കോട്ടയം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടു തനിക്കു ലഭിച്ച വിവരങ്ങൾ എസ്ഐടിക്ക് നല്കുമെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോട്ടയം പ്രസ് ക്ലബിൽ നടന്ന മീറ്റ് ദ് ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. ശബരിമലയുമായി ബന്ധപ്പെട്ടു 500 കോടിയുടെ കൊള്ളയാണ് നടന്നെന്നാണ് സംശയിക്കുന്നത്.
മോഷ്ടിച്ച സ്വർണം പുരാവസ്തു എന്ന പേരിൽ അന്താരാഷ്ട്ര മാർക്കറ്റിൽ വിറ്റതായിട്ടാണ് തനിക്കു ലഭിച്ചിരിക്കുന്ന വിവരം . ഇക്കാര്യങ്ങളെല്ലാം എസ്ഐടി അന്വേഷിക്കണം. ഒരു വ്യവസായിൽ നിന്നാണ് ശബരിമലയുമായി ബന്ധപ്പെട്ടു വിവരങ്ങൾ ലഭിച്ചത്. ഇക്കാര്യങ്ങളാണ് എസ്ഐടിയ്ക്കു കൈമാറുന്നതെന്നും കൂടുതൽ അന്വേഷണം നടക്കുന്നതോടെ വൻ സ്രാവുകൾ പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു .എന്നാൽ ഇതുമായി ബന്ധപ്പെട്ട തെളിവുകൾ തൻറെ പക്കലില്ലെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമലയിലെ വിവരങ്ങൾ തനിക്കു നല്കിയ വ്യക്തിയുടെ പേർ മാധ്യമങ്ങൾക്കു മുന്നിൽ വെളിപ്പെടുത്തില്ല. തന്നോടു വിവരങ്ങൾ വെളിപ്പെടുത്തിയ വ്യക്തി എസ്ഐടിക്ക് വിവരങ്ങൾ നല്കാൻ തയാറാണ് . പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാരിൻറെത്. സിപിഎമ്മിലെ രണ്ടു നേതാക്കൾ അറസ്റ്റിലായിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. ഇവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും സിപിഎം തയാറായിട്ടില്ല. പാർട്ടി അറിഞ്ഞു നടത്തിയ കൊള്ളയാണോ എന്നു സംശിക്കണം.
ദേവസ്വം മന്ത്രി വി.എൻ. വാസവനും മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും സ്വർണകൊള്ളയിൽ പങ്കുണ്ട് . സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതോടെ പുതിയ വിവരങ്ങൾ വെളിച്ചത്തു വരും – രമേശ് ചെന്നിത്തല പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിനു അനുകൂല തരംഗമാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. അഴിമതി, കൊള്ള, സ്വജനപക്ഷപാതം എന്നിവയാണ് ഈ സർക്കാരിൻറെ മുഖമുദ്ര ചെന്നിത്തല കുറ്റപ്പെടുത്തി. എംപിമാർ കേന്ദ്രത്തിൽ ഇടപെടുന്നതിൽ തെറ്റില്ല. എന്നാൽ ജോൺ ബ്രിട്ടാസ് എംപി ദല്ലാളായിട്ടാണു പ്രവർത്തിക്കുന്നത് . കേരളത്തിലെ സിപിഎം- ബിജെപി അന്തർധാര പുറത്തുവന്നിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

