വത്തിക്കാന്: തികച്ചും ചടുലത നിറഞ്ഞ ഇന്നത്തെ ജീവിതക്രമത്തിൽ, ഒരുക്കത്തോടെ ക്രിസ്തുവിന്റെ ജനനത്തിനായി ഒരുങ്ങാനും, ക്രിസ്തുമസ് പുൽക്കൂട് പോലെയുള്ള ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും അടയാളങ്ങൾ കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ. ഡിസംബർ 17 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ച്ചാമധ്യേ ആളുകളെ അഭിസംബോധന ചെയ്യവെയാണ് പാപ്പാ ഇത്തരമൊരു ആഹ്വാനം മുന്നോട്ടുവച്ചത്.
വിതത്തിന്റെ നിരവധിയായ തിരക്കുകൾക്കിടയിലും, അടുത്തെത്തിയിരിക്കുന്ന ക്രിസ്തുമസിനായി ശ്രദ്ധയോടും പ്രാർത്ഥനയോടും കൂടെ ഒരുങ്ങാനും, ക്രൈസ്തവ വിശ്വാസത്തിന്റെയും സംസ്കാരത്തിന്റെയും കലയുടെയും ഭാഗമായ ക്രിസ്തുമസ് പുൽക്കൂട് പോലെയുള്ള അടയാളങ്ങൾ ശ്രദ്ധാപൂർവ്വം കാത്തുസൂക്ഷിക്കാനും ആഹ്വാനം ചെയ്ത് ലിയോ പതിനാലാമൻ പാപ്പാ.
ക്രിസ്തുമസിന് ഒരാഴ്ച മാത്രം ബാക്കിനിൽക്കെ, ഡിസംബർ 17 ബുധനാഴ്ച പതിവുപോലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിൽ വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ്, ഇത്തരമൊരു ആഹ്വാനം പാപ്പാ മുന്നോട്ടുവച്ചത്.ഏതാനും ദിവസങ്ങൾക്കുള്ളിൽ ക്രിസ്തുമസാകുമെന്നും, നിങ്ങളുടെ വീടുകളിൽ ക്രിസ്തുവിന്റെ ജനനത്തിന്റെ രഹസ്യത്തെ അനുസ്മരിപ്പിക്കുന്ന പുൽക്കൂടുകൾ ഒരുങ്ങിയിട്ടുണ്ടാകുമെന്നും പറഞ്ഞ പാപ്പാ, നമ്മുടെ വിശ്വാസത്തിന്റെ മാത്രമല്ല, ക്രൈസ്തവ സംസ്കാരത്തിന്റെയും കലയുടെയും ഭാഗമായ ഇത്തരമൊരു പ്രധാനപ്പെട്ട ഘടകം നഷ്ടപ്പെടാതെ തുടരട്ടെയെന്ന് ഇറ്റാലിയൻ ഭാഷ സംസാരിക്കുന്ന ആളുകളെ അഭിസംബോധന ചെയ്യവേ, ആശംസിച്ചു.
യേശു നമുക്കിയിടയിൽ വസിക്കാനായി മനുഷ്യനായി പിറന്നു എന്ന് നമ്മെ ഓർമ്മിപ്പിക്കുന്നതാണ് പുൽക്കൂടെന്ന് പാപ്പാ ഓർമ്മിപ്പിച്ചു.ക്രിസ്തുമസ് അടുത്തെത്തിയിരിക്കുന്ന ഇക്കാലത്ത് വിവിധ ആഘോഷങ്ങൾക്കായി തിരക്കിട്ട് ഒരുങ്ങുന്നതിനിടയിൽ, ഈ ആഘോഷങ്ങൾ ഉപരിപ്ലവമായി ജീവിച്ച് വീണ്ടും നിരാശയിലേക്ക് തിരികെപ്പോകാൻ നമ്മെത്തന്നെ അനുവദിക്കരുതെന്ന് ഓർമ്മിപ്പിച്ച പാപ്പാ, ക്രിസ്തുവിന്റെ വരവിനായി നമ്മുടെ ഹൃദയത്തെ ഒരുക്കാമെന്നും, ശ്രദ്ധയോടെ കാത്തിരിക്കാമെന്നും ആഹ്വാനം ചെയ്തു.
ഇത്തരമൊരു കാത്തിരിപ്പിലൂടെ, അവന്റെ സ്നേഹസാന്നിദ്ധ്യം, നമ്മുടെ ജീവിതത്തിന്റെയും ഹൃദയത്തിന്റെയും നിധിയായി മാറുമെന്നും, ഫ്രഞ്ച് ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവേ പരിശുദ്ധ പിതാവ് ഓർമ്മിപ്പിച്ചു.ഡിസംബർ 15 തിങ്കളാഴ്ച വൈകുന്നേരം വിശുദ്ധ പത്രോസിന്റെ ചത്വരത്തിലെ പുൽക്കൂട് അനാവരണം ചെയ്യപ്പെട്ടിരുന്നു.
പുൽക്കൂടും, ക്രിസ്തുമസ് മരവും ഒരുക്കുന്നതിന് സഹായിച്ചവരെ അന്നേ ദിവസം രാവിലെ, പോൾ ആറാമൻ ശാലയിൽ സ്വീകരിച്ച പാപ്പാ, പരിശുദ്ധ അമ്മയുടെ ധ്യാനാത്മകമായ നിശബ്ദതയെക്കൂടി പരാമർശിച്ചുകൊണ്ട്, യേശുവിന്റെ പുൽക്കൂട് നിശബ്ദതയും ധ്യാനാത്മകമായ പ്രാർത്ഥനയും നമ്മിൽനിന്ന് ആവശ്യപ്പെടുന്നുവെന്ന് ഓർമ്മിപ്പിച്ചിരുന്നു

