മുനമ്പം: 2022 ജനുവരി 13 മുതൽ മുനമ്പം തീരദേശവാസികളുടെ റവന്യൂ അവകാശങ്ങൾ പൂർണമായി നിഷേധിക്കപ്പെട്ടിരുന്നു. ഈ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യവുമായി 2024 ഒക്ടോബർ 13 മുതൽ വേളാങ്കണ്ണി മാതാവിന്റെ പള്ളി അങ്കണത്തിൽ മുനമ്പം ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നിരാഹാര സമരം ആരംഭിച്ചു.
കേരള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2025 ഒക്ടോബർ 26-ന് പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജ് ഓഫീസർമാർ വീണ്ടും കരമടക്കാൻ അനുമതി നൽകി. അന്നേദിവസം തന്നെ ധാരാളം മുനമ്പം തീരകുടുംബങ്ങൾ വില്ലേജ് ഓഫീസിൽ എത്തി കരം അടച്ചു.
നിരാഹാര സമരത്തിന്റെ 414-ാം ദിവസമായ 2025 നവംബർ 30-ന് ഞായറാഴ്ച ബഹു. റവന്യൂ മന്ത്രി കെ. രാജൻ, നിയമ മന്ത്രി പി. രാജീവ്, വൈപ്പിൻ എംഎൽഎ കെ.എൻ. ഉണ്ണികൃഷ്ണൻ, ചങ്ങനാശ്ശേരി എംഎൽഎ ജോബ് മൈക്കിൾ തുടങ്ങിയവർ സമരപന്തലിലെത്തി നാരങ്ങാവെള്ളം നൽകി സമരം അവസാനിപ്പിച്ചു. “പോക്കുവരവ് നടത്തുന്നതിന് ഇനി നിയമപരമായ തടസ്സമില്ല” എന്ന് റവന്യൂ മന്ത്രി അവിടെവച്ച് പ്രഖ്യാപിച്ചു.
കോടതി കേസുകൾ വർഷങ്ങളോളം നീളുമെന്നതിനാൽ അടിയന്തിരമായി റവന്യൂ അവകാശങ്ങൾ പുനഃസ്ഥാപിക്കണമെന്ന് ഭൂസംരക്ഷണ സമിതി ഭാരവാഹികൾ നിയമമന്ത്രിയോടും, റവന്യൂ മന്ത്രിയോടും അഡ്വക്കേറ്റ് ജനറലിനോടും ആവർത്തിച്ച് അഭ്യർത്ഥിച്ചിരുന്നു. മറുപടിയായി നിയമമന്ത്രി പി. രാജീവ് വ്യക്തമാക്കി: “മുനമ്പത്തെ സാധാരണ മത്സ്യത്തൊഴിലാളികൾക്കുവേണ്ടി സുപ്രീം കോടതിയിൽ കേരള സർക്കാർ കവിയറ്റ് (തടസ്സ് ഹർജി) ഫയൽ ചെയ്തിട്ടുണ്ട്. ഈ സാധാരണക്കാർക്കുവേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്.”
തുടർനടപടിയെന്നോണം വില്ലേജ് ഓഫീസർമാർ തഹസിൽദാർ വഴി എറണാകുളം കളക്ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ് പരിശോധിച്ചശേഷം കളക്ടർ മുഴുവൻ റവന്യൂ അവകാശങ്ങളും പുനഃസ്ഥാപിച്ചുകൊടുത്തുകൊണ്ട് ഉത്തരവിട്ടു.
നാലു വർഷത്തോളം നീണ്ടുനിന്ന പോരാട്ടത്തിനൊടുവിലാണ് ഈ നേട്ടം കൈവന്നത്. 2022 ജനുവരി 13 വരെ കോഴിക്കോട് ഫാറൂഖ് കോളേജിനും കേരള വഖഫ് ബോർഡിനും മുനമ്പത്ത് 404 ഏക്കർ കരഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും ഉണ്ടെന്നായിരുന്നു ധാരണ.
എന്നാൽ ഫാദർ ജോഷി മയ്യാറ്റിൽ, ഭൂസംരക്ഷണ സമിതി ഭാരവാഹികൾ എന്നിവർ 1950-ലെ ആധാരവും 1971-ലെ പറവൂർ സബ് കോടതി വിധിയും 1975-ലെ ഹൈക്കോടതി വിധിയും കൃത്യമായി പരിശോധിച്ചപ്പോൾ വെറും 114 ഏക്കർ കരഭൂമിയും 60 ഏക്കർ വെള്ളക്കെട്ടും മാത്രമേ യഥാർഥത്തിൽ ഉള്ളൂ എന്ന് തെളിഞ്ഞു. ഇന്ന് കേരള സർക്കാരിനും ഫാറൂഖ് കോളേജിനും വഖഫ് ബോർഡിനും ഈ യാഥാർഥ്യം മനസ്സിലായിക്കഴിഞ്ഞു. വഖഫ് സംരക്ഷണ വേദി ഇനി കേസ് തുടരുന്നത് രാഷ്ട്രീയ ലാഭത്തിനുവേണ്ടി മാത്രമാണ്.

