വത്തിക്കാന്‍ സിറ്റി: ഇസ്രായേൽ പ്രസിഡന്റ് ഇസാക് ഹെർസോഗ് ലെയോ പതിനാലാമൻ പാപ്പയുമായി ഫോണിൽ സംസാരിച്ചുവെന്ന് പരിശുദ്ധ സിംഹാസനം. ഡിസംബർ 17 ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പയും പ്രസിഡന്റും സംസാരിച്ചതെന്ന് വത്തിക്കാന്‍ അറിയിച്ചു. ഹനൂക്ക ആഘോഷത്തിന്റെ പശ്ചാത്തലത്തിൽ നടന്ന സംസാരത്തിൽ, സിഡ്നിയിൽ അരങ്ങേറിയ ഭീകരാക്രമണത്തെയും സെമിറ്റിക് വിരുദ്ധനടപടികളെയും പാപ്പ അപലപിച്ചു.
ഇസ്രയേലുമായി ബന്ധപ്പെട്ട സമാധാന നടപടികളും ചർച്ചാവിഷയമായി.ഓസ്ട്രേലിയയിലെ സിഡ്നിയിൽ ഹനൂക്ക ആഘോഷങ്ങളിലായിരുന്ന ആളുകൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, എല്ലാ തരങ്ങളിലുമുള്ള സെമറ്റിക് വിരുദ്ധ നടപടികളെയും കത്തോലിക്ക സഭ ശക്തമായി അപലപിക്കുന്നുവെന്ന് പരിശുദ്ധ പിതാവ് ആവർത്തിച്ചു.
Pഇത്തരം പ്രവര്‍ത്തികൾ ലോകമെമ്പാടുമുള്ള യഹൂദസമൂഹത്തിലും പൊതുസമൂഹത്തിലും ഭീതി വിതച്ചുകൊണ്ടിരിക്കുകയാണെന്ന കാര്യവും പാപ്പ ചൂണ്ടിക്കാട്ടി. അതേസമയം, ഇസ്രായേൽ പ്രദേശത്ത് നടന്നുവരുന്ന സമാധാനനടപടികൾ തുടരണമെന്ന തന്റെ അഭ്യർത്ഥനയും ലെയോ പാപ്പ ആവർത്തിച്ചു.മാനവിക സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ അടിയന്തര പ്രാധാന്യവും പരിശുദ്ധ പിതാവ് പ്രസിഡന്റ് ഹെർസോഗിന് മുന്നിൽ അവതരിപ്പിച്ചുവെന്നും പരിശുദ്ധ സിംഹാസനം വ്യക്തമാക്കി.
സെപ്റ്റംബർ 4ന് ഇരുനേതാക്കളും തമ്മിൽ അപ്പസ്തോലിക കൊട്ടാരത്തിൽവച്ച് കൂടിക്കാഴ്ച നടത്തിയിരിന്നു. ഡിസംബർ 14 ഞായറാഴ്ച ബോണ്ടി കടൽത്തീരത്ത് ഹനൂക്ക ആഘോഷത്തിലായിരുന്ന ആളുകൾക്ക് നേരെ ഇസ്ലാമിക ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ പതിനാറു പേർ കൊല്ലപ്പെടുകയും നാൽപ്പതോളം പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരിന്നു.

