വത്തിക്കാൻ : 2026 ജനുവരി 18 മുതൽ 25 വരെ തീയതികളിലായി ആചരിക്കപ്പെടുന്ന ക്രൈസ്തവ ഐക്യവാരത്തിന്റെ ഭാഗമായി, ജനുവരി 25-ന് വിശുദ്ധ പൗലോസിന്റെ ബസലിക്കയിൽ, റോമാ രൂപതയുടെ അദ്ധ്യക്ഷൻ കൂടിയായ ലിയോ പതിനാലാമൻ പാപ്പാ സായാഹ്നപ്രാർത്ഥന നയിക്കും. ക്രൈസ്തവസഭകൾ തമ്മിലുള്ള ഐക്യവും സ്നേഹവും സഹകരണവും ലക്ഷ്യമാക്കി എല്ലാ വർഷവും ആചരിക്കപ്പെടുന്ന ഈ ആഴ്ചയുടെ പ്രധാന വിവരങ്ങൾ, ജനുവരി 16 വെള്ളിയാഴ്ച റോം വികാരിയത്ത് ഒരു പത്രക്കുറിപ്പിലൂടെ പ്രസിദ്ധീകരിച്ചു.
വിശുദ്ധ പൗലോസിന്റെ മാനസാന്തരത്തിരുനാൾ ആഘോഷിക്കപ്പെടുന്ന ജനുവരി 25-ന് വൈകുന്നേരം അഞ്ചരയ്ക്കായിരിക്കും റോമൻ മതിലുകൾക്ക് പുറത്തുള്ള വിശുദ്ധ പൗലോസിന്റെ ബസലിക്കയിൽ, ക്രൈസ്തവ ഐക്യവാരത്തിന്റെ സമാപനം കുറിച്ചുകൊണ്ടുള്ള സായാഹ്നപ്രാർത്ഥന പരിശുദ്ധ പിതാവ് നയിക്കുക.
നിലവിലെ വിവരങ്ങൾ പ്രകാരം, ജനുവരി 19 തിങ്കളാഴ്ച, വൈകുന്നേരം, രണ്ടു ദേവാലയങ്ങളിൽ (Dio Padre Misericordioso, Santa Maria delle Grazie al Trionfale) ക്രൈസ്തവ ഐക്യവാരവുമായി ബന്ധപ്പെട്ട പ്രാർത്ഥനകൾ നടക്കും. ജനുവരി 20 ചൊവ്വാഴ്ച റിപ്പബ്ലിക്ക ചത്വരത്തിനടുത്തുള്ള സാന്ത മരിയ ദെല്ലി ആഞ്ചെലി ഏ ദെയ് മാർത്തിരി (Santa Maria degli Angeli e dei Martiri) എന്ന ദേവാലയത്തിൽ ഒരു എക്യൂമെനിക്കൽ പ്രാർത്ഥനായോഗമുണ്ടാകും.
ജനുവരി 22-ന് സാന്ത ലൂച്ചിയ (Santa Lucia, Circonvallazione Clodia, 135) ഇടവക ദേവാലയത്തിൽ വൈകുന്നേരം ആറരയ്ക്ക് നടക്കുന്ന പ്രാർത്ഥനയിൽ കർദ്ദിനാൾ ബാൾദോ റെയ്ന (H.E. Cardinal Baldo Reina) മുഖ്യ കാർമ്മികത്വം വഹിക്കും. പരിശുദ്ധ സിംഹാസനത്തിലേക്കുള്ള അർമേനിയൻ ഓർത്തഡോക്സ് സഭയുടെ പ്രതിനിധി ആർച്ച്ബിഷപ് ഖാജാഗ് ബർസമിയാൻ (H.G. Khajag Barsamian) സന്ദേശം നൽകും.
23-ആം തീയതി വെള്ളിയാഴ്ച മൂന്ന് ദേവാലയങ്ങളിലാണ് ചടങ്ങുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതനുസരിച്ച് വൈകുന്നേരം ഏഴിന് രണ്ട ദേവാലയങ്ങളിൽ പ്രാർത്ഥനകൾ നടക്കും (San Gioacchino in Prati, Santi Mario e Compagni Martiri). വൈകുന്നേരം 8 മണിക്ക് സാന്ത മരിയ ഇൻ ത്രസ്തേവരേ ദേവാലയത്തിൽ ആംഗ്ലിക്കൻ ആർച്ച്ബിഷപ് ആന്റണി ബാൾ (Anthony Ball) പ്രാർത്ഥനകൾക്ക് നേതൃത്വം നൽകും. ജനുവരി 24 ശനിയാഴ്ച വൈകുന്നേരം ഏഴിന് സാന്ത കത്തറീന ഇടവകയിലും പ്രത്യേക പ്രാർത്ഥനകൾ നടക്കും. “വിയ ലാത്ത”യിലുള്ള സാന്ത മരിയ ബസലിക്കയിൽ എല്ലാ വൈകുന്നേരങ്ങളും പൗരസ്ത്യ കാതോലിക്കാ സഭകളിലെയും, ലത്തീൻസഭയിലെയും ആളുകളെ ഉൾപ്പെടുത്തി പ്രാർത്ഥനാസമ്മേളനങ്ങൾ നടക്കുമെന്നും വികാരിയാത്ത് അറിയിച്ചു.
ഈ വർഷത്തെ ക്രൈസ്തവക്യവാരത്തിന് വേണ്ടിയുള്ള വിചിന്തനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്, അർമേനിയയിലെ കത്തോലിക്കാ, എവഞ്ചേലിക്കൽ സഭകളുടെ കൂടി പങ്കാളിത്തത്തോടെ, അവിടുത്തെ ഓർത്തഡോക്സ് സഭാവിശ്വാസികളാണ്.
