ചങ്ങനാശ്ശേരി: സീറോമലബാർ സഭ പ്രഖ്യാപിച്ചിരിക്കുന്ന സമുദായ ശക്തീകരണവർഷം 2026ന് ചങ്ങനാശേരി അതിരൂപതയിൽ പ്രൗഢോജ്വല തുടക്കം. കുറുമ്പനാടം സെൻറ് ആൻറണീസ് ഫൊറോനാ പള്ളി ഓഡിറ്റോറിയത്തിലെ ആർച്ച്ബിഷപ് മാർ ജോസഫ് പവ്വത്തിൽ നഗറിൽ നസ്രാണി പാരമ്പര്യത്തനിമയിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ തോമസ് തറയിൽ സമുദായ വർഷാചരണത്തിന് ദീപം തെളിച്ചു.
വൈദികർ, ഇടവകകളിൽ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ, സന്യാസ – സന്യാസിനി സമൂഹങ്ങളുടെ പ്രതിനിധികൾ,ഫൊറോന ഭാരവാഹികൾ, സംഘടനകളിലെ പ്രതിനിധികൾ തുടങ്ങിയവരുൾപ്പെടെ രണ്ടായിരത്തോളം പേർ പങ്കെടുക്കും. മുൻ അതിരൂപതാധ്യക്ഷൻ മാർ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണം നടത്തി. ജസ്റ്റിസ് ജെ.ബി.കോശി മുഖ്യാതിഥിയാകും. അതിരൂപതാ മുഖ്യ വികാരി ജനറൽ മോൺ. ആന്റണി എത്തക്കാട്ട് ആമുഖ പ്രഭാഷണം നടത്തി. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ മാർഗനിർദേശക പ്രഭാഷണം നടത്തി. അതിരൂപതാ കത്തോലിക്കാ കോൺഗ്രസ് – യുവദീപ്തി എസ്എംവൈഎം ഡയറക്ടർ ഫാ. ഡോ. സാവിയോ മാനാട്ട് പതാകയുയർത്തി. അതിരൂപതാ പിആർഒ ജോജി ചിറയിൽ പ്രമേയാവതരണം നടത്തും.
നസ്രാണി പാരമ്പര്യവും പൈതൃകവും വിളിച്ചോതുന്ന സമ്മേളനമാണ് ഇന്ന് നടത്തപ്പെടുക. നസ്രാണി കലാരൂപങ്ങളായ മാർഗംകളിയും പരിച മുട്ടുകളിയും കാഴ്ചയുടെ വിരുന്നൊരുക്കും. നസ്രാണി രീതിയിലുള്ള ഭക്ഷണവിഭവം രുചി പകരും. ബാൻഡ് അവതരണവും നടക്കും. പരിപാടിക്കായി വിവിധ കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്. അതിരൂപതാ സമുദായ ശാക്തീകരണ വർഷാചരണ കോഓർഡിനേറ്റർ ഫാ. ഡോ. സാവിയോ മാനാട്ട്, കുറുമ്പനാടം ഫൊറോന പള്ളി വികാരി ഫാ. ഡോ. ചെറിയാൻ കറുകപ്പറമ്പിൽ, അതിരൂപതാ സമുദായ ശാക്തീകരണ വർഷാചരണ കൺവീനർ ബിജു സെബാസ്റ്റ്യൻ, പബ്ലിസിറ്റി കൺവീനർ ഡെന്നിസ് ജോസഫ് കണിയാഞ്ഞാലിൽ തുടങ്ങിയവർ ഒരുക്കങ്ങൾക്കു നേതൃത്വം കൊടുക്കുന്നു.

