കഴിഞ്ഞ വെള്ളിയാഴ്ച ചേര്‍ന്ന ഇടതുമുന്നണി യോഗത്തിനുശേഷം, കണ്‍വീനര്‍ ഇ.പി ജയരാജന് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ചില പ്രത്യേക വാക്കുകള്‍ തയ്യാറാക്കിയാണ് വന്നത്. വിഷയം ഉന്നതവിദ്യാഭ്യാസ മേഖലയിലെ നയം മാറ്റമായതിനാല്‍ മാധ്യമങ്ങള്‍ ചോദ്യശരങ്ങള്‍ ഉതിര്‍ക്കുമെന്ന് കണ്‍വീനര്‍ക്ക് ഉത്തമബോധ്യമുണ്ടായിരുന്നു. ”ഹാപ്പി ന്യൂ ഇയര്‍” ഇംഗ്ലീഷാണെന്നും ”പുതുവത്സരാശംസകള്‍” എന്നാണ് പറയുന്നതെന്നും തട്ടാമുട്ടി പറഞ്ഞ്, പി. ജയരാജന് അഴിച്ചുവിട്ട ഭൂതക്കുടം അടച്ചതുപോലെ ഇവിടെ കാര്യങ്ങള്‍ നീങ്ങില്ലെന്ന് സഖാവിനറിയാം. ഉന്നതവിദ്യാഭ്യാസ രംഗത്ത് സ്വകാര്യ സര്‍വകലാശാലകള്‍ക്കും, സ്വാശ്രയ കോളജുകള്‍ക്കും കേരളത്തില്‍ ഇനി ഇടമുണ്ടാകുമെന്നാണ് ഏറ്റവും ലളിതമായിപ്പറഞ്ഞാല്‍ ഇടതുപക്ഷത്തുവന്നിരിക്കുന്ന നയവ്യതിയാനം.
ഇത് നയം മാറ്റമല്ല, മറിച്ച് കാലോചിതമായ രൂപപ്പെടുത്തലാണ് എന്നായിരുന്നു കണ്‍വീനറിന്റെ വാക്കുകള്‍. ഇവ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് പിടികിട്ടിയവര്‍ ഭൂമി മലയാളത്തില്‍ കുറവാണ്.
നയവ്യതിയാനമാണെന്ന് കൂട്ടുകക്ഷിയായ സിപിഐയുടെ വ്യാഖ്യാനം ജയരാജന് അംഗീകരിച്ചമട്ടില്ല. വാക്ക് ഏതായാലും, ഈ നാട്ടില്‍ ഇനി ഉന്നതവിദ്യാഭ്യാസ മേഖലയില്‍ സ്വകാര്യ നിക്ഷേപത്തിന്റെ അളവ് ഏറാന്‍ പോകുകയാണ്. 2020 ലെ ദേശീയ വിദ്യാഭ്യാസ നയത്തിലൂന്നി ബിരുദ-ബിരുദാനന്തര പഠനമേഖലകള്‍ സമഗ്രമായ മാറ്റത്തിനു വിധേയമായാകാന് പോകുന്നതുപോലെ, ഉന്നത വിദ്യാഭ്യാസത്തിലൂടെ വിജ്ഞാന സമ്പദ്വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ‘നവകേരളം’ പദ്ധതിയെക്കുറിച്ച് പറയുന്ന ഇടതുസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയവ്യാഖ്യാനമെന്ന് വാര്‍ത്തകള്‍ പറയുന്നു. വമ്പന്‍ കോര്‍പറേറ്റുകള്‍ക്ക് മേല്‍ക്കൈയുള്ള, സാങ്കേതിക വിദ്യകളിലൂന്നി സൃഷ്ടിക്കപ്പെടുന്ന പുത്തന്‍ ആഗോള തൊഴില്‍ വിപണിയിലേക്ക് സജ്ജരാകേണ്ട യുവനിരയെ വാര്‍ത്തെടുക്കലാണ് ഈ വിദ്യാഭ്യാസ നയത്തിന്റെ പ്രഥമ ലക്ഷ്യം. ഇതിലേക്കായി സര്‍ക്കാര്‍ മേല്‍ക്കൈയില്‍ നടക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കൊണ്ടു മാത്രം ലക്ഷ്യങ്ങള്‍ കൈവരിക്കാനാകില്ലെന്ന ബോധ്യമാണ് സ്വകാര്യ സംരംഭകര്‍ക്കുകൂടി ഈ മേഖല തുറന്നുകൊടുക്കാന്‍ ഇപ്പോള്‍ ഇടതുസര്‍ക്കാരിനെ പ്രേരിപ്പിക്കുന്ന ഘടകം.
സ്വാശ്രയ കോളജുകള്‍ക്കെതിരെയും സ്വകാര്യ സര്വ്വകലാശാലകള്ക്കെതിരെയും തങ്ങള്‍ പ്രതിപക്ഷത്തായിരുന്ന സമയത്ത് നടത്തിയ സമരങ്ങള്‍ക്കും പ്രക്ഷോഭങ്ങള്‍ക്കും ഇന്ന് വേണ്ടത്ര പ്രസക്തിയില്ലെന്നാണ് പുതിയ നയത്തില്‍ ഇടതുസര്‍ക്കാരിന്റെ നിലപാട്. ഭൂമി പരന്നതായിരുന്നെന്ന വിശ്വാസം ഭൂമി ഉരുണ്ടതാണെന്ന അറിവുണ്ടായപ്പോള്‍ മാറിയില്ലേയെന്നാണ് കണ്‍വീനറിന്റെ നിഷ്കളങ്കമായ ചോദ്യം. ഈ അറിവുണ്ടാക്കാനെടുത്ത കാലത്ത് നാട്ടില്‍ നഷ്ടപ്പെട്ട അവസരങ്ങളെപ്പറ്റി ഇദ്ദേഹമെന്താണ് മിണ്ടാത്തതെന്ന് ചോദിക്കാന്‍ മാധ്യമക്കാര്‍ക്കും ത്രാണിയില്ല.
സ്വാശ്രയത്തെ പ്രോത്സാഹിപ്പിക്കാന്‍ ഇറങ്ങിപ്പുറപ്പെടുമ്പോള്‍ സ്വന്തം പാര്‍ട്ടിയിലും പോഷകസംഘടനകളിലുമുള്ള ഏതെങ്കിലുമൊരാള്‍ എതിര്ചോദ്യം ചോദിച്ചാലോ എന്ന് ഭയന്നിട്ടാകണം വിദേശ സര്‍വകലാശാലകള്‍ക്ക് ഈ മണ്ണില്‍ ഇടമുണ്ടാകില്ലെന്ന് പറയാന്‍ പാര്‍ട്ടി സെക്രട്ടറി എം.വി ഗോവിന്ദനെ പ്രേരിപ്പിച്ചത്. സ്വാശ്രയത്തിനെതിരെ മുന്‍പ് പറഞ്ഞുകൊണ്ടിരുന്ന ന്യായവാദങ്ങള്‍ നാട്ടില്‍ വിദേശസര്‍വകലാശാല ക്യാമ്പസുകള്‍ തുറക്കുന്നതിനെതിരാക്കി മാറ്റിപ്പറയാന്‍ തുടങ്ങി വായ തുറന്നതേയുള്ളൂ. ദാ വരുന്നു യു.ജി.സിയുടെ പുതിയ നിര്‍ദേശം. വിദേശ സര്‍വകലാശാലകള്‍ക്ക് ഈ നാട്ടില്‍ അവരുടെ ക്യാമ്പസുകള്‍ തുറക്കാനുള്ള സൗകര്യങ്ങള്‍ സംസ്ഥാനങ്ങള്‍ മുന്‍കൈയെടുത്ത് നടപ്പിലാക്കണം. മധുരിച്ചിട്ട് തുപ്പാനും വയ്യ കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥയിലാണ് പാര്‍ട്ടിയും മുന്നണിയും. സാമൂഹ്യനീതി, സംവരണതത്വങ്ങള്‍ നടപ്പിലാക്കല്‍ തുടങ്ങിയ വാക്കുകള്‍ പറഞ്ഞ് മുന്‍പ് നാട്ടില്‍ പോര്‍മുഖം തുറന്ന പാര്‍ട്ടി പോഷകസംഘടനക്കാരുടെ പൊടിപോലും ഇല്ല കണ്ടുപിടിക്കാന്‍. ഏറ്റവും കുറഞ്ഞത് ഇന്ത്യയുടെ മുന്‍ അംബാസിഡറും കേരള ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ മുന്‍ ചെയര്‍മാനുമായ ടി.പി ശ്രീനിവാസന് എന്ന മനുഷ്യനോടെങ്കിലും ഈ പോഷകക്കാര് മാപ്പു പറയേണ്ടതായിരുന്നു. അന്ന് അതായിരുന്നു ശരി, ഇന്ന് ഇതാണ് ശരി എന്ന് ഇടതുകണ്‍വീനര്‍ തട്ടിമൂളിക്കുന്ന മുട്ടാപ്പോക്ക് ന്യായംകൊണ്ട്, നടുറോഡില്‍ അപമാനിതനാവുകയും ചെകിട്ടില്‍ അടികൊണ്ട് നിലത്തുവീഴുകയും ചെയ്തതിന്റെ വേദന മാറുകയില്ലല്ലോ?
ഉന്നതവിദ്യാഭ്യാസ മേഖല, സ്വകാര്യമേഖലയുമായി കൈകോര്‍ക്കുമ്പോള്‍ പണവും കഴിവും മാത്രം മാനദണ്ഡമാകുമ്പോള്‍ ഇന്ത്യയുടേത് പോലൊരു സാമൂഹ്യപശ്ചാത്തലത്തില്‍, പിന്തള്ളപ്പെടാന് പോകുന്ന വിഭാഗങ്ങള്‍ കൂടുതല്‍ ജാഗ്രതയോടെ ഈ മാറ്റങ്ങളെ നിരീക്ഷിക്കുകയും അവരവര്‍ക്കു സാധിക്കും വിധത്തില്‍ ചിട്ടയായും ക്രമമായും തങ്ങള്‍ക്ക് അനുകൂലമായ വിധത്തില്‍ ഈ അവസരങ്ങള്‍ പ്രയോജനപ്പെടുത്തേണ്ടതുമുണ്ട്. തരാതരം പോലെ വരുന്ന നയവ്യതിയാനങ്ങളിലൂടെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങളുടെ സുരക്ഷിതത്വം മാത്രം തേടുമ്പോള്‍, സാമൂഹ്യനീതി ഉറപ്പാക്കും വിധം വിവിധ ജനവിഭാഗങ്ങള്‍ ഇത്തരം നിലപാടുകള്‍ നടപ്പാക്കുന്നതിനോട് സക്രിയമായി ഇടപെടേണ്ടതുണ്ട് എന്ന് ചുരുക്കം. ഉന്നതവിദ്യാഭ്യാസം തേടി ചെറുപ്പക്കാര്‍ നാട് വിടുമ്പോള്‍, നാട്ടിലേയ്ക്കെത്തുന്ന അവസരങ്ങള്‍ ശരിയായി പ്രയോജനപ്പെടുത്താന്‍ നമ്മുടെ സമൂഹത്തിന് കഴിയുമെന്ന് പ്രത്യാശിക്കാം.