കയാണ്.
അതിക്രമങ്ങളിലുണ്ടായ കെടുതികളുടെ വ്യാപ്തി അമ്പരപ്പിക്കുന്നതാണ്. ശതകോടികളുടെ നാശനഷ്ടങ്ങളുടെ കണക്ക് ഇനിയും തിട്ടപ്പെടുത്താനായിട്ടില്ല. ഒട്ടേറെ ജനങ്ങള്‍, വിശേഷിച്ച് വിദ്യാര്‍ഥി സമൂഹം, തലസ്ഥാന നഗരമായ ഇംഫാലില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതരായിരിക്കുന്നു.
45 ദിവസങ്ങള്‍ പിന്നിട്ടിട്ടും ഇപ്പോഴും ഇംഫാല്‍ നഗരത്തിന്റെ ഹൃദയഭാഗത്ത് വീടുകള്‍ക്കു തീയിട്ടുകൊണ്ടിരിക്കയാണ്.
ക്രമസമാധാന പാലനത്തിന് കേന്ദ്ര സായുധസേന സംസ്ഥാന ഗവണ്മെന്റിനെ സഹായിക്കുന്നുണ്ട്. അതേസമയം സായുധ സേനയ്ക്കെതിരെ പ്രതിഷേധവും ശക്തമാണ്. കേന്ദ്രസേന തിരിച്ചുപോകണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. അസം റൈഫിള്സിനോടാണ് ഏറ്റവും ശക്തമായ എതിര്‍പ്പ്.
സംസ്ഥാന പൊലീസിന് താങ്ങാനാവാത്തവണ്ണം അടിയന്തര സഹായത്തിനായുള്ള മുറവിളികള്‍ പെരുകിയതാണോ അതോ അവര്‍ അക്രമകാരികള്‍ക്ക് കൂട്ടുനില്‍ക്കുകയായിരുന്നോ എന്ന് ഇനിയും വ്യക്തമായി പറയാറായിട്ടില്ല. അക്രമസംഭവങ്ങള്‍ അരങ്ങേറിയപ്പോള്‍ സുരക്ഷാ സേനാംഗങ്ങള്‍ അത്യാവശ്യമായി എത്തേണ്ടിയിരുന്ന സ്ഥലങ്ങളിലൊന്നും പ്രത്യക്ഷപ്പെട്ടില്ല എന്നത് അസ്വാസ്ഥ്യജനകമാണ്. ആത്മാര്ഥതയുണ്ടായിരുന്നെങ്കില്, അതിക്രമങ്ങള്‍ നടന്ന ഒരിടത്തെങ്കിലും സ്ഥിതിഗതികള്‍ കൈവിട്ടുപോകാതെ പ്രതിരോധം തീര്‍ക്കാന്‍ സംസ്ഥാന പൊലീസിന് ദീര്‍ഘസമയം കഴിയാതെ പോയത് എന്തുകൊണ്ടാണ്? സംഘര്‍ഷസാധ്യതയുള്ള സ്ഥലങ്ങളില്‍ സംഘാതമായ ആക്രമണശ്രമങ്ങള്‍ നടന്നുകഴിഞ്ഞിട്ടും സംരക്ഷണ നടപടികള്‍ സ്വീകരിക്കാതിരുന്നത് എന്തുകൊണ്ടാണ്?
ഇടയ്ക്കിടെ അനിയന്ത്രിതമായി അക്രമം തുടരുന്ന പ്രാന്തപ്രദേശങ്ങളില്‍ അക്രമകാരികളായ ജനക്കൂട്ടം സംസ്ഥാന പൊലീസിനൊപ്പമാണ് മാര്‍ച്ചു ചെയ്യുന്നത്. ജനക്കൂട്ടം വീടുകള്‍ കൊള്ളയടിക്കുകയും അവയ്ക്കു തീവയ്ക്കുകയും ചെയ്യുമ്പോള്‍ പൊലീസ് വെറുതെ നോക്കിനില്‍ക്കുകയാണ്.
ഇംഫാലിലും മറ്റു ജില്ലകളിലും സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ തുടരുകയാണ്. ദിവസത്തില്‍ ഏതാനും മണിക്കൂര്‍ മാത്രമാണ് കര്‍ഫ്യുവില്‍ അയവ് അനുവദിക്കുന്നത്. അവശ്യവസ്തുക്കള്‍ ഉള്‍പ്പെടെയുള്ള ചരക്കുനീക്കം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനത്തേക്ക് അവശ്യസാധനങ്ങള്‍ എത്തിക്കാനുള്ള പ്രധാന ഹൈവേകളില്‍ രണ്ടെണ്ണം കുക്കി ഭൂരിപക്ഷ മേഖലയിലൂടെയാണ് കടന്നുവരുന്നത്. ഈ ഹൈവേകളില്‍ സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരിക്കയാണ്. അവശ്യവസ്തുക്കളുമായി ചരക്കുവാഹനങ്ങള്‍ ഈ ഹൈവേകളിലൂടെ സുരക്ഷാ അകമ്പടിയില്ലാതെ ഇംഫാലില്‍ എത്തുക അസാധ്യമാണ്. ഇതുമൂലം നിത്യോപയോഗ സാധനങ്ങള്‍ക്ക് കടുത്ത ക്ഷാമവും വിലക്കയറ്റവും തുടരുന്നു. ചുര്‍ചാന്ദ്പൂര്‍, ചന്ദേല്‍ ജില്ലകളിലേക്കുള്ള അവശ്യവസ്തുക്കളുടെ സപ്ലൈ കനത്ത പ്രതിസന്ധിയിലാണ്. ഈ മേഖലയില്‍ ദുരിതാശ്വാസം ഏറെ ദുഷ്കരമായിരിക്കുന്നു.
മതസംഘര്‍ഷത്തിന്റെ മാനങ്ങള്‍
പ്രാഥമികമായി മതത്തിന്റെ പേരിലുള്ള സംഘര്‍ഷമായി ഇതിനെ ചിത്രീകരിക്കുന്നത് ശരിയല്ല. എങ്കിലും മെയ്തെയ് വിഭാഗവും കുക്കികളും തമ്മിലുള്ള വംശീയ സംഘര്‍ഷത്തില്‍ വളരെ ആസൂത്രിതമായും കാര്യക്ഷമമായും ക്രൈസ്തവ ജനസമൂഹത്തെ ലക്ഷ്യം വച്ച് ആക്രമണങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു എന്നത് യാഥാര്‍ഥ്യമാണ്.
നൂറുകണക്കിന് ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടു. മോരേ, ചുരാചാന്ദ്പുര്‍, കാങ്പോക്പി എന്നിവിടങ്ങളില്‍ ഏതാനും മെയ്തെയ് ക്ഷേത്രങ്ങള്‍ക്കു നേരെയും ആക്രമണമുണ്ടായിട്ടുണ്ട്.
മെയ്തെയ് വിഭാഗത്തില്‍ പെട്ട ക്രിസ്ത്യാനികളുടെ 249 ദേവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. അക്രമസംഭവങ്ങള്‍ തുടങ്ങി 36 മണിക്കൂറിനിടെയാണ് മെയ്തെയ് ഹൃദയഭൂമിയില്തന്നെ ഇത്രയും ദേവാലയങ്ങള്‍ ഏറ്റം സൂക്ഷ്മതയോടെ ആക്രമിക്കപ്പെട്ടത് എന്നോര്‍ക്കണം.
മുന്‍കൂട്ടി ആസൂത്രണം ചെയ്യാതെ ഇത്ര കൃത്യമായി താഴ് വാരത്തെ മെയ്തെയ് ഭൂരിപക്ഷ മേഖലയില്‍ മെയ്തെയ് ക്രൈസ്തവരുടെ ദേവാലയങ്ങള്‍ ഒന്നൊന്നായി തകര്‍ക്കപ്പെടുമോ?
മലയോരങ്ങളിലെ ഇരുന്നൂറിലേറെ കുക്കി ഗ്രാമങ്ങളില്‍ ആക്രമണമുണ്ടായതില്‍ ഓരോ ഗ്രാമത്തിലും ഒന്നിലേറെ ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്.
മണിപ്പുരിലെ സനമാഹി എന്ന പുരാതന വിശ്വാസപാരമ്പര്യം പുനരുജ്ജീവിപ്പിക്കാന്‍ മെയ്തെയ് സമൂഹത്തിലെ ഒരു വിഭാഗം തീവ്രശ്രമങ്ങള്‍ നടത്തിവരികയാണ്. അരാംബായി തേങ്ഗോല്, മൈതെയ് ലേപുന് എന്നീ തീവ്രവാദ സായുധസംഘങ്ങള്‍ സനമാഹി പാരമ്പര്യം സംരക്ഷിക്കുമെന്ന് സത്യപ്രതിജ്ഞയെടുക്കാന് ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് വിപുലമായ തോതില്‍ പൊതുപരിപാടികള്‍ സംഘടിപ്പിക്കുകയും എന്തുവിലകൊടുത്തും ക്രൈസ്തവ വിശ്വാസവ്യാപനം തടയുമെന്ന് പ്രഖ്യാപിക്കുകയും ചെയ്യുന്നുണ്ട്.
തങ്ങളുടെ പുരാതന വിശ്വാസപാരമ്പര്യങ്ങളിലേക്കു മടങ്ങിയില്ലെങ്കില്‍ വലിയ ഭവിഷ്യത്ത് നേരിടേണ്ടിവരുമെന്ന് മെയ്തെയ് ക്രൈസ്തവര്‍ക്ക് ചിലര്‍ മുന്നറിയിപ്പുനല്കുന്നതായി റിപ്പോര്‍ട്ടുണ്ട്. തകര്‍ക്കപ്പെട്ട ആരാധനാലയങ്ങള്‍ പുനര്‍നിര്‍മിക്കരുതെന്ന് പല പാസ്റ്റര്‍മാര്‍ക്കും താക്കീതു ലഭിച്ചിട്ടുണ്ട്. ന്യൂനപക്ഷങ്ങളെ നിശബ്ദരാക്കാന്‍ ആസൂത്രിത ശ്രമങ്ങള്‍ നടക്കുന്നു. ഇത് ‘ഘര്‍വാപസി’ തന്നെയല്ലേ?
ഗുജറാത്തിലും ഒഡീഷയിലെ കന്ദമാലിലുമുണ്ടായ കലാപങ്ങള്‍ക്കു സമാനമായ മൂന്നാമതൊരു ഘടകം ഇവിടെയും വളരെ പ്രകടമാണ്. ലഹരിമരുന്നിനെതിരായുള്ള യുദ്ധം, വിഘടനവാദികളായ സായുധവിഭാഗങ്ങള്ക്കെതിരായ ഓപ്പറേഷന്, മ്യാന്മറില് നിന്നുള്ള അനധികൃത കുടിയേറ്റക്കാര്‍ക്കെതിരായ പോരാട്ടം എന്നിങ്ങനെയുള്ള ആഖ്യാനങ്ങളുടെ മറപിടിച്ച് നടത്തുന്ന അതിക്രമങ്ങള്‍ക്കിടയില്‍ മതപരമായ അസഹിഷ്ണുതയുടെ ഭയാനകമായ അടിയൊഴുക്കുകള്‍ എത്ര ശക്തമാണെന്ന് ഇരകളുടെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നു. ഒരു ജനവിഭാഗത്തിനെതിരെ സുസംഘടിതമായ വിദ്വേഷപ്രചാരണം നടക്കുന്നതിനിടയില്‍ ക്രൈസ്തവ മതത്തിനെതിരെയുള്ള ആക്രമണങ്ങള്‍ക്ക് അതീവ സൂക്ഷ്മതയോടെ കളമൊരുങ്ങുകയാണ്.
പലയിടങ്ങളിലും കുക്കികളെ സംരക്ഷിക്കുന്നു എന്ന ആരോപണമുന്നയിച്ചായിരുന്നു ആക്രമണം. വീടുകളില്‍ കയറി ഓരോരുത്തരുടെയും തിരിച്ചറിയല്‍ രേഖകള്‍ വീണ്ടും വീണ്ടും പരിശോധിച്ച് ഓരോ മുറിയും അരിച്ചുപെറുക്കി നോക്കി തങ്ങള്‍ അന്വേഷിക്കുന്നവര്‍ ഇല്ലെന്ന് ബോധ്യപ്പെട്ട ഇടങ്ങളും ജനക്കൂട്ടം തച്ചുതകര്ക്കുന്നുണ്ടായിരുന്നു.
നിലവിലെ സംഘര്‍ഷത്തിന് വഴിതെളിച്ച കാര്യങ്ങളുമായി ഒരു ബന്ധവുമില്ലാത്ത ദേവാലയങ്ങളും ആക്രമിക്കപ്പെട്ടു. ഒരു വിഭാഗം ബോധപൂര്‍വം, പ്രത്യേക ലക്ഷ്യത്തോടെ ദേവാലയങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നത് വ്യക്തമാണ്. പല ഭാഗങ്ങളിലും മെയ്തെയ് ക്രൈസ്തവരുടെ ആരാധനാലയങ്ങള്‍ക്കു തീവച്ചപ്പോള്‍, സംസ്ഥാനത്ത് ചിലയിടങ്ങളില്‍ മെയ്തെയ് ക്ഷേത്രങ്ങള്‍ ആക്രമിച്ചതിനോടുള്ള പ്രതികാരമായി അതിനെ വ്യാഖ്യാനിച്ചവരുണ്ട്. എന്നാല്‍ സംഘര്‍ഷവുമായി ഒരു ബന്ധവുമില്ലാത്ത ഒട്ടേറെ ദേവാലയങ്ങള്‍ക്കു നേരെയുണ്ടായ സംഘടിത ആക്രമണങ്ങള്‍ തെളിയിക്കുന്നത് മെയ്തെയ് സംസ്കാരവും പാരമ്പര്യവും ആചാരാനുഷ്ഠാനങ്ങളും തദ്ദേശീയരുടെ പുരാതന മതവിശ്വാസവും സംരക്ഷിക്കാനെന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ചില തീവ്രവാദി വിഭാഗങ്ങളുടെ ശക്തവും സമൂര്‍ത്തവുമായ പങ്കാണ്. ദേവാലയങ്ങള്‍ക്കും ഹോസ്റ്റലുകള്‍ക്കും നേരെ തുടര്‍ച്ചയായി ഉണ്ടായ ആക്രമണങ്ങള്‍ക്കു പിന്നിലെ ഗൂഢലക്ഷ്യം അത്യന്തം ഭീതിജനകമാണ്.
അക്രമികള്‍ വീടുകള്‍ കൊള്ളയടിച്ചശേഷം തീവയ്ക്കുന്നതായിരുന്നു മിക്കയിടത്തെയും മോഡസ് ഓപ്പരാന്തി. തീവയ്ക്കാത്ത ഇടങ്ങളില്‍ പല ദിവസങ്ങളിലായി കൊള്ള തുടര്‍ന്നു. ഇത്തരം ആസൂത്രിത ആക്രമണങ്ങള്‍ പൊടുന്നനെ സംഭവിച്ചതാണെന്നു വിശ്വസിക്കുക പ്രയാസമാണ്. കൊടുങ്കാറ്റുപോലെയാണ് കലാപം ആളിപ്പടര്ന്നതെങ്കിലും ആക്രമണങ്ങള്‍ മുന്‍കൂട്ടി കൃത്യമായി ആസൂത്രണം ചെയ്തതുപോലെയാണ് അരങ്ങേറിയത്. സംസ്കാര സംരക്ഷണത്തിന്റെ പേരില്‍ ക്രിസ്തുമതത്തിന്റെ നിലനില്പു ഭംഗപ്പെടുത്തുക എന്ന തീവ്ര മതാന്ധതയുടെ ലക്ഷണങ്ങള്‍ വളരെ പ്രകടമായിരുന്നു.
തകര്‍ക്കപ്പെട്ട കത്തോലിക്കാ ദേവാലയങ്ങളും സ്ഥാപനങ്ങളും
ഇരുഭാഗത്തെയും വീടുകളും വസ്തുവകകളും വ്യാപകമായി നശിപ്പിക്കപ്പെട്ടിട്ടുണ്ട്. വിധ്വംസനവും കിരാതവാഴ്ചയുമാണെവിടെയും. പലയിടങ്ങളിലും പട്ടാപ്പകല്‍ വീടുകളും കടകളും വസ്തുവകകളും കൊള്ളയടിക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു. താഴ് വാരത്ത് പലയിടങ്ങളിലും സ്വകാര്യ വസ്തുവകകള്‍ക്കൊപ്പം നിരവധി ദേവാലയങ്ങള്ക്കുനേരെയും ആക്രമണമുണ്ടായി. പത്തിടങ്ങളിലെങ്കിലും ജനങ്ങള്‍ സംഘംചേര്‍ന്നെത്തി കത്തോലിക്കാ പള്ളികളും സ്ഥാപനങ്ങളും ആക്രമിച്ചു.
മെയ്തെയ്, കബുയി, ടാങ്ഖുല്, പെയ്തെ തുടങ്ങി മണിപ്പുരിലെ വിവിധ സാമുദായിക വിഭാഗങ്ങള്‍ അംഗങ്ങളായുള്ള ഇംഫാലിലെ സാങ്ഗായ്പ്രോ സെന്റ് പോള്‍സ് ഇടവകയിലെ പള്ളി കഴിഞ്ഞ മേയ് മൂന്നിനും നാലിനുമിടയില്‍ കത്തിച്ചു ചാമ്പലാക്കി. മേയ് മൂന്നിന് രാത്രി എട്ടരയോടെ ഒരുകൂട്ടം ആളുകള്‍ പള്ളി അടിച്ചുതകര്‍ക്കാന്‍ തുടങ്ങി. വാതിലുകളും ജന്നലുകളും തിരുസ്വരൂപങ്ങളും ക്രൂശിതരൂപവും സൗണ്ട് സിസ്റ്റവും സംഗീതോപകരണങ്ങളും ഇരിക്കാനും മുട്ടുകുത്തിപ്രാര്ഥിക്കാനുമുള്ള പ്യൂസ് അടക്കം ദേവാലായത്തിനുള്ളില് ഉണ്ടായിരുന്ന ഉരുപ്പടികളൊക്കെ തകര്‍ത്തു; അള്‍ത്താരയ്ക്കു തീവച്ചു. പള്ളിവളപ്പില്‍ തന്നെയുള്ള പാസ്റ്ററല്‍ ട്രെയ്നിങ് സെന്ററില്‍ താമസിച്ച് ഉപദേശികളായി പരിശീലനം നേടുന്നവരാണ് തീയണച്ചത്. പിറ്റേന്ന് ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് വീണ്ടും ജനക്കൂട്ടമെത്തി പാസ്റ്ററല്‍ ട്രെയ്നിങ് സെന്ററിലെ അടുക്കളയില്‍ നിന്ന് പാചകവാതക സിലിണ്ടറുകള്‍ എടുത്തുകൊണ്ടുവന്ന് പള്ളിക്കകത്ത് കൂട്ടിയിട്ടിരുന്ന മരത്തിന്റെ അകസാമാനങ്ങളും രൂപങ്ങളും തിരുവസ്തുക്കളും പ്രാര്‍ഥനാപുസ്തകങ്ങളും വിരികളുമൊക്കെ കൂട്ടിയിട്ട് തീയിട്ടു. ദേവാലയവും പാസ്റ്ററല്‍ ട്രെയ്നിങ് സെന്ററും കത്തിനശിച്ചു. ഇടവക വികാരി ഫാ. ഐസക്കും മെയ്തെയ് വംശജനായ സഹവികാരി ഫാ. ഇമ്മാനുവല്‍ കാന്തയും ഭീഷണിക്കു മുമ്പില്‍ നിസ്സഹായരായി നില്‍ക്കുകയായിരുന്നു.
മതബോധനത്തില്‍ രണ്ടുവര്‍ഷത്തെ ഡിപ്ലോമ കോഴ്സ് നടത്തുന്ന പാസ്റ്ററല്‍ ട്രെയ്നിങ് സെന്ററില്‍ നാലു വൈദികരും ഒരു ആനിമേറ്ററും ഒരു ഹോസ്റ്റല്‍ വാര്‍ഡനും പരിശീലനത്തിന് എത്തിയ 37 അല്മായ ഉപദേശിമാരും മൂന്ന് ജോലിക്കാരുമാണുണ്ടായിരുന്നത്. എല്ലാവരുടെയും തിരിച്ചറിയല്‍ രേഖകള്‍ അക്രമിസംഘം പലവട്ടം പരിശോധിച്ചു. ഇവിടെ കുക്കി വിഭാഗക്കാര്‍ ആരുംതന്നെയില്ലെന്ന് ഡയറക്ടറും അസിസ്റ്റന്റ് ഡയറക്ടറും ജനക്കൂട്ടത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഓരോ മുറിയിലും കയറിയിറങ്ങി അക്രമികള്‍ വിശദമായ പരിശോധന നടത്തി. അവര്‍ അന്വേഷിച്ചുവന്ന ആരെയും കണ്ടെത്താനായില്ല. കെട്ടിടത്തില്‍ നിന്ന് കൊള്ളയടിക്കാവുന്ന സാധനങ്ങളൊക്കെ എടുത്തുമാറ്റിയശേഷം അവര്‍ ഈ പരിശീലനകേന്ദ്രത്തിനു തീവച്ചു. സെന്റ് പോള്‍ ബോയ്സ് ഹോസ്റ്റലും കെട്ടിടത്തിലുണ്ടായിരുന്ന സാമഗ്രികളൊക്കെയും രണ്ടു വലിയ വാഹനങ്ങളും നാലു ബൈക്കും അഗ്നിക്കിരയാക്കി. ഇവിടെ വളര്‍ത്തിയിരുന്ന നൂറുകണക്കിന് കോഴി, താറാവ്, പന്നി, കുളത്തിലെ മീന്‍ തുടങ്ങിയവയെല്ലാം അക്രമിസംഘം തട്ടിക്കൊണ്ടുപോയി.
ജനക്കൂട്ടം എത്തുന്നതിനു മുന്‍പ് സമീപത്തുണ്ടായിരുന്ന പൊലീസ് സംഘം അതിക്രമങ്ങള്‍ നടക്കുമ്പോള്‍ അപ്രത്യക്ഷരായി. എമര്‍ജന്‍സി നമ്പറുകളിലേക്ക് വിളിച്ചപ്പോഴൊന്നും പ്രതികരണമുണ്ടായില്ല. ആദ്യത്തെ ആക്രമണം നടന്നതിനുശേഷവും സുരക്ഷയൊരുക്കാന്‍ ആരുമെത്തിയില്ല. എല്ലാം കഴിഞ്ഞപ്പോള്‍ 24 മണിക്കൂറും പൊലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഫാലിലെ കാഞ്ചിപുര്‍ ഹോളി റിഡീമര്‍ ഇടവകപള്ളിയുടെ കവാടങ്ങള്‍ തല്ലിത്തകര്‍ത്ത് മേയ് മൂന്നിന് രാത്രി എട്ടരയോടെ ഇരുമ്പുബാറുകളും മരപ്പലകകളും കരിങ്കല്ലുമൊക്കെയായി ഒരുകൂട്ടം ആളുകള്‍ പള്ളിയും വൈദികമന്ദിരവും കൊള്ളയടിച്ചു. മൂന്നുനാല് പൊലീസുകാര്‍ ഉണ്ടായിരുന്നെങ്കിലും അവര്‍ക്ക് ജനക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. വാതിലുകളും ജന്നലുകളും പള്ളിക്കത്തുണ്ടായിരുന്ന തിരുസ്വരൂപങ്ങളും പുണ്യവസ്തുക്കളും ആരാധനാസാമഗ്രികളും മറ്റ് ഉരുപ്പടികളുമെല്ലാം തല്ലിപ്പൊളിച്ചതിനുശേഷം അവര്‍ ദേവാലയത്തിനു തീവച്ചു.
കാക്ചിങ് ഖുനോവിലെ ഹോളി ക്രോസ് മിഷന് സെന്ററിലെ ദേവാലയത്തില്‍ അക്രമിസംഘം എത്തിയത് മേയ് നാലിനാണ്. വാതിലുകളും ജന്നലുകളും തിരുകര്‍മങ്ങള്‍ക്കായി എത്തുന്നവര്‍ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഇരിപ്പിടങ്ങളും വിശുദ്ധവസ്തുക്കളും മറ്റും അടിച്ചുതകര്‍ത്തു. ബലിപീഠവും പ്രസംഗപീഠവും തിരുസ്വരൂപങ്ങളും സൗണ്ട് സിസ്റ്റവും മറ്റും വലിച്ച് പള്ളിക്കുവെളിയിലിട്ട് തീകൊളുത്തി.
ഇംഫാലില്‍ ഗെയിംസ് വില്ലേജിലെ മേരി ഇമ്മാക്കുലേറ്റ് ദേവാലയം മേയ് നാലിന് ജനക്കൂട്ടം തീവച്ചുനശിപ്പിച്ചു. കുക്കി ഗോത്രവര്‍ഗക്കാരാണ് അധികമെങ്കിലും എല്ലാ സമൂഹക്കാരും തിരുകര്‍മങ്ങള്‍ക്ക് എത്തുന്ന പള്ളിയാണിത്. ചുറ്റുവട്ടത്ത് മറ്റു ക്രൈസ്തവ വിഭാഗങ്ങളുടെ ആരാധനാലയങ്ങളും ഇക്കൂട്ടത്തില്‍ നശിപ്പിക്കപ്പെട്ടു.
തൗബാല്‍ ജില്ലയിലെ സലൂങ്ഫാമില് നിരവധി ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ട കൂട്ടത്തില്‍ സെന്റ് മേരീസ് കത്തോലിക്കാ കപ്പേളയും കൊള്ളിവയ്ക്കപ്പെട്ടു. ആറേഴ് കത്തോലിക്കാ കുടുംബങ്ങള്‍ മാത്രമാണ് ഈ ഗ്രാമത്തിലുള്ളത്.
യരീരിപോക്കിലെ തിരുഹൃദയ ഇടവക ദേവാലയത്തിനു നേരെ പലവട്ടം സംഘടിത ആക്രമണമുണ്ടായി. ജെസിബി മെഷീനുമായാണ് ആദ്യം ഒരുകൂട്ടം ആളുകള്‍ ഗേറ്റ് ഇടിച്ചുതകര്‍ത്ത് പള്ളി പൊളിക്കാനായി നീങ്ങിയത്. പ്രദേശത്തെ ഗ്രാമമുഖ്യനും ജില്ലാ പരിഷത്ത് അംഗങ്ങളും ഇടപെട്ട് സമാധാനത്തിനു ശ്രമിച്ചതിനെ തുടര്‍ന്നാണ് ജനക്കൂട്ടം പിരിഞ്ഞുപോയത്. മെയ്രാ പെയ്ബി എന്നറിയപ്പെടുന്ന വനിതാകൂട്ടായ്മ പിന്നീട് നിതാന്ത ജാഗ്രതയോടെ പള്ളിക്ക് കാവലിരിക്കുകയാണ്.
കലാപകാരികളില്‍ നിന്ന് രക്ഷതേടി നിരവധി ആളുകള്‍ അഭയം തേടിയിരുന്ന സാങ്ഗായ്പ്രോവിലെ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്കൂളിനു നേരെ ആക്രമണമുണ്ടാകുമെന്ന ശക്തമായ ഭീഷണിയെ തുടര്‍ന്ന് മേയ് അഞ്ചിന് ഇംഫാല്‍ വെസ്റ്റ് ജില്ലാ കലക്ടറുടെയും പൊലീസ് സൂപ്രണ്ടിന്റെയും സാന്നിധ്യത്തില്‍ സുരക്ഷാസേന അഭയാര്‍ഥികളെ അവിടെ നിന്ന് ഒഴിപ്പിച്ചു. അതിനു തൊട്ടുപിന്നാലെ ഒരുകൂട്ടം ആളുകള്‍ സ്കൂള്‍ ക്യാമ്പസില്‍ അതിക്രമിച്ചുകയറി.
സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസസ്ഥാപനമെന്ന് ഖ്യാതിയുള്ള ഈ സ്കൂള്‍ നശിപ്പിക്കരുതെന്ന് പ്രദേശത്തെ സ്ത്രീകള്‍ അവരോട് യാചിച്ചുകൊണ്ടിരുന്നു.
സ്കൂളിന്റെ ജന്നലുകളും മറ്റും അടിച്ചുതകര്‍ത്ത അക്രമിസംഘം ഹോസ്റ്റലിലും പ്രിന്‍സിപ്പലിന്റെ മുറിയിലും കയറി അവിടെ ഉണ്ടായിരുന്നതൊക്കെ കൊള്ളയടിച്ചു. ജൂണ്‍ 13ന് വീണ്ടും സംഘംചേര്‍ന്ന് എത്തിയ അക്രമകാരികള്‍ സ്കൂളില്‍ കുക്കി ഗോത്രക്കാര്‍ ഒളിച്ചുകഴിയുന്നുണ്ടോ എന്ന് പരിശോധിച്ചു. അപ്പോള്‍ ദ്രുതകര്‍മസേന അവിടെ ക്യാംപ് ചെയ്യുകയായിരുന്നു. മറ്റാരും അവിടെയില്ല എന്ന് ഉറപ്പുവരുത്തിയാണ് ജനക്കൂട്ടം മടങ്ങിപ്പോയത്. സ്കൂള്‍ വളപ്പില്‍ നിന്ന് ഒരു ഗ്രനേഡ് കണ്ടെത്തുകയുണ്ടായി. സംഘര്‍ഷസാധ്യത മുന്‍നിര്‍ത്തി കനത്ത സുരക്ഷാസന്നാഹങ്ങള്‍ ജില്ലാ ഭരണകൂടവും പൊലീസും ഒരുക്കിയിട്ടും ഇവിടെ ജനക്കൂട്ടം പലവട്ടം അതിക്രമത്തിനു മുതിര്‍ന്നുവെന്നത് ആശങ്കാജനകമാണ്. ദ്രുതകര്‍മസേനയ്ക്കു പിന്നാലെ അതിര്‍ത്തിരക്ഷാസേന (ബിഎസ്എഫ്) ഇപ്പോള്‍ ഈ സ്കൂളില്‍ ക്യാമ്പ് ചെയ്യുകയാണ്.
വാങ്ഖേയിലെ സെന്റ് ജോര്‍ജ് ഹൈസ്കൂളില്‍ മേയ് നാലിന് രാത്രി എട്ടരയോടെ അഞ്ചെട്ടുപേര് എത്തി അവിടെ കുക്കിഗോത്രക്കാരുണ്ടോ എന്ന് അന്വേഷിച്ചു. പൊലീസിനെ വിളിച്ചപ്പോഴേക്കും സംഘം തിരിച്ചുപോയി. പിറ്റേന്ന് ഉച്ചതിരിഞ്ഞ് മൂന്നരയോടെ അറുപതോളം ആളുകള്‍ ഗേറ്റ് തകര്‍ത്ത് അകത്തുകടന്ന് സിസിടിവി കാമറ നശിപ്പിച്ചു. അവര്‍ തിരഞ്ഞുകൊണ്ടിരുന്ന ആളുകള്‍ സ്കൂളില്‍ ഇല്ലായിരുന്നു. പ്രദേശവാസികളും പൊലീസ് സംഘവും ഇടപെട്ടതിനെ തുടര്‍ന്നാണ് അക്രമോത്സുകരായെത്തിയ ആളുകള്‍ മടങ്ങിപ്പോയത്. സ്കൂളിന്റെ ചുമതല വഹിക്കുന്ന സന്ന്യാസിനിമാര്‍ ഭയാശങ്കകളോടെ ഒരാഴ്ച കോണ്‍വെന്റില്‍ നിന്ന് മാറിനിന്നു.
ഇംഫാല്‍ രൂപതയിലെ ആദ്യ ഇടവകകളിലൊന്നായ സുഗ്നുവിലെ സെന്റ് ജോസഫ് പള്ളിക്കും അവിടെ സേവനം ചെയ്യുന്ന എഫ്സിസി കോണ്‍വെന്റിനും നേരെ ആക്രമണമുണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് മേയ് 28ന് ഇടവക വികാരിയെയും കന്യാസ്ത്രീമാരെയും സുരക്ഷിതകേന്ദ്രങ്ങളിലേക്കു മാറ്റി. ജൂണ്‍ നാലിന് മെയ്തെയ് വിഭാഗക്കാരായ ആളുകള്‍ കൂട്ടത്തോടെയെത്തി ദേവാലയവും വൈദികരുടെ വസതിയും സ്കൂളും കമ്യൂണിറ്റി ഹാളും വിദ്യാര്‍ഥികളുടെ ഹോസ്റ്റലും തകര്‍ത്തു. കുറച്ച് അകലെയുള്ള എഫ്സിസി കോണ്‍വെന്റിനു നേരെയും ആക്രമണമുണ്ടായി. സാധാനങ്ങളെല്ലാം കൊള്ളയടിച്ചാണ് ജനക്കൂട്ടം മടങ്ങിയത്. ഇപ്പോള്‍ സംസ്ഥാന പൊലീസ് കോണ്‍വെന്റില്‍ ക്യാമ്പുചെയ്യുകയാണ്.
ഇരുന്നൂറിലേറെ കുക്കി ഗ്രാമങ്ങളിലെ ക്രൈസ്തവ ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ഓരോ ഗ്രാമത്തിലും പല ക്രൈസ്തവ വിഭാഗങ്ങളുടേതായി ഒന്നിലേറെ ആരാധനാലയങ്ങളുണ്ട്. ചുട്ടെരിച്ച കുക്കി ഗ്രാമങ്ങളില്‍ നശിപ്പിക്കപ്പെട്ട കത്തോലിക്കാ ദേവാലയങ്ങളുടെ എണ്ണം ഇപ്പോഴും വ്യക്തമല്ല. ഗ്രാമങ്ങളില്‍ നിന്നു പലായനം ചെയ്തവരില്‍ നിന്ന് വിവരം ശേഖരിച്ചാലേ ദേവാലയങ്ങളുടെ നാശനഷ്ടങ്ങളുടെ വ്യാപ്തിയും കണക്കും മനസിലാക്കാനാകൂ.
അതിരൂപത നേരിടുന്ന വെല്ലുവിളികള്‍
കുക്കി ഗോത്രസമൂഹങ്ങളില്‍ നിന്നുള്ള വൈദികരെയും സന്ന്യസ്തരെയും കുക്കി വിഭാഗക്കാര്‍ അധിവസിക്കുന്ന മേഖലകളില്‍ മാത്രമേ നിയോഗിക്കാനാകൂ എന്ന സ്ഥിതിവിശേഷമാണ് ഇന്ന് നിലവിലുള്ളത്.
സുഗ്നുവിലെ സെന്റ് ജോസഫ് ഇടവകയുടെ ഭാവി അനിശ്ചിതത്വത്തിലാണ്. പ്രദേശത്തെ കത്തോലിക്കാവിശ്വാസികള്‍ എല്ലാവരുംതന്നെ പലായനം ചെയ്തിരിക്കയാണ്. അവര്‍ ജന്മനാട്ടിലേക്കു തിരിച്ചുവരുന്നില്ലെങ്കില്‍ ഇടവകയുടെ പുനരുജ്ജീവനം അവതാളത്തിലാകും.
ഇംഫാല്‍ നഗരത്തില്‍തന്നെ, മന്ത്രിപുഖ്രിയിലെ സെന്റ് ജോസഫ് കത്തീഡ്രല്‍ ഇടവക, സാങ്ഗായ്പ്രോയിലെ സെന്റ് പോള്‍സ് ഇടവക, ചിങ്മെയ് രോങ്ങിലെ മേരി ഇമ്മാക്കുലേറ്റ് ഇടവക, ലാംഫെലിലെ ഹോളി ട്രിനിറ്റി ഇടവക എന്നിവിടങ്ങളില്‍ സ്വന്തം വീടും വസ്തുവകകളും നഷ്ടപ്പെട്ടവര്‍ നിലവിലെ സാഹചര്യത്തില്‍ തിരിച്ചുവരാനുള്ള സാധ്യത വളരെ കുറവാണ്. വിശ്വാസിഗണത്തിന്റെ അഭാവത്തില്‍ ഈ ഇടവകകളുടെ ഭാവി അനിശ്ചിതത്വത്തിലാകും.
ഇപ്പോഴത്തെ അതിക്രമങ്ങളില്‍ അതിരൂപതയിലെ വസ്തുവകകള്‍ക്കുണ്ടായ നഷ്ടം 25 കോടി രൂപയിലേറെയാകുമെന്നാണ് കണക്കാക്കുന്നത്. ഗ്രാമങ്ങളിലെ കപ്പേളകളുടെ നാശനഷ്ടം ഇതില്‍ ഉള്‍പ്പെടുന്നില്ല.
നാടുവിട്ടുപോയ കത്തോലിക്കാ കുടുംബങ്ങളുടെ കണക്ക് കൃത്യമായി ലഭ്യമല്ല. വാസസ്ഥലങ്ങളില്‍ നിന്ന് തുരത്തപ്പെട്ട കുടുംബങ്ങളുടെ ജീവനോപാധികള്‍ നഷ്ടപ്പെട്ട അവസ്ഥയിലാണ്. ദിവസക്കൂലിക്ക് ജോലി ചെയ്യുന്നവരും സ്വയംതൊഴില്‍ ചെയ്തിരുന്നവരും അധ്യാപകരുമൊക്കെ പ്രതിസന്ധിയിലാണ്.
വിവിധ തലങ്ങളിലുള്ള ദുരിതാശ്വാസ ഇടപെടല്‍ അത്യന്താപേക്ഷിതമാണ്. പ്രതിസന്ധിയുടെ സാമൂഹിക വിശകലനങ്ങളിലൂടെ മാത്രമേ സഭാതലത്തിലുള്ള ഇടപെടലുകള്‍ എന്തായിരിക്കണം എന്നു നിശ്ചയിക്കാനാകൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം വലിയതോതില്‍ തകരാറിലായിട്ടുണ്ട്. കൊവിഡ് മഹാമാരിക്കുശേഷം കുട്ടികളുടെ വിദ്യാഭ്യാസം സാധാരണനിലയിലേക്ക് മെല്ലേ തിരിച്ചുവന്നുകൊണ്ടിരിക്കെയാണ് അക്രമങ്ങളെ തുടര്‍ന്ന് വിദ്യാലയങ്ങള്‍ വീണ്ടും അടച്ചുപൂട്ടേണ്ട സാഹചര്യമുണ്ടായിരിക്കുന്നത്. വിദ്യാര്‍ഥി സമൂഹത്തിന്റെ ഭാവി അനിശ്ചിതത്വത്തിലാണ്. ഗോത്രവര്‍ഗക്കാരായ കുട്ടികള്‍ക്ക് ഇനി ഇംഫാല്‍ നഗരത്തില്‍ സമാധാനപൂര്‍വം പഠനം തുടരാനാകുമോ എന്ന കാര്യത്തില്‍ കൊടിയ ആശങ്കയുണ്ട്. എല്ലാവരും കൊടുംഭീതിയിലാണ്. മാനസികാഘാതത്തില്‍ നിന്നു മുക്തി നേടുന്നതിന് കൗണ്‍സിലിങ് പോലുള്ള പ്രതിവിധികള്‍ ലഭ്യമാക്കുക എന്നത് വലിയൊരു വെല്ലുവിളിയാണ്.
ഐക്യദാര്‍ഢ്യത്തിന്റെ ആവശ്യം
മണിപ്പുരിലെ ജനങ്ങളും സഭയും ഇന്ന് അഭിമുഖീകരിക്കുന്ന പ്രതിസന്ധി ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്ത് പലയിടങ്ങളിലും സമാനമായ സംഭവവികാസങ്ങളുണ്ട്. രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ പൊതുവെ നേരിടുന്ന അരക്ഷിതാവസ്ഥയുടെ രൂപഭേദങ്ങളെയും അതിക്രമങ്ങളുടെ രീതിയും മോഡസ് ഓപ്പരാന്തിയെയും സംബന്ധിച്ച് വിശദമായ വിലയിരുത്തലുകള്‍ നടത്തി വേണം ഈ പ്രതിസന്ധിയെയും നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്കരക്കാന്‍.
മണിപ്പുരിലെ ഇന്നത്തെ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇംഫാല്‍ അതിരൂപത മുന്നോട്ടു വയ്ക്കുന്ന നിര്‍ദേശങ്ങള്‍ ഇവയാണ്:
1. മെത്രാന്മാരുടെ മേഖലാ കൗണ്‍സില്‍ വസ്തുതാ റിപ്പോര്‍ട്ട് ഡല്‍ഹിയിലെ അപ്പസ്തോലിക നുണ്ഷ്യേച്ചറിനും സിബിസിഐ, സിസിബിഐ, സിആര്‍ഐ തുടങ്ങിയ കത്തോലിക്കാ സഭയുടെ ദേശീയ സംഘടനകള്‍ക്കും സത്യാവസ്ഥ വെളിപ്പെടുത്താനും നടപടികള്‍ക്കുമായി സമര്‍പ്പിക്കണം.
2. രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ സിബിസിഐ പ്രതിനിധി സംഘം രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും മറ്റും അറിയിക്കണം.
3. ഉചിതമാണെങ്കില്‍, സിബിസിഐ ദേശീയതലത്തില്‍ മാധ്യമസമ്മേളനം വിളിച്ചുകൂട്ടി കാര്യങ്ങള്‍ വ്യക്തമാക്കണം.
4. ദേശീയതലത്തിലും രാജ്യാന്തരതലത്തിലും വിശ്വസനീയരായ മാധ്യമങ്ങളുടെ ശ്രദ്ധ ക്ഷണിക്കുക.
5. ഇന്ത്യന്‍ പാര്‍ലമെന്റില്‍ രാജ്യത്തെ ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങള്‍ ഉന്നയിക്കാന്‍ ആവശ്യമായ സമ്മര്‍ദതന്ത്രങ്ങള്‍ ആവിഷ്കരിക്കണം.
6. ന്യൂനപക്ഷങ്ങള്‍ക്കു നേരെ ഇതുപോലുള്ള അതിക്രമങ്ങളും പീഡനങ്ങളും ഉണ്ടാകുമ്പോള്‍ ഇടപെടലിനും നീതിക്കുമായി ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിക്കുക.
7. മണിപ്പുരിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഓരോ രൂപതയും ഒരു പ്രത്യേക ദിനം ഉപവാസം, പ്രാര്‍ഥന, സമാധാനപരമായ റാലി, പ്രദക്ഷിണം തുടങ്ങിയ പൊതുപരിപാടി ഉചിതമായ രീതിയില്‍ സംഘടിപ്പിക്കുക.
8. ദേശീയതലത്തില്‍ ന്യൂനപക്ഷങ്ങളുടെ ആശങ്കകള്‍ മുന്‍നിര്‍ത്തി രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒരു ദിവസം അടച്ചിടുക.
ശാന്തിയും സമാധാനവും അനുരഞ്ജനവും സാഹോദര്യവും വീണ്ടെടുക്കാനും സമാധാനപൂര്‍ണമായ സഹവര്‍ത്തിത്വം വീണ്ടും യാഥാര്‍ഥ്യമാകാനും കഴിയട്ടെ എന്നു പ്രാര്‍ഥിക്കുന്നു. പ്രതിസന്ധിയുടെ ഈ ഘട്ടത്തില്‍ നിങ്ങളുടെയെല്ലാം ഐക്യദാര്‍ഢ്യത്തിനും പ്രാര്‍ഥനകള്‍ക്കും നന്ദിയര്‍പ്പിക്കുന്നു.