വത്തിക്കാന്: ക്രിസ്തുവിനോടും തിരുവചനത്തോടും സഭയോടുമുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കുന്ന ജീവിതത്തിനായാണ് പുരോഹിതർ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ലിയോ പതിനാലാമൻ പാപ്പാ.
പൗരോഹിത്യവിളിയുടെയും ശുശ്രൂഷയുടെയും ഭാവിയും ആനന്ദാനുഭവവും വ്യക്തമാക്കുക എന്ന ഉദ്ദേശത്തോടെയും, ഈ വിളി വിശ്വസ്തതയോടെ ജീവിക്കേണ്ടതിന്റെ പ്രാധാന്യം എടുത്തുകാട്ടിയും, ഡിസംബർ 22 തിങ്കളാഴ്ച പുറത്തുവിട്ട പുതിയ അപ്പസ്തോലിക ലേഖനത്തിലാണ് ഇത്തരമൊരു ചിന്ത പരിശുദ്ധ പിതാവ് മുന്നോട്ടുവച്ചത്.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ഭാഗമായി 1965 ഒക്ടോബർ 28-ന് പ്രസിദ്ധീകരിക്കപ്പെട്ട ഒപ്താതാം തോസിയൂസ് (Optatam Totius), ഡിസംബർ ഏഴിന് പ്രസിദ്ധീകരിക്കപ്പെട്ട പ്രെസ്ബിതെറോറും ഓർദിനിസ് (Presbyterorum Ordinis) എന്നീ ഡിക്രികളുടെ അറുപതാം വാർഷികത്തിലാണ് ഇത്തരമൊരു രേഖ പരിശുദ്ധ പിതാവ് ഒപ്പുവച്ചത്.
വിശ്വസ്തതയോടെയുള്ള ശുശ്രൂഷയ്ക്കായാണ് പുരോഹിതർ വിളിക്കപ്പെടുന്നതെന്ന് ഓർമ്മിപ്പിക്കുന്ന ഈ രേഖ, ദൈവം തങ്ങൾക്ക് നൽകിയ പൗരോഹിത്യമെന്ന വലിയ ദാനം സജീവമായി കാത്തുസൂക്ഷിക്കണമെന്ന് പുരോഹിതരെ ഓർമ്മിപ്പിക്കുന്നുണ്ട് (8). പുരോഹിതരുടെ ഭാഗത്തുനിന്നുണ്ടായ ചൂഷണങ്ങളും വീഴ്ചകളും സഭയുടെ ലജ്ജയ്ക്കും ഇകഴ്ച്ചയ്ക്കും കാരണമായിട്ടുണ്ടെന്ന് പരിശുദ്ധ പിതാവ് എഴുതി (10).
വൈദികാർത്ഥികളുടെ വ്യക്തിപരമായ വളർച്ചയും പക്വതയും, സമ്പന്നവും ഉറച്ചതുമായ അദ്ധ്യാത്മികജീവിതവും ഉറപ്പാക്കുന്ന പരിശീലനം ലഭ്യമാക്കേണ്ടതിന്റെ ആവശ്യകതയിലേക്ക് പാപ്പാ വിരൽ ചൂണ്ടി.പുരോഹിതരായി വർഷങ്ങൾക്ക് ശേഷവും പൗരോഹിത്യം ഉപേക്ഷിക്കുന്ന വൈദികരുണ്ടെന്ന കാര്യവും വേദനാപൂർവ്വം പരിശുദ്ധ പിതാവ് പരാമർശിക്കുന്നുണ്ട് (11).
തുടർച്ചയായ വിശ്വസ്തതയോടെയും ദൈവവുമായുള്ള ബന്ധത്തിലൂടെയുമേ ഈ വിളിയിൽ നിലനിൽക്കാനാകൂ എന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ (13). ഇതിലേക്കായി തുടർച്ചയായ പരിശീലനത്തിന്റെ ആവശ്യവും പാപ്പാ എടുത്തുപറയുന്നുണ്ട്.എല്ലാ ക്രൈസ്തവവിശ്വാസികൾക്കുമൊപ്പം സാഹോദര്യം പങ്കിടുന്ന വൈദികർ, എന്നാൽ തങ്ങളുടെ പൗരോഹിത്യമെന്ന കൂദാശയാൽ പ്രത്യേകമായ വിധത്തിൽ സാഹോദര്യം ജീവിക്കുന്നവരാണെന്ന് അപ്പസ്തോലിക ലേഖനം ഉദ്ബോധിപ്പിക്കുന്നുണ്ട് (14).
ഈയൊരർത്ഥത്തിൽ ഒരു മെത്രാന്റെ കീഴിൽ ഒരു രൂപതയിലെ പുരോഹിതർ തമ്മിൽ ഉണ്ടായിരിക്കേണ്ട സഹോദര്യബന്ധവും പാപ്പാ തന്റെ രേഖയിൽ അനുസ്മരിക്കുന്നുണ്ട്. പുരോഹിതർക്കിടയിലെ സഹോദര്യബന്ധം വെറുമൊരു മുദ്രാവാക്യമായി മാറരുതെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ (16), പടിഞ്ഞാറൻ സംസ്കാരങ്ങളിൽ പുരോഹിതർ സമൂഹങ്ങളിൽനിന്ന് ഒറ്റപ്പെട്ടുപോകുന്നുണ്ടെന്ന സത്യവും എടുത്തുപറയുന്നുണ്ട് (17).
ഈയൊരു പശ്ചാത്തലത്തിൽ, പുരോഹിതർക്കിടയിൽ സഹായത്തിനായി സമൂഹജീവിതശൈലി മുന്നോട്ടുവയ്ക്കുന്ന യാഥാർത്ഥ്യങ്ങൾ സൃഷ്ടിച്ചെടുക്കാനുള്ള സാധ്യതകളും പാപ്പാ പരാമർശിക്കുന്നുണ്ട്.ആളുകൾക്ക് സമീപസ്ഥരായിരുന്ന്, സമൂർത്തമായ സേവനങ്ങൾ ചെയ്യേണ്ടതിന്റെയും, സ്ഥിരം ഡീക്കന്മാരുടെ പ്രാധാന്യവും, വൈദികരും ഡീക്കന്മാരും തമ്മിലുണ്ടാകേണ്ട സഹകരണവും പരിശുദ്ധ പിതാവ് തന്റെ രേഖയിൽ എടുത്തുപറയുന്നുണ്ട് (18).
ക്രൈസ്തവ പ്രഘോഷങ്ങൾക്ക് വിശ്വാസ്യതയും ശക്തിയും നൽകുന്നത് പരസ്പരസ്നേഹത്തിൽ അധിഷ്ഠിതമായ ഐക്യത്തിലാണെന്ന് പാപ്പാ എഴുതി.പൗരോഹിത്യവുമായി ബന്ധപ്പെട്ടുള്ള സിനഡാത്മകജീവിതത്തെക്കുറിച്ചും പരിശുദ്ധ പിതാവ് പ്രത്യേകം പരാമർശിക്കുന്നുണ്ട് (20). തന്റെ സഹായകരും ഉപദേശകരുമായ പുരോഹിതരുമായി സാഹോദര്യ-സൗഹൃദപരമായ ഒരു ബന്ധം മെത്രാന്മാർ കാത്തുസൂക്ഷിക്കണമെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ, ഒരേ ലക്ഷ്യത്തിന് വേണ്ടി പ്രവർത്തിക്കുന്നവർ എന്ന നിലയിൽ, പുരോഹിതർക്കിടയിലുണ്ടാകേണ്ട സാഹോദര്യവും തന്റെ ലേഖനത്തിൽ അനുസ്മരിക്കുന്നുണ്ട്.
മാമ്മോദീസയിൽ ലഭിച്ച സ്ഥാനം പങ്കിടുന്നവർ എന്ന നിലയിൽ അത്മായസഹോദരങ്ങളുമായി പങ്കിടേണ്ട ഉത്തരവാദിത്വപരമായ ബന്ധവും പാപ്പാ ഈ രേഖയിൽ എടുത്തുപറയുന്നുണ്ട്.പ്രത്യേകമായ ഒരു നിയോഗത്തിന് വേണ്ടി വിളിക്കപ്പെട്ടവരാണ് തങ്ങളെന്ന യാഥാർത്ഥ്യത്തെ പുരോഹിതർ തിരിച്ചറിയേണ്ടതിന്റെ പ്രത്യേകതയും പാപ്പാ അനുസ്മരിപ്പിക്കുന്നുണ്ട് (23). തങ്ങളിൽനിന്ന് തന്നെ പുറത്തുകടന്ന്, ദൈവത്തെയും, തങ്ങൾക്ക് ഏല്പിക്കപ്പെട്ടിരിക്കുന്ന ജനത്തെയും തേടാനുള്ള ഒരു വിളിയാണ് പുരോഹിതർക്ക് ലഭിച്ചിരിക്കുന്നത്.
അതിതീവ്രമായ വേഗതയിൽ മുന്നേറിക്കൊണ്ടിരിക്കുന്ന ഇന്നത്തെ ലോകത്ത് ആനന്ദദായകവും ഫലപ്രദവുമായ ഒരു പൗരോഹിത്യം ഉറപ്പാക്കുന്നതിനായി, മെത്രാന്മാർ വഴിയായി തങ്ങൾക്ക് ലഭിച്ചിരിക്കുന്ന പൗരോഹിത്യത്തിലൂടെ നേടിയ കൃപയോടും പൗരോഹിത്യനിയോഗത്തോടും വിശ്വസ്തതയോടെ ജീവിക്കേണ്ടതുണ്ടെന്ന് പാപ്പാ എഴുതി (24). ധ്യാനാത്മകജീവിതവും, പ്രവൃത്തിയും തമ്മിൽ ഉണ്ടാകേണ്ട സന്തുലിതാവസ്ഥയുടെ പ്രാധാന്യവും പരിശുദ്ധ പിതാവിന്റെ അപ്പസ്തോലിക ലേഖനം എടുത്തുകാട്ടുന്നുണ്ട് (25).
കൗൺസിൽ രേഖകളുടെ അറുപതാം വാർഷികാഘോഷവും അവ മുന്നോട്ടുവയ്ക്കുന്ന ചിന്തകൾ പ്രാവർത്തികമാക്കുന്നതും നിവർത്തിക്കലും സഭയിൽ പൗരോഹിത്യവിളികളുടെ ഒരു പെന്തക്കോസ്താ അനുഭവം സൃഷ്ടിക്കുമെന്നും, ശുശ്രൂഷാപൗരോഹിത്യത്തിലേക്കുള്ള വിളികൾ വർദ്ധിക്കുന്നതിന് കാരണമാകുമെന്നും പൗരോഹിത്യജീവിതവുമായും സഭയുമായും ബന്ധപ്പെട്ട വിവിധ ചിന്തകൾ പങ്കുവയ്ക്കുന്ന ഈ സുപ്രധാനരേഖയുടെ ഉപസംഹാരത്തിൽ പാപ്പാ എഴുതി (27).
ചിലയിടങ്ങളിലെങ്കിലും ദൈവവിളികളിൽ ഉണ്ടാകുന്ന കുറവ്, ദൈവവിളികൾക്കായി പ്രാർത്ഥിക്കുന്നതിനൊപ്പം, സഭയുടെ അജപാലനശുശ്രൂഷയിലുള്ള വിശ്വസ്തതയെക്കുറിച്ച് വിചിന്തനം ചെയ്യാൻ ഏവരെയും ക്ഷണിക്കുന്നുണ്ടെന്ന് പാപ്പാ എഴുതി (28). ദൈവം വിളിക്കുന്നത് അവസാനിപ്പിച്ചിട്ടില്ലെന്ന് ഓർമ്മിപ്പിക്കുന്ന പാപ്പാ, ദൈവവിളിയുമായി ബന്ധപ്പെട്ട കൃത്യമായ ഒരു വീക്ഷണം യുവജനങ്ങളും കുടുംബങ്ങളും ഉൾപ്പെടുന്ന മേഖലകളിലെ സഭയുടെ അജപാലനത്തിൽ പ്രത്യേകമായി ഉണ്ടാകണമെന്ന് എഴുതി. ദൈവവിളികളെ പ്രോത്സാഹിപ്പിക്കാതെ ഭാവിയില്ലെന്ന് പാപ്പാ മുന്നറിയിപ്പ് നൽകി.
പത്രോസിന്റെ പിൻഗാമിയെന്ന സ്ഥാനം ഏറ്റെടുക്കുന്ന അവസരത്തിൽ നടത്തിയ പ്രഭാഷണത്തിൽ അനുസ്മരിച്ചതുപോലെ, ഐക്യത്തിന്റെയും ഒരുമയുടെയും അടയാളമായി, അനുരഞ്ജനപ്പെട്ട ഒരു ലോകത്തിന്റെ പുളിമാവാകുന്ന, ഒരുമയുള്ള ഒരു സഭയ്ക്കായുള്ള തന്റെ ആഗ്രഹം ഈ രേഖയുടെ അവസാനഭാഗത്തും പാപ്പാ എടുത്തുപറഞ്ഞു (29).സെമിനാരിക്കാരെയും, ഡീക്കന്മാരെയും വൈദികരെയും സദുപദേശത്തിന്റെ മാതാവായ പരിശുദ്ധ അമ്മയുടെയും, ഇടവകവൈദികരുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥനും എല്ലാ പുരോഹിതരുടെയും മാതൃകയുമായ ജോൺ മരിയ വിയാനി പണ്യവാളന്റെയും പ്രാർത്ഥനകൾക്ക് പരിശുദ്ധ പിതാവ് സമർപ്പിച്ചു.
“പൗരോഹിത്യം യേശുവിന്റെ ഹൃദയത്തിന്റെ സ്നേഹമാണെന്ന്” ആർസിലെ വിശുദ്ധ വിയാനിയെ പരാമർശിച്ചുകൊണ്ട് എഴുതിയ പാപ്പാ, നിരുത്സാഹത്തിന്റെയും ഏകാന്തതയുടെയും മേഘങ്ങളെ അകറ്റുന്ന സ്നേഹമാണിതെന്ന് ഉദ്ബോധിപ്പിച്ചു.

