കൊച്ചി : പാചക വാതക സിലിണ്ടറുകൾ കാലിയായതിനെ തുടർന്ന് തൊഴിലാളികൾക്ക് ഭക്ഷണം പാകം ചെയ്യാൻ കഴിയാത്ത അവസ്ഥയിൽ മത്സ്യബന്ധന ബോട്ടുകൾ മടങ്ങുന്നു. 3 ദിവസം മുൻപ് മത്സ്യബന്ധനത്തിനായി തോപ്പുംപടി ഫിഷറീസ് ഹാർബരിൽനിന്നും പോയ 6 ബോട്ടുകളാണ് മടങ്ങി എത്തിയത്.
യുദ്ധ സാഹചര്യങ്ങളെ തുടർന്നുണ്ടായ നിയന്ത്രണങ്ങൾ കാരണം വാണിജ്യ ഗ്യാസ് വിതരണത്തിൽ തുടർച്ചയായ തടസം ഉണ്ടായതോടെ മത്സ്യ ബന്ധന ബോട്ടുകളുടെ പ്രവർത്തനം തന്നെ താറുമാറാകുമെന്ന അവസ്ഥയിലാണ്.
അഴകടൽ മത്സ്യ ബന്ധനത്തിനായി പോകുന്ന മത്സ്യത്തൊഴിലാളികളാണ് പ്രേതിസന്ധി നേരിടുന്നത്.സുരക്ഷ ആശങ്കകൾ ചൂണ്ടികാട്ടി മറ്റ് പാചക രീതികൾ ഉപയോഗിക്കാൻ ബോട്ടുകൾക്ക് അനുമതിയില്ല. പരമ്പരാഗത കെറോസീൻ ഉപയോഗിക്കുന്ന സ്റ്റൗവുകൾ പൂർണമായും നിരോധിച്ചിരിക്കുകയാണ്. 2000 ലീറ്റർ ഡീസൽ അടിച്ചാണ് ചെറിയ ബോട്ടുകൾ പോലും മത്സ്യബന്ധനത്തിന് പോകുന്നത്. ഐസ്, റേഷൻ, തൊഴിലാളികളുടെ ബാറ്റ എന്നിവ അടക്കം 3, 4 ലക്ഷത്തോളം രൂപ ഒരു പ്രാവശ്യത്തെ യാത്രയ്ക്ക് ചെലവാകുന്നതായി ഉടമകൾ പറയുന്നു. മത്സ്യ ലഭ്യതയും കുറവാണ്. മടങ്ങേണ്ടി വരുന്ന ബോട്ടുകൾക്കു ലക്ഷങ്ങളുടെ നഷ്ടമാണുണ്ടായിരിക്കുന്നതെന്ന് അവർ പറയുന്നു. മത്സ്യബന്ധന വകുപ്പിന്റെ യാതൊരു ഇടപെടലും ഇല്ലാത്തതിനാൽ ഇപ്പോൾ ഈ പ്രതിസന്ധിയെ നേരിടാൻ പാടുപെടുകയാണ് മത്സ്യത്തൊഴിലാളികൾ.

