വത്തിക്കാന് : സമൂഹത്തിൽ അധികാരം കയ്യാളുന്നവർ എളിമയും സത്യസന്ധതയും പങ്കുവയ്ക്കൽ മനോഭാവവും സ്വന്തമാക്കേണ്ടതിന്റെ പ്രാധാന്യവും, പൊതുനന്മയും വ്യക്തികളുടെ അന്തസ്സും സമഗ്രവളർച്ചയും ലക്ഷ്യമാക്കേണ്ടതിന്റെയും ആവശ്യവും ഓർമ്മിപ്പിച്ച് ലിയോ പതിനാലാമൻ പാപ്പാ.
ഇറ്റലിയിലെ നഗരങ്ങളുടെ ദേശീയ അസോസിയേഷൻ ((Associazione Nazionale Comuni Italiani – ANCI)) എന്ന, വിവിധ നഗരങ്ങളുടെ മേയർമാർ അംഗങ്ങളായുള്ള സംഘടനയ്ക്ക് ഡിസംബർ 29 തിങ്കളാഴ്ച വത്തിക്കാനിൽ കൂടിക്കാഴ്ച അനുവദിച്ച വേളയിലാണ്, സമൂഹത്തിൽ രാഷ്ട്രീയ, സാമൂഹിക നേതൃത്വത്തായിരിക്കുന്നവർ എപ്രകാരമാണ് പ്രവർത്തിക്കേണ്ടതുന്നതിനെക്കുറിച്ച് പാപ്പാ ഉദ്ബോധിപ്പിച്ചത്.
ക്രിസ്തുമസിന്റെ കൂടി പശ്ചാത്തലത്തിൽ സംസാരിച്ച പാപ്പാ, അധികാരത്തിന്റെ തെറ്റായ ഉപയോഗവുമായി ബന്ധപ്പെടുത്തി, സുവിശേഷത്തിൽ ഹേറോദേസ് നിഷ്കളങ്കരായ കുഞ്ഞുങ്ങളെ കൊല്ലിക്കുന്ന സംഭവത്തെ പരാമർശിച്ചുകൊണ്ട്, അദ്ദേഹത്തിന്റെ പ്രവൃത്തി ഒരു സമൂഹത്തിന്റെ ഭാവിയെ ഇല്ലാതാക്കുക മാത്രമല്ല, സ്നേഹത്തിന്റെ ഭംഗി അറിയില്ലാത്തതും, മനുഷ്യാന്തസ്സിനെ അവഗണിക്കുന്നതും, മനുഷ്യയോഗ്യമല്ലാത്തതുമായ അധികാരത്തിന്റെ വെളിപ്പെടുത്തൽ കൂടിയാണ് നടത്തുന്നതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. അതേസമയം ക്രിസ്തുവിന്റെ ജനനം, ഉത്തരവാദിത്വത്തിലും സേവനത്തിലും അധിഷ്ഠിതമായ അധികാരത്തിന്റെ യഥാർത്ഥ സ്വഭാവം വെളിപ്പെടുത്തുന്നതാണെന്ന് പാപ്പാ പ്രസ്താവിച്ചു.
നഗരങ്ങളുടെ ഭരണ ഉത്തരവാദിത്വം ഏല്പിക്കപ്പെട്ടവർ എന്ന നിലയിൽ, അവിടെയുള്ള കുടുംബങ്ങളുടെയും വ്യക്തികളുടെയും, പ്രത്യേകിച്ച് കൂടുതൽ ദുർബലരായവരുടെ ആവശ്യങ്ങൾക്ക്, പരിഗണന നൽകേണ്ടതിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച പാപ്പാ, മേയർമാർ ഏവരുടെയും പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിച്ചു.
കൃത്യമായ ഒരു മുഖവും സ്വന്തമായ ചരിത്രവുമുള്ള വ്യക്തികൾക്ക് വേണ്ടി പ്രവർത്തിക്കാനായാണ് മേയർമാർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് വിളിയെ ഓർമ്മിപ്പിച്ച പാപ്പാ, അനുദിനം നീതിബോധവും വിശ്വസനീയതയുമുള്ള കാര്യസ്ഥ്യരായി മാറേണ്ടതുണ്ടെന്ന് ഉദ്ബോധിപ്പിച്ചു.തൊഴിൽരഹിതർക്കും, ഭവനരഹിതർക്കും, നിരാലംബർക്കും പാവപ്പെട്ടവർക്കും വേണ്ടി ചെയ്യേണ്ട സേവനങ്ങളുടെ പ്രാധാന്യം പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
പ്രത്യാശ വളർത്തുന്ന രീതിയിൽ പൊതുനന്മ ലക്ഷ്യമാക്കി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും പാപ്പാ തന്റെ പ്രഭാഷണത്തിൽ എടുത്തുപറഞ്ഞു.വ്യക്തികൾ ജീവിക്കുന്നതിലുള്ള ആനന്ദം വീണ്ടെടുക്കേണ്ടതുണ്ടെന്നും, ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട മനുഷ്യർക്ക്, ഏതെങ്കിലും വിധത്തിലുള്ള അതിജീവനം കൊണ്ട് മാത്രം സംതൃപ്തിയടയാനാകില്ലെന്നും, ജൂബിലി വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് സ്പേസ് നോൺ കൊൺഫൂന്തിത് എന്ന ബൂളയിൽ (Spes non confundit, 9) ഫ്രാൻസിസ് പാപ്പാ എഴുതിയിരുന്നത് ലിയോ പതിനാലാമൻ പാപ്പാ ആവർത്തിച്ചു.
നഗരങ്ങളിൽ, വിവിധ രീതികളിലുള്ള അരികുവത്കരണങ്ങളും, അക്രമവും, ഏകാന്തതയും നിലനിൽക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ഇത്തരം പ്രശ്നങ്ങൾ അഭിമുഖീകരിക്കപ്പെടേണ്ടവയാണെന്ന് പ്രസ്താവിച്ചു. നിരവധി കുടുംബങ്ങളെ വഴിയാധാരമാക്കുന്ന ചൂതാട്ടം പോലെയുള്ള തിന്മകൾ നിയന്ത്രിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം പരിശുദ്ധ പിതാവ് എടുത്തുപറഞ്ഞു. മാനസികാരോഗ്യത്തെയും സാമൂഹികവിശ്വാസത്തെയും ഗുരുതരമായി ബാധിക്കുന്ന രീതിയിൽ ഇത് വളർന്നുവരുന്നുണ്ടെന്ന് ഇറ്റലിയിലെ കാരിത്താസ് സംഘടനയുടെ ഒരു റിപ്പോർട്ട് പരാമർശിച്ചുകൊണ്ട് പാപ്പാ ഓർമ്മിപ്പിച്ചു.
മാനസികാരോഗ്യം, വിഷാദരോഗം, സാംസ്കാരിക-ആദ്ധ്യാത്മിക ദാരിദ്ര്യങ്ങൾ, സാമൂഹികമായ അവഗണന തുടങ്ങിയ തിന്മകളും പരിശുദ്ധ പിതാവ് തന്റെ പ്രഭാഷണത്തിൽ അനുസ്മരിക്കുകയും, ഇത്തരം യാഥാർത്ഥ്യങ്ങളെ അവഗണിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. സാമൂഹികസമാധാനം പ്രോത്സാഹിപ്പിച്ചുകൊണ്ട്, പൗരന്മാർ തമ്മിലുള്ള ആധികാരികമായ മാനവികബന്ധങ്ങൾ തുന്നിപ്പിടിപ്പിക്കുന്നതിനുള്ള രാഷ്ട്രീയനേതൃത്വത്തിന്റെ ഉത്തരവാദിത്വത്തെക്കുറിച്ചും പാപ്പാ മേയർമാരെ അനുസ്മരിപ്പിച്ചു.
മേയർമാർ ഉൾപ്പെടുന്ന അധികാരനേതൃത്വങ്ങൾ ആളുകളിൽ പ്രത്യാശ വളർത്തുന്നതിന് പരിശ്രമിക്കണമെന്നും, തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരികുന്ന പ്രദേശത്തിന്റെ മെച്ചപ്പെട്ട ഭാവി ഉറപ്പാക്കണമെന്നും വ്യക്തികളുടെ സമഗ്രവികസനം ലക്ഷ്യം വയ്ക്കണമെന്നും പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.
