തിരുവനന്തപുരം: സർക്കാരിന്റെ അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം. ഗവർണർ രാജേന്ദ്ര ആർലേക്കറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം നിയമസഭയുടെ അവസാന സമ്മേളനത്തിന് തുടക്കമായി.
വായ്പാ പരിധി വെട്ടിക്കുറച്ചത് ഉള്‍പ്പെടെ കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നതടക്കം രൂക്ഷ വിമര്‍ശനങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
സർക്കാരിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞുകൊണ്ടാണ് ഗവർണർ രാജേന്ദ്ര അർലേക്കർ പ്രസംഗം ആരംഭിച്ചത്. അതിദാരിദ്ര്യനിർമാർജനം എടുത്തുപറഞ്ഞ അദ്ദേഹം, കേരളം വികസന പാതയില്‍ കുതിക്കുകയാണെന്നും കൂട്ടിച്ചേർത്തു. പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്. വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു.
സംസ്ഥാനം വരുമാനം കൂട്ടി, ചെലവുകൾ പരിമിതപ്പെടുത്തി, സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തി. കേരളത്തിന്റെ സാമ്പത്തിക രംഗം വികസനപാതയിലാണ്. വിഴിഞ്ഞം തുറമുഖം വളർച്ചയ്ക്ക് സഹായകരമാകും. പുതിയ തൊഴിൽ അവസരങ്ങൾ ഉറപ്പാക്കും എന്നും ഗവർണർ .
ശിശുമരണ നിരക്ക് സംസ്ഥാനത്ത് കുറഞ്ഞതിന്റേയും തൊഴിലുറപ്പ് പദ്ധതിയിലുൾപ്പടെ മികച്ച നേട്ടം കൈവരിച്ചതിനെ കുറിച്ചും പ്രസംഗത്തിന്റെ ആദ്യ ഭാഗത്തില്‍ ഗവർണർ സൂചിപ്പിക്കുന്നു. കൂടാതെ, വിദ്യാഭ്യാസമുള്ള യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ ഉണ്ടാകും. ക്രമസമാധാന പരിപാലനം പത്ത് വർഷത്തിനിടെ മെച്ചപ്പെടുത്തി. തടസമില്ലാത്ത വൈദ്യുതി ഉറപ്പാക്കിയെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത് നവകേരള ലക്ഷ്യമാണെന്നും ഗവർണർ നയപ്രഖ്യാപനത്തിൽ പറഞ്ഞു.
കേന്ദ്രവിമർശനം ഒഴിവാക്കാതെയായിരുന്നു ഗവർണർ നയപ്രഖ്യാപനം വായിച്ചത്.

