വടകര : അപകീർത്തികരമായ വിഡിയോ പ്രചരിച്ചതിനെത്തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി യു. ദീപക് (41) ജീവനൊടുക്കിയ സംഭവത്തിൽ വിഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിച്ച വടകര സ്വദേശി ഷിംജിത മുസ്തഫ അറസ്റ്റിൽ. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ കസ്റ്റഡിയിലെടുത്തത്.
ഷിംജിത മുസ്തഫയെ കുന്ദമംഗലം ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പ്രതിയെ മഞ്ചേരി ജയിലിലേക്ക് കൊണ്ടുപോയി. കസ്റ്റഡിയിലെടുത്ത പ്രതിയെ പോലീസ് സ്വകാര്യവാഹനത്തിൽ കൊണ്ടുപോയത് സംശയാസ്പദമാണെന്ന് ദീപക്കിന്റെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചു.
ദീപക്കിന്റെ മരണത്തിൽ ആത്മഹത്യ കുറ്റം ചുമത്തിയാണ് ഷിംജിതക്കെതിരെ പൊലീസ് കേസെടുത്തത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന ഇവരെ ഇന്നലെ ഉച്ചയോടെ അറസ്റ്റ് ചെയ്തിരുന്നു. വടകരക്കു സമീപമുള്ള ബന്ധുവീട്ടിൽ നിന്നാണ് ഷിംജിതയെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വനിത പൊലീസുകാരടക്കം മഫ്തിയിലെത്തി പിടികൂടിയതിന് ശേഷം പ്രതിയെ സ്വകാര്യ വാഹനത്തിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കുന്ദമംഗലം കോടതിയിൽ ഹാജരാക്കുകയായിരുന്നു.
അതിനിടെ പ്രതിയ്ക്ക് രക്ഷപ്പെടാൻ പൊലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. അതേസമയം, കൂടുതൽ ദൃശ്യങ്ങൾ ശേഖരിക്കാനും സ്വകാര്യ ബസ് ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുമുള്ള നീക്കത്തിലാണ് പൊലീസ്.

