തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ വിശാലമായ ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘം കണ്ടെത്തി . കഴിഞ്ഞ ദിവസം അറസ്റ്റിലായ ബെല്ലാരിയിലെ സ്വർണ വ്യാപാരി ഗോവർധന്റെയും സ്മാർട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയുടെയും റിമാൻഡ് റിപ്പോർട്ടിലാണ് ഗൂഢാലോചന സംബന്ധിച്ച് പരാമർശമുള്ളത്. ഇരുവരെയും കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ അപേക്ഷ നൽകും. സ്വർണക്കൊള്ള കേസിൽ പങ്കജ് ഭണ്ഡാരി 12ാം പ്രതിയും ഗോവർധൻ 13ാം പ്രതിയുമാണ് .
പങ്കജ് ഭണ്ഡാരിക്കും ഗോവർധനും സ്വർണമോഷണത്തിൽ നേരിട്ട് പങ്കുണ്ടെന്നാണ് എസ്ഐടിയുടെ നിലപാട്. ഉണ്ണികൃഷ്ണൻ പോറ്റി, പങ്കജ് ഭണ്ഡാരി ഗോവർധൻ എന്നിവർ ദേവസ്വം ബോർഡിലെ ചിലരുമായി ചേർന്നാണ് ഗൂഢാലോചന നടത്തിയത്. ഈ സാഹചര്യത്തിൽ പ്രതികളുടെ അറസ്റ്റ് .സ്വർണ പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹായത്തോടെ സ്മാർട് ക്രിയേഷനിലെത്തിച്ച് സ്വർണം വേർതിരിച്ചെടുത്തു.
ഇതിൽനിന്ന് 109 ഗ്രാം പണിക്കൂലിയായി പങ്കജ് ഭണ്ഡാരി കരസ്ഥമാക്കി . ബാക്കി 470 ഗ്രാം സ്വർണം കൽപേഷ് എന്ന ഇടനിലക്കാരൻ മുഖേന ഉണ്ണികൃഷ്ണൻ പോറ്റി ഗോവർധന് വിറ്റു. ഇക്കാര്യമാണ് ഉണ്ണികൃഷ്ണൻ പോറ്റി എസ്.ഐ.ടിക്കു മുന്നിൽ വെളിപ്പെടുത്തിയത്. ഉണ്ണികൃഷ്ണൻ പോറ്റി എത്തിച്ചത് ശബരിമലയിലെ സ്വർണമാണെന്നും ദേവസ്വം സ്വത്താണെന്നും ഇവരുവർക്കും അറിയാമായിരുന്നെന്നും റിമാൻഡ് റിപ്പോർറ്റിലുണ്ട് .കേസിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന. ദേവസ്വം ബോർഡ് അംഗങ്ങളായ എൻ. വിജയകുമാറിനെയും കെ.പി ശങ്കരദാസിനെയും വൈകാതെ ചോദ്യം ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്.

