വത്തിക്കാൻ : പരിശുദ്ധ സിംഹാസനത്തിന്റെ സഭാകോടതിയായ സേക്രഡ് റോമൻ റോട്ടയുടെ നീതിന്യായ വർഷത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച്, ലിയോ പതിനാലാമൻ പാപ്പാ, കോടതിയിൽ സേവനമനുഷ്ഠിക്കുന്നവരുമായി ആദ്യ കൂടിക്കാഴ്ച്ച നടത്തി. ദൈനംദിന ദൗത്യത്തിൽ ഏവരും സത്യവും സ്നേഹവും പുലർത്തണമെന്ന്, വിശുദ്ധ പൗലോസ് ശ്ളീഹായുടെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് പാപ്പാ ആഹവനം ചെയ്തു. നീതിയുടെ സത്യവും, സ്നേഹവും രണ്ടു എതിർ ധ്രുവങ്ങളല്ല, മറിച്ച് സ്നേഹവും സത്യവുമുള്ള ദൈവത്തിന്റെ രഹസ്യാത്മകതയിൽ അവയുടെ ആഴത്തിലുള്ള ഐക്യം കണ്ടെത്തുന്ന രണ്ട് ആന്തരികമാനങ്ങളാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി.
നീതിന്യായ പ്രവർത്തനത്തിന്റെ പ്രയോഗത്തിൽ, വസ്തുനിഷ്ഠമായ സത്യത്തിന്റെ ആവശ്യങ്ങളും ദാനധർമ്മത്തിന്റെ ആവശ്യങ്ങളും തമ്മിൽ ഒരു വൈരുദ്ധ്യാത്മക പിരിമുറുക്കം പലപ്പോഴും ഉയർന്നുവരുന്നുവെന്നത് യാഥാർഥ്യമാണെന്നു പാപ്പാ ചൂണ്ടിക്കാട്ടി. ചിലപ്പോൾ, ഇവ സത്യത്തിന്റെ അപകടകരമായ ആപേക്ഷികവൽക്കരണത്തിലേക്ക് നയിച്ചേക്കാനുള്ള സാധ്യതയുണ്ടെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതേസമയം മറുവശത്ത്, ബഹുമാനവും കരുണയും ചില പ്രകിയകളിൽ ഒഴിവാക്കപ്പെടുന്നതും യാഥാർഥ്യമാണെന്നതും പാപ്പാ പറഞ്ഞു.
എല്ലാ പ്രവർത്തനങ്ങളെയും പ്രകാശിപ്പിക്കേണ്ടത്, സത്യമെന്ന പുണ്യമാണെന്നും, ഇത് യഥാർത്ഥ നീതിയിലേക്കു നയിക്കുന്ന വലിയ ചാലകശക്തിയായ കരുണയിൽ ഊന്നിയതാകണമെന്നും പാപ്പാ പറഞ്ഞു. അതിനാൽ, എല്ലാറ്റിനുമുപരിയായി ക്രിസ്തുവിലും സഭയിലും സുവിശേഷത്തിന്റെ സത്യത്തോടു ചേർന്നുള്ള അയൽക്കാരനോടുള്ള യഥാർത്ഥ സ് നേഹം ഏവരുടെയും പ്രവർത്തനത്തെ എപ്പോഴും പ്രചോദിപ്പിക്കട്ടെയെന്നും പാപ്പാ ആശംസിച്ചു. കർശനമായ ബൗദ്ധിക സത്യസന്ധത, സാങ്കേതിക കഴിവ്, സത്യസന്ധമായ മനസ്സാക്ഷി എന്നിവയാൽ അടയാളപ്പെടുത്തിയതാകണം വിധിന്യായങ്ങൾ എന്നതും പാപ്പാ ചൂണ്ടിക്കാട്ടി.
ഇത് മനഃസാക്ഷിയെയും ജീവിതത്തെയും ബാധിക്കുന്ന ഒരു യാത്രയെന്ന നിലയിൽ, നടപടിക്രമ പ്രവർത്തനങ്ങൾ ശരിയും സമയബന്ധിതവുമായ രീതിയിൽ നടക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തുവാൻ വിശ്വാസികൾക്കും മുഴുവൻ സഭാ സമൂഹത്തിനും അവകാശമുണ്ടെന്നതും പാപ്പാ സന്ദേശത്തിൽ അടിവരയിട്ടു പറഞ്ഞു. നീതിയും സമാധാനവും എല്ലാവരുടെയും നന്മ ലക്ഷ്യമിടുന്നുവെന്നും, എന്നാൽ നീതി വ്രണപ്പെടുമ്പോൾ, സമാധാനവും അപകടത്തിലാകുന്നുവെന്നും പറഞ്ഞ പാപ്പാ, ഇത്തരുണത്തിൽ ന്യായാധിപന്മാർ സമാധാന നിർമ്മാതാക്കളായി മാറുന്നുവെന്നും കൂട്ടിച്ചേർത്തു.
വിചാരണ തന്നെ പരസ്പരവിരുദ്ധമായ താൽപ്പര്യങ്ങൾ തമ്മിലുള്ള പിരിമുറുക്കമല്ല, മറിച്ച് കേസിലെ സത്യവും നീതിയും വിവേചിക്കുന്നതിനുള്ള ഒഴിച്ചുകൂടാനാവാത്ത ഉപകരണമാണെന്ന് പാപ്പാ പഠിപ്പിച്ചു. സ്വാതന്ത്ര്യവും നിഷ്പക്ഷതയും കാത്തുസൂക്ഷിക്കുന്ന ന്യായാധിപൻ വിചാരണയിൽ ഉയർന്നുവന്ന ഘടകങ്ങൾക്കും വാദങ്ങൾക്കും അനുസൃതമായി തർക്കം പരിഹരിക്കണമെന്നും അല്ലാത്തപക്ഷം സഭാകൂട്ടായ്മയിൽ വലിയ മുറിവുകൾ ഏൽപ്പിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
നീതിന്യായ സംവിധാനം സത്യത്തെ കർശനമായി കാത്തുസൂക്ഷിക്കാനും എന്നാൽ കർക്കശതയില്ലാതെ, വിട്ടുവീഴ്ചയില്ലാതെ കാരുണ്യം നടപ്പിലാക്കുവാനുമുള്ള വിളിയാണെന്നു ഓർമ്മപ്പെടുത്തിയ പാപ്പാ, പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യത്തിനു ഏവരെയും സമർപ്പിച്ചു പ്രാർത്ഥിക്കുകയും ചെയ്തു.

