വത്തിക്കാൻ : നാല് മേജർ ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾ അടയ്ക്കപ്പെട്ടിരുന്നുവെങ്കിലും, അതുമായി ബന്ധപ്പെട്ട ബാക്കി പ്രവർത്തനങ്ങൾ ജനുവരി പതിനാറാം തീയതി അവസാനിച്ചുവെന്നു പരിശുദ്ധ സിംഹാസനം അറിയിച്ചു. ജനുവരി പതിനാലിന് പുറത്തുവിട്ട ഒരു പത്രക്കുറിപ്പിൽ, നാല് ബസലിക്കകളിലെയും വിശുദ്ധ വാതിലുകൾക്ക് പിന്നിലെ ഭിത്തി കെട്ടുന്നത് സംബന്ധിച്ച വിവരങ്ങൾ പ്രെസ് ഓഫീസ് പങ്കുവച്ചു.
പതിവനുസരിച്ച്, ഭിത്തി കെട്ടി അടയ്ക്കുന്നതിന് മുൻപ് അതിനുള്ളിൽ, വിശുദ്ധ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട രേഖ, വിശുദ്ധ വാതിലിന്റെ താക്കോൽ, അവസാനമായി വിശുദ്ധ വാതിൽ അടയ്ക്കപ്പെട്ടതുമുതൽ, അതായത് 2016 മുതൽ ഇതുവരെയുള്ള പൊന്തിഫിക്കൽ മെഡലുകൾ തുടങ്ങിയവ ഒരു ചെമ്പ് പേടകത്തിനുള്ളിൽ അടച്ച് നിക്ഷേപിക്കപ്പെടും. ബസലിക്കയുമായി ബന്ധപ്പെട്ട മെഡലുകൾ തയ്യാറാക്കപ്പെട്ടിട്ടുണ്ടെങ്കിൽ അവയും ഇതിൽ ഉൾപ്പെടുത്തും. ചടങ്ങുകൾ സ്വകാര്യമായിരിക്കും.
ഫ്രാൻസിസ് പാപ്പായുടെ ഭൗതികശരീരം അടക്കം ചെയ്യപ്പെട്ടിരിക്കുന്ന മേരി മേജർ ബസലിക്കയിലെ വിശുദ്ധ വാതിലിന് പിന്നിൽ ഭിത്തി കെട്ടി അടയ്ക്കുന്ന പ്രവർത്തികൾ ജനുവരി 13 ചൊവ്വാഴ്ച വൈകുന്നേരം ഏഴുമണിയോടെ, പൂർത്തിയായി. ചടങ്ങുകൾക്ക് ബസലിക്കയുടെ ആർച്ച് പ്രീസ്റ് കർദ്ദിനാൾ റൊളാന്താസ് മക്റിസ്കാസ് കാർമ്മികത്വം വഹിച്ചു. പൊന്തിഫിക്കൽ ആരാധനാക്രമകാര്യങ്ങൾക്കുവേണ്ടിയുള്ള വിഭാഗം തലവൻ മോൺസിഞ്ഞോർ ദിയേഗോ ജ്യോവന്നി റവെല്ലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾ, പൊന്തിഫിക്കൽ ചടങ്ങുകൾ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള വിഭാഗത്തിലെ മോൺ. ലൂബോമീർ വെൽനിറ്റ്സ് നിയന്ത്രിച്ചു.
ജനുവരി പതിനാലാം തീയതി വൈകുന്നേരം വിശുദ്ധ ജോൺ ലാറ്ററൻ ബസലിക്കയിലെ പണികളും പൂർത്തിയായി. ചടങ്ങുകളിൽ റോം രൂപതയ്ക്കുവേണ്ടിയുളള വികാരി ജനറൽ കർദ്ദിനാൾ ബാൾദസേരെ റെയ്ന കാർമ്മികത്വം വഹിച്ചു. പൊന്തിഫിക്കൽ ആരാധനാക്രമകാര്യങ്ങൾക്കുവേണ്ടിയുള്ള വിഭാഗം തലവൻ മോൺസിഞ്ഞോർ ദിയേഗോ ജ്യോവന്നി റവെല്ലിയുടെ സാന്നിധ്യത്തിൽ നടന്ന ചടങ്ങുകൾ, പൊന്തിഫിക്കൽ ചടങ്ങുകൾ നിയന്ത്രിക്കുന്നതിനുവേണ്ടിയുള്ള വിഭാഗത്തിലെ മോൺ. ക്രിസ്റ്റോഫ് മർജ്യാനോവിച് നിയന്ത്രിച്ചു.
റോമൻ മതിലുകൾക്ക് പുറത്ത് വിശുദ്ധ പൗലോസിന്റെ നാമധേയത്തിലുള്ള ബസലിക്കയുടെ വിശുദ്ധ വാതിലിന് പിന്നിൽ ഭിത്തി കെട്ടി അടയ്ക്കുന്ന പ്രവർത്തനങ്ങൾ ജനുവരി 15 വ്യാഴാഴ്ച നടന്നു. ഏറ്റവും അവസാനമായി ജനുവരി പതിനാറാം തീയതി വൈകുന്നേരം വത്തിക്കാനിൽ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലെ ജോലികൾ അവസാനിച്ചതോടെ ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവസാനിക്കുമെന്ന് പരിശുദ്ധ സിംഹാസനം തങ്ങളുടെ പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി..
