നമ്മുടെ നാട്ടിലെ ക്രമസമാധാനപാലനത്തിനായി കഠിനാധ്വാനം ചെയ്യുന്നവരാണ് പൊലീസുകാര്‍. എന്നാല്‍ പൊലീസിന്റെ ഖ്യാതിക്ക് മങ്ങലേല്‍പ്പിക്കുന്ന സംഭവങ്ങളാണ് കുറെ വര്‍ഷങ്ങളായി വാര്‍ത്തകളായി പുറത്തു വരുന്നത്. മുഖ്യമന്ത്രി നിയമസഭയില്‍ പുറത്തുവിട്ട പൊലീസിലെ ക്രിമിനലുകളുടെ കണക്കുകള്‍ ഏവരേയും ഞെട്ടിക്കുന്നതാണ്. പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം പൊലീസിലെ ‘ ഗുണ്ട’ കള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന സര്‍ക്കാരിപ്പോള്‍.
ആറുവര്‍ഷത്തിനിടെ ക്രിമിനല്‍ കേസുകളില്‍പ്പെട്ടത് 828 പൊലീസുകാരെന്നാണ് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചത്. ദേശീയ മാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കഴിഞ്ഞദിവസം പിരിച്ചുവിടപ്പെട്ട പി.ആര്. സുനുവും ഇതില്‍ രണ്ടു കേസുകളില്‍ പ്രതിയായി പട്ടികയിലുണ്ട്. പുതിയ സാഹചര്യത്തില്‍ ഗുരുതര കേസുകളില്‍പ്പെട്ടവരെ പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നടപടികളാണ് സുനുവിലൂടെ ആരംഭിച്ചിരിക്കുന്നത്. ബലാത്സംഗം ഉള്‍പ്പെടെ ഒട്ടേറെ കേസുകളില്‍ പ്രതിയായിരുന്നു കോഴിക്കോട് ബേപ്പൂര്‍ കോസ്റ്റല്‍ പൊലീസ് സ്റ്റേഷനിലെ സിഐ പി.ആര്.സുനു. സ്വഭാവദൂഷ്യത്തിന്റെ
പേരില്‍ പൊലീസ് ആക്ടിലെ 86 വകുപ്പ് അനുസരിച്ചായിരുന്നു നടപടി. സ്ഥിരമായി ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ സര്‍വീസില്‍ തുടരാന്‍ അയോഗ്യരാക്കുന്നതാണ് ഈ വകുപ്പ്. കേരള പൊലീസിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഈ വകുപ്പ് അനുസരിച്ച് ഒരു ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് നീക്കുന്നത്. പൊലീസിനെതിരെ പലകോണുകളില്‍ നിന്നും വ്യാപകമായി ആരോപണം ഉയരുന്ന സാഹചര്യത്തിലാണ് നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്.
ഏറ്റവുമധികം പൊലിസ് കുറ്റവാളികള്‍ ഉള്ളത് തിരുവനന്തപുരം ജില്ലയിലാണ്. ലിസ്റ്റിലുള്ള പൊലിസ് ക്രിമിനലുകളില്‍ 14 പേരെയാണ് ഇതുവരെ കോടതി ശിക്ഷിച്ചത്. 23 നിയമപാലകരാണ് പോക്സോ കേസുകളില്‍ ഉള്‍പ്പെട്ടവര്‍. ഒരാള്‍ കൊലപാതകക്കേസിലും ഉള്‍പ്പെട്ടിട്ടുണ്ട്. 30 കേസുകളുടെ എഫ്.ഐ.ആര് ആണ് കോടതി റദ്ദാക്കിയത്.
നിലവില്‍ 89 കേസുകളാണ് അന്വേഷണഘട്ടത്തിലുള്ളത്. 2016 മുതല്‍ ഇതുവരെ 13 പൊലീസുകാരെയാണ് പിരിച്ചുവിട്ടത്.
രേഖകളനുസരിച്ച് ഏകദേശം 60 പേരെങ്കിലും പിരിച്ചുവിടാവുന്ന കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടവരാണ്. സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിച്ച കേസ്, കസ്റ്റഡി മരണക്കേസ്, സ്ത്രീധന പീഡനക്കേസ്, ജീവപര്യന്തമോ പത്തുവര്‍ഷം തടവ് ശിക്ഷകിട്ടാവുന്നതോ ആയ കുറ്റംചെയ്തവര്‍, ഒരേകുറ്റം ആവര്ത്തിക്കുന്നവര്, അക്രമം, അസാന്മാര്ഗികം എന്നീ കുറ്റങ്ങളില്‍ ഉള്‍പ്പെട്ടവരാണ് പിരിച്ചുവിടല്‍ നടപടി നേരിടേണ്ടി വരുന്നത്.
കേരളത്തിലെ പൊലിസ് സേന നിരവധി മേഖലകളില്‍ കഴിവും പ്രാപ്തിയും തെളിയിച്ച സേനയാണ്. പ്രളയത്തിലും പ്രകൃതിക്ഷോഭങ്ങളിലും മുതല്‍ കൊവിഡ് കാലത്തെ സാമൂഹ്യ ഇടപെടലുകളിലും വരെ ഏറെ പ്രശംസ നേടിയവരുമാണ്.
കൃത്യമായ ജോലിസമയമോ സുരക്ഷിതത്വമോ ആവശ്യത്തിനുള്ള സൗകര്യങ്ങളോ കേരളത്തിലെ പൊലീസിന് ഇപ്പോഴുമില്ല എന്നതും ആരുടെയും ശ്രദ്ധയില്‍ വരുന്നില്ല.
എന്നാല്‍ അമ്പതിനായിരത്തില്‍ പരം മാത്രം അംഗബലമുള്ള കേരളാ പൊലീസ് ചെയ്തുതീര്‍ക്കേണ്ട ചുമതലകള്‍ നിസ്സാരമല്ല. മന്ത്രിമാര്‍ മുതല്‍ സിനിമാതാരങ്ങള്‍ വരെ വരുന്നിടത്തെല്ലാം പൊലിസ് പാഞ്ഞെത്തണം. എല്ലാ ഉത്സവങ്ങളും പെരുന്നാളുകളും സമ്മേളനങ്ങളും സംരക്ഷിക്കണം. ബൂത്തുകമ്മറ്റി മുതല്‍ ദേശീയ നേതൃത്വം വരെ പൊലിസ് ഞങ്ങള്‍ക്ക് പുല്ലാണേ എന്നാര്‍ത്ത് വരുമ്പോള്‍ നന്നായി കുളിപ്പിച്ച് വിടണം. എന്തിന് ഏതു നേരത്തും നടക്കുന്ന അപകടങ്ങള്‍, ആത്മഹത്യകള്‍ ഒക്കെത്തിനും പൊലിസ് കാവല്‍ വേണം.
ഒന്നോര്‍ത്താല്‍ നമ്മള് സുഖമായി വീട്ടില്‍ കിടന്നുറങ്ങുന്നത്, വീടിന്റെ ഉറപ്പിനെക്കാള്‍ പൊലീസിന്റെ ബലത്തിലാണ് എന്ന് മനസ്സിലാവും.
എന്നിട്ടും വേലി വിളവ് തിന്നുന്നു എന്ന ചൊല്ലിനെ യാഥാര്‍ഥ്യമാക്കുന്ന ചെറിയൊരു ശതമാനം പൊലീസുകാര്‍ പൊതുസമൂഹത്തില്‍ പൊലീസിനെ മോശക്കാരാക്കി മാറ്റുന്നു എന്നതാണ് യാഥാര്‍ഥ്യം.
ജനാധിപത്യ സര്‍ക്കാര്‍ ഈ വിഷയത്തില്‍, പൊലീസിന് കൂടുതല്‍ ശാസ്ത്രീയവും ആധുനികവുമായ സന്നാഹങ്ങള്‍ ഒരുക്കുന്നതിലും സേന എന്ന നിലയില്‍ നൂറുശതമാനം അച്ചടക്കം പുലര്‍ത്തുന്നതിലും ഇനിയും അമാന്തം കാട്ടിക്കൂടാ.
പൊലീസിനെ പിന്‍സീറ്റില്‍ ഇരുന്ന് നിയന്ത്രിക്കുന്ന സകല രാഷ്ട്രീയക്കാരെയും പൊലിസ് സ്റ്റേഷന് പുറത്ത് നിര്‍ത്താനും മുഖ്യമന്ത്രി പിണറായി വിജയന് മനസ്സുവയ്ക്കണം.
ജനാധിപത്യ സംവിധാനത്തില്‍ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് ജനങ്ങളെ നിലയ്ക്ക് നിര്‍ത്താം എന്ന് ആര് വിചാരിച്ചാലും അധികം മുന്നോട്ട് പോകാന്‍ ആകില്ല. ജനങ്ങളെ വിശ്വാസത്തിലെടുത്തു കൊണ്ടുള്ള നീതിയുക്തമായ നിയമപാലനം ആണ് എല്ലാവരും ആഗ്രഹിക്കുന്നത്. പൊലീസ് സേന അത് തിരിച്ചറിയാതെ പോകരുത്. അതുകൊണ്ടു തന്നെയാണ് 1949 നവംബര്‍ 29ന് ഭരണഘടനാ അസംബ്ലി മുമ്പാകെ നടത്തിയ പ്രസംഗത്തില്‍, ”എത്ര നല്ല ഭരണഘടനയായായലും അത് നടപ്പാക്കുന്നവര്‍ മോശക്കാരാണെങ്കില്‍ ആ ഭരണഘടനയും മോശമാവും”എന്ന് മഹാനായ അംബേദ്കര്‍ പറഞ്ഞത്.
‘മൃദു ഭാവെ ദൃഢ കൃത്യേ’
കേരള പൊലീസിന്റെ ആപ്തവാക്യമാണിത്.
ഇത്രയും നല്ലൊരു ആപ്തവാക്യത്തെ ഇനിയും ആരും കളങ്കപ്പെടുത്തരുത്. അതിന് ഇടകൊടുക്കരുത്.