കോട്ടപ്പുറം : വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ സമൂഹത്തെ ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് ദേവാലയത്തിലെ അൽമായ – സാമൂഹ്യ ശുശ്രൂഷ സമിതികളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. 2026 ജനുവരി 18 ഞായറാഴ്ച ഉച്ചയ്ക്ക് 2.30-ന് പ്രസന്റേഷൻ കോളേജ് ഓഡിറ്റോറിയത്തിൽ വെച്ചാണ് പരിപാടി നടന്നത്.
ഇടവക വികാരി ഫാ. ഷാജു കുരിശിങ്കൽ സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. ആത്മീയവും സാമൂഹികവുമായ ഉന്നതിക്ക് ലഹരിമുക്തമായ ജീവിതം അത്യന്താപേക്ഷിതമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. സഹവികാരി ഫാ. നിവിൻ കളരിത്തറ, കേന്ദ്ര സമിതി പ്രസിഡന്റ് സുനിൽ കുന്നത്തൂർ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
നോർത്ത് പറവൂർ എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസർ സലാഹുദ്ദീൻ സി.കെ. സെമിനാറിന് നേതൃത്വം നൽകി. ലഹരി വസ്തുക്കൾ വ്യക്തികളുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും എങ്ങനെ തകർക്കുന്നുവെന്നും, ലഹരിയുടെ ചതിക്കുഴികളിൽ നിന്ന് മക്കളെ സംരക്ഷിക്കാൻ മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം വിശദമായ ക്ലാസ്സ് നൽകി.
അൽമായ ശുശ്രൂഷ സമിതി കൺവീനർ ജോയ് കൈതത്തറ സ്വാഗതവും, സാമൂഹ്യ ശുശ്രൂഷ സമിതി ജോയിന്റ് കൺവീനർ മോളി ജോസഫ് കുന്നത്തൂർ നന്ദിയും രേഖപ്പെടുത്തി. വിവിധ കുടുംബ യൂണിറ്റുകളിൽ നിന്നായി 250 ഓളം അംഗങ്ങൾ സെമിനാറിൽ സജീവമായി പങ്കെടുത്തു.
ലഹരിയില്ലാത്ത ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിൽ സഭയ്ക്കും കുടുംബങ്ങൾക്കും വലിയ പങ്കുണ്ടെന്ന് സെമിനാർ വിലയിരുത്തി.

