വത്തിക്കാൻ : തൊളേദോ കത്തീഡ്രൽ ഉദ്ഘാടനത്തിന്റെ 800-ാം വാർഷികത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ തന്റെ സന്ദേശം കൈമാറി. ഈ ജൂബിലി വർഷം, കൃപയുടെയും ക്ഷമയുടെയും കാരുണ്യത്തിന്റെയും സമയമാകട്ടെയെന്നു പാപ്പാ പ്രത്യേകം ആശംസിച്ചു. ഗോതിക് ശൈലിയുടെ അദ്വിതീയകൃതിയായി കണക്കാക്കപ്പെടുന്ന കത്തീഡ്രലിന്റെ നിർമ്മാണം 1226-ലാണ് ആരംഭം കുറിച്ചത്. സ്പെയിൻ, യൂറോപ്പ്, ലാറ്റിനമേരിക്ക എന്നിവയുടെ ചരിത്രത്തിന് തൊളേദോ സഭ നൽകിയ സേവനങ്ങൾക്കുള്ള, കൃതജ്ഞതയുടെ വർഷമാണിതെന്നും പാപ്പാ എടുത്തു പറഞ്ഞു.
നൂറ്റാണ്ടുകളായി, കലാചരിത്രത്തിലൂടെ അനശ്വരമാക്കപ്പെട്ട നിരവധി സംഭവങ്ങൾക്ക് കത്തീഡ്രൽ സാക്ഷ്യം വഹിച്ചിട്ടുണ്ടെന്നു പറഞ്ഞ പാപ്പാ, കത്തീഡ്രലിൽ നടക്കുന്ന ഹിസ്പാനോ-മൊസറാബിക് ആരാധനക്രമത്തിന്റെ മൂല്യം അടിവരയിട്ടു. “ജീവനുള്ള കല്ലുകൾ പോലെ”, “നൂറ്റാണ്ടുകളായി പത്രോസിന്റെ സിംഹാസനവുമായുള്ള വിശ്വാസത്തെയും കൂട്ടായ്മയെയും കാത്തുസൂക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത” വിശ്വാസികൾക്കും, “ഇന്ന് നമ്മുടെ സമൂഹത്തിൽ ഉയർന്നുവരുന്ന പുതിയ ദാരിദ്ര്യ രൂപങ്ങളോട് സംവേദനക്ഷമതയോടെ കത്തീഡ്രൽ നടത്തുന്ന “ദാനധർമ്മ-സാമൂഹിക പ്രവർത്തനങ്ങൾക്കും” പാപ്പാ പ്രത്യേകം നന്ദിയർപ്പിച്ചു.
സഭയുടെ ജീവിതത്തിൽ ദരിദ്രരെ വിസ്മരിക്കുന്നത് അസാധ്യമാണെന്നും, അതിനാൽ കാരുണ്യപ്രവർത്തനങ്ങളുമായി മുൻപോട്ടു പോകുവാനും പാപ്പാ ഏവരെയും ക്ഷണിച്ചു. കൃപയുടെയും നവീകരണത്തിന്റെയും ഈ സമയത്ത് തൊളേദോയിലെ സഭയ്ക്കുവേണ്ടിയുള്ള തന്റെ പ്രാർത്ഥനകൾ പാപ്പാ ഉറപ്പുനൽകുകയും, പരിശുദ്ധ അമ്മയുടെ സംരക്ഷണത്തിന് സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

