ഹരിതഭാവിയിലേക്ക് വത്തിക്കാൻ; കാർബൺ രഹിത വാഹനവ്യൂഹം ലക്ഷ്യമാക്കി പുതിയ ചുവടുവയ്പ്പ്
വത്തിക്കാൻ സിറ്റി: പരിസ്ഥിതി സംരക്ഷണത്തിനും കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ആഗോള പോരാട്ടത്തിനും ശക്തമായ പിന്തുണ പ്രഖ്യാപിച്ച് ഹരിതഗതാഗതത്തിലേക്ക് വത്തിക്കാൻ സിറ്റി കൂടുതൽ വേഗത്തിൽ മുന്നേറുന്നു. ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന വാഹനങ്ങളെ ഘട്ടംഘട്ടമായി പൂർണമായും കാർബൺ രഹിതമാക്കാനുള്ള പദ്ധതിയുടെ ഭാഗമായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വിപുലീകരിക്കുകയാണ് വത്തിക്കാൻ.
ഈ ദൗത്യത്തിന് പിന്തുണയുമായി ഇറ്റാലിയൻ വാഹന നിർമാതാക്കളായ ഫിയറ്റ് രംഗത്തെത്തി. ജീവനക്കാരുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാനായി 30 ഇലക്ട്രിക് വാഹനങ്ങളാണ് കമ്പനി വത്തിക്കാനിലേക്ക് നൽകുന്നത്. ആദ്യഘട്ടത്തിൽ 20 ഫിയറ്റ് ടോപ്പൊലിനോ വാഹനങ്ങൾ കൈമാറിയതായും ശേഷിക്കുന്ന 10 ഫിയറ്റ് ട്രിസ് മോഡലുകൾ ഉടൻ എത്തുമെന്നും അധികൃതർ അറിയിച്ചു.
2023-ൽ ആരംഭിച്ച ‘ഇക്കോളജിക്കൽ കൺവേർഷൻ 2030′ പദ്ധതിയുടെ ഭാഗമായി ഊർജക്ഷമത വർധിപ്പിക്കുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക, പ്രകൃതിവിഭവങ്ങളുടെ ഉത്തരവാദിത്വപരമായ വിനിയോഗം ഉറപ്പാക്കുക, മാലിന്യ സംസ്കരണം ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികളാണ് വത്തിക്കാൻ നടപ്പാക്കുന്നത്. ഭാവിയിൽ വനവൽക്കരണ പദ്ധതികളും ഇതിന്റെ ഭാഗമാകും.
2050-ഓടെ നെറ്റ്-സീറോ കാർബൺ പുറന്തള്ളൽ എന്ന ലക്ഷ്യം കൈവരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നേറുന്ന വത്തിക്കാൻ, പരിസ്ഥിതി സംരക്ഷണവും സുസ്ഥിര വികസനവും കൈകോർക്കുന്ന ഭരണമാതൃക ലോകത്തിന് മുന്നിൽ അവതരിപ്പിക്കുകയാണെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

