കൊച്ചി: കേരള കത്തോലിക്കാ മെത്രാൻ സമിതി (KRLCBC) എഡ്യൂക്കേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ നടന്ന 14 ആഴ്ചത്തെ പ്രസംഗ-നേതൃത്വ പരിശീലന പരിപാടിയുടെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും ഇന്ന് സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ കച്ചേരിപ്പടിയിൽ വച്ച് പ്രൗഢഗംഭീരമായി നടന്നു.
കഴിഞ്ഞ മൂന്നുമാസത്തെ പരിശീലനത്തിന് ഒടുവിൽ യാഥാർത്ഥ്യമായ ഈ പരിശീലന പരിപാടി വിജയകരമായി പൂർത്തിയാക്കിയ 129 പേർ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
ഉച്ചയ്ക്ക് നടന്ന സമാപന സമ്മേളനം ബഹുമാനപ്പെട്ട എറണാകുളം എം.എൽ.എ ശ്രീ. ടി. ജെ. വിനോദ് ഉദ്ഘാടനം ചെയ്തു.
സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കരുത്തുള്ള നേതൃനിര വളർന്നു വരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇത്തരത്തിലുള്ള പരിശീലനങ്ങൾ അതിന് മുതൽക്കൂട്ടാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത ബിഷപ്പ് മോസ്റ്റ്. റവ. ആന്റണി വാലുങ്കൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. പരിശീലനം പൂർത്തിയാക്കിയ 129 പേർക്കുള്ള സർട്ടിഫിക്കറ്റുകൾ അദ്ദേഹം വിതരണം ചെയ്തു.
രാവിലെ നടന്ന പ്രത്യേക വർക്ക്ഷോപ്പിന് ശ്രീകാര്യം ലയോള കോളേജ് ഓഫ് സോഷ്യൽ സയൻസസിലെ സൈക്കോളജിക്കൽ ട്രെയിനർ മിസ്റ്റർ. ഷാൽ സോമൻ നേതൃത്വം നൽകി. “പ്രസംഗ ഭയം മാറ്റി നല്ല പ്രാസംഗികനാകാനുള്ള മനശാസ്ത്രപരമായ രീതികൾ” എന്ന വിഷയത്തിൽ നടന്ന സെഷൻ പങ്കാളികൾക്ക് പുത്തൻ അറിവുകൾ പകർന്നു നൽകി.
ചടങ്ങിൽ അസോസിയേറ്റ് സെക്രട്ടറി ജെയ്സൺ ആദപ്പിള്ളി സ്വാഗതം ആശംസിച്ചു.

ക്രിസ്മസ് സന്ദേശ മത്സരത്തിൽ വിജയികളായ ദിവ്യ പി. ദേവ്, ആഞ്ചല ആന്റണി, അഖിൽ ഫ്രാൻസിസ് എന്നിവർ തങ്ങളുടെ പ്രസംഗങ്ങൾ അവതരിപ്പിച്ചു. ഫാ. ജിജു അറക്കത്തറ, സെക്രട്ടറി ഫാ. അഭിലാഷ് ഗ്രിഗറി, സിസ്റ്റർ ഡെൻസി സെബാസ്റ്റ്യൻ, മിസ്റ്റർ ആംബ്രോസ്, മിസ്റ്റർ ആന്റണി പുത്തൂർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
റോമിയോ ഫെർണാണ്ടസ് ബൈബിൾ വായനയും സിമി ആന്റണി വചന വിചിന്തനവും നടത്തി. ഫാ. ഗ്രിഗറി ഗ്രൂപ്പ് ഡൈനാമിക്സ് സെഷന് നേതൃത്വം നൽകി.
മൂന്നുമാസത്തെ പ്രയത്നത്തിനൊടുവിൽ 129 പുതിയ നേതാക്കളെ സമൂഹത്തിന് സമർപ്പിക്കാൻ കഴിഞ്ഞതിൽ എഡ്യൂക്കേഷൻ കമ്മീഷൻ സംതൃപ്തി രേഖപ്പെടുത്തി.

