വത്തിക്കാൻ : 2025 മധ്യത്തോടെ, സംഘർഷം, അക്രമം, പീഡനം അല്ലെങ്കിൽ മറ്റ് കാരണങ്ങൾ കൊണ്ട് ആഗോളതലത്തിൽ 117.3 ദശലക്ഷം ആളുകൾ വീടുകൾ വിട്ട് പലായനം ചെയ്യാൻ നിർബന്ധിതരായി എന്നാണ് ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഏജൻസിയായ UNHCR റിപ്പോർട്ട് ചെയ്തത്, അവരിൽ ഏകദേശം 42.5 ദശലക്ഷം അഭയാർത്ഥികളും ഉൾപ്പെടുന്നു. 2026 ജനുവരി 26 തിങ്കളാഴ്ച, ഐക്യരാഷ്ട്രസഭയുടെ അഭയാർത്ഥി ഹൈക്കമ്മീഷണറും 2018 മുതൽ 2022 വരെ ഇറാഖിന്റെ മുൻ പ്രസിഡന്റുമായ ബർഹാം സാലിഹുമായി ലിയോ പതിനാലാമൻ പാപ്പാ വത്തിക്കാനിൽ കൂടിക്കാഴ്ച്ച നടത്തി. തുടർന്ന് വത്തിക്കാൻ മാധ്യമത്തിന് അഭിമുഖസംഭാഷണം അനുവദിക്കുകയും ചെയ്തു.
ലിയോ പതിനാലാമൻ പാപ്പാ തന്റെ മുൻഗാമികളെപ്പോലെ – കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള സഭയുടെ ആശങ്ക ആവർത്തിച്ച് പ്രകടിപ്പിക്കുകയും ഈ വിഷയത്തിൽ നിഷ്ക്രിയമായി തുടരരുതെന്ന് ലോകത്തോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അതിനാൽ ഈ കൂടിക്കാഴ്ചയ്ക്കും ഏറെ പ്രസക്തിയുണ്ട്. 2026 ജനുവരി 1 മുതലാണ്, സാലിഹ് തന്റെ പുതിയ ചുമതല ഏറ്റെടുത്തത്.
പാപ്പായെ സന്ദർശിക്കുവാൻ സാധിച്ചതിൽ തനിക്കുള്ള സന്തോഷവും അഭിമാനവും അദ്ദേഹം പങ്കുവച്ചു. അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് പാപ്പായോട് സംസാരിക്കുവാൻ തനിക്ക് ലഭിച്ച അവസരമായിരുന്നു അതെന്നും സാലിഹ് എടുത്തു പറഞ്ഞു. ലോകമെമ്പാടുമുള്ള അഭയാർത്ഥികൾക്ക് അദ്ദേഹം നൽകുന്ന നിരന്തരമായ പിന്തുണയ്ക്ക് താൻ സന്തുഷ്ടനാണെന്നും , പാപ്പായുടെ ധാർമ്മിക അധികാരം ലോകത്തിനു ഏറെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഭയാർത്ഥികൾക്ക് സംരക്ഷണം നൽകുക, ആളുകൾക്ക് അടിയന്തര ജീവൻ രക്ഷിക്കാനുള്ള സഹായം നൽകുക, കൂടാതെ ശാശ്വത പരിഹാരങ്ങൾക്കായി കഠിനാധ്വാനം ചെയ്യുക എന്നിവയാണ് തന്റെ ദൗത്യത്തിലെ ലക്ഷ്യങ്ങളെന്നും സാലിഹ് പങ്കുവച്ചു. ഐക്യരാഷ്ട്രസഭയുടെ മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസുമായി (OCHA) സഹകരിച്ച് പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയിലെ പൂൾഡ് ഫണ്ടിലേക്ക് അടുത്തിടെ അമേരിക്ക 2 ബില്യൺ ഡോളർ സഹായം അനുവദിച്ചുവെന്ന കാര്യം സൂചിപ്പിച്ച അദ്ദേഹം, പ്രശ്നത്തിന്റെ വ്യാപ്തി കണക്കിലെടുക്കുമ്പോൾ, ലഭ്യമായ വിഭവങ്ങൾ വളരെ പരിമിതമാണ് എന്നത് നിഷേധിക്കാനാവാത്ത കാര്യമാണെന്നും കൂട്ടിച്ചേർത്തു.
ഒരു അന്താരാഷ്ട്ര സമൂഹമെന്ന നിലയിൽ, ആവശ്യക്കാരായ ആളുകളെ സംരക്ഷിക്കുകയും സഹായം നൽകുകയും ചെയ്യേണ്ടത് നമ്മുടെ നിയമപരമായ ഉത്തരവാദിത്തമാണെന്നും, കുടിയിറക്കപ്പെട്ടവർക്ക് ശാശ്വതമായ പരിഹാരങ്ങൾ കണ്ടെത്തുന്നതിനുള്ള സഹായങ്ങൾ നൽകുന്നത് ഏവരുടെയും ധാർമ്മിക കടമയാണെന്നും സാലിഹ് ഓർമ്മപ്പെടുത്തി. ഈ സാഹചര്യത്തിൽ, ഐക്യരാഷ്ട്രസഭയുമായി ഒന്ന് ചേർന്നുകൊണ്ട്, വിശ്വാസ സംഘടനകളും സഭാ സംഘടനകളും നൽകുന്ന സഹകരണവും, പ്രവർത്തനങ്ങളും തന്റെ അനുഭവത്തിൽ നിന്നും സാക്ഷ്യപ്പെടുത്തുവാൻ സാധിക്കുമെന്നും അദ്ദേഹം അഭിമുഖത്തിൽ എടുത്തുപറഞ്ഞു.

