മുനമ്പം: മുനമ്പം ജനത ഭൂസംരക്ഷണ സമിതി എന്ന പേരിൽ അവകാശ പോരാട്ടം തുടങ്ങുന്നതിനു മുമ്പ് തന്നെ കോട്ടപ്പുറം രൂപതയിലെ സമുദായ നേതാക്കളുമൊത്ത് ആദ്യഘട്ടം മുതൽ തന്നെ കെഎൽസിഎ ലത്തീൻ സഭയുടെ രൂപീകരണ സമിതിയായ കെആർഎൽസിസിയുടെ ഒപ്പം അഭിവന്ദ്യ പിതാക്കന്മാരുടെ പിന്തുണയോടുകൂടി അവരുടെ ഭൂമി അവകാശങ്ങൾ സംരക്ഷിക്കപ്പെടണം എന്ന് ആവശ്യപ്പെട്ട് വിളിച്ചുചേർത്ത യോഗങ്ങളിൽ ഒപ്പം ഉണ്ടായിരുന്നു.
രാജ്യത്ത് ഭൂമിയുടെ അവകാശം കേവലം ഉടമസ്ഥൻ എന്ന ആധാരം കൊണ്ടു മാത്രമാകില്ല, വസ്തുവിന്റെ കൈവശാവകാശവും കൂടിയുണ്ടാകണം. ഉടമസ്ഥതയും കൈവശവും ചേർന്നു വരുന്നതാണ് സമ്പൂർണ്ണ അവകാശം. ആധാരം കൊണ്ട് ഉടമസ്ഥാവകാശവും തണ്ടപ്പേര് പിടിച്ച കരമടയ്ക്കുന്നതിലൂടെ കൈവശവും സ്ഥാപിക്കാനാകും. കോടതി ഉത്തരവുകളോ ജപ്തിയോ മറ്റ് റവന്യൂ ഉത്തരവുകളിലൂടെയുള്ളതോ ആയ ബാധ്യതകൾ ഒന്നുമില്ലെന്ന് സബ് രജിസ്ട്രാർ ഓഫീസിൽ നിന്നുള്ള ബാധ്യതാ സർട്ടിഫിക്കറ്റും ROR ഉൾപ്പെടെയുള്ള റവന്യൂ രേഖകളും ലഭ്യമാക്കി കഴിഞ്ഞാൽ ഇക്കാലത്ത് ഭൂമിക്ക് മാർക്കറ്റബിൾ ടൈറ്റിൽ ആയി എന്ന് പറയാം.
മുനമ്പം ഭൂമി വക്കഫ് ഭൂമിയല്ല എന്ന് കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് (2025 5 KLT 797) ഉത്തരവും തുടർന്ന് ഉണ്ടായ മറ്റ് (2025 KHC OnLine 2296) ഉത്തരവുകളിലൂടെയും അവർക്ക് അടിസ്ഥാന ഭൂനികുതി അടയ്ക്കാൻ സാഹചര്യമൊരുങ്ങിയതും അവരുടെ ഭൂമിയുടെ അവകാശ സംരക്ഷണ പോരാട്ടത്തിൽ നാഴികക്കല്ല് തന്നെയാണ്.
കേരളത്തിൽ അടിസ്ഥാന ഭൂനികുതി ഈടാക്കുന്നതിനുള്ള നിയമം കേരള ഭൂനികുതി നിയമം 1961 ആണ്. ഇതിനോടനുബന്ധിച്ച് 1972ലെ ഭൂനികുതി ചട്ടങ്ങളും നിലവിലുണ്ട്. ഈ നിയമപ്രകാരം ഭൂനികുതിയിൽ നിന്ന് ഒഴിവാക്കപ്പെട്ടതൊഴികെ കേരളത്തിലെ എല്ലാ ഭൂമികൾക്കും ഭൂനികുതി (Basic Tax) ഉണ്ടായിരിക്കുന്നതാണ്. ഭൂമിയുടെ കൈവശക്കാരനിൽ നിന്നാണ് ഭൂനികുതി ഈടാക്കേണ്ടത്. ഭൂമിയുടെ രജിസ്ട്രേഡ് ഉടമസ്ഥൻ, ഭൂപരിഷ്കരണ നിയമപ്രകാരമുള്ള കുടിയാൻ, കുടി കിടപ്പുകാർ കാണം കുടിയായ്മ നിയമപ്രകാരമുള്ള കാണപ്പാട്ടക്കാർ, തുടങ്ങിയ ഭൂമിയുടെ കൈവശക്കാരിൽ നിന്നെല്ലാം ഭൂനികുതി ഈടാക്കണമെന്ന് നിയമം വ്യവസ്ഥ ചെയ്തിരിക്കുന്നു.
ആധാരപ്രകാരമുള്ള ഉടമസ്ഥരായ എല്ലാവർക്കും മുനമ്പത്ത് ഇനി ഭൂമിയുടെ കരം അടക്കാനുള്ള അവകാശം വീണ്ടും വന്നുചേരും.
വർഷങ്ങൾക്കു മുമ്പ് അവർക്ക് കിട്ടിയ തീറാധാര പ്രകാരം പലരും പോക്കുവരവ് ചെയ്തിട്ടുണ്ട്. ഇല്ലാത്തവർക്കും കൂടി അതിനുള്ള അവസരം ഒരുങ്ങണം.
ആധാരങ്ങൾക്കുശേഷം നിലവിലെ ഉടമസ്ഥന്റെ പേരിലേക്ക് നികുതി ബാധ്യത വരികയും ആരിൽ നിന്നാണ് ഭൂനികുതി തിരിച്ചെടുക്കേണ്ടത് എന്ന് റവന്യൂ റെക്കോർഡുകളിൽ രേഖപ്പെടുത്തുന്ന നടപടിയാണ് പോക്കുവരവ്. 1966 ലെ ട്രാൻസ്ഫർ ഓഫ് രജിസ്റ്റർ റൂൾസ് പ്രകാരമാണ് കേരളത്തിൽ പോക്ക് വരവ് നടത്തുന്നത്. ഭൂനികുതി അടയ്ക്കേണ്ട ബാധ്യത ആർക്കാണ് എന്നത് ആധാരത്തിലൂടെ വ്യക്തമാകുന്നുണ്ടോ എന്നാണ് പോക്കുവരവ് അപേക്ഷകളിൽ അടിസ്ഥാനമാക്കേണ്ടത്. അതുകൊണ്ടുതന്നെ ആധാരപ്രകാരമുള്ള ഉടമസ്ഥന് പോക്കുവരവ് ചെയ്ത് ലഭിക്കും.
കരം അടക്കലും പോക്കുവരവും കൂടാതെ ഭൂമിയിൽ മറ്റു ബാധ്യതകൾ ഒന്നുമില്ല എന്ന ബാധ്യത സർട്ടിഫിക്കറ്റും ലഭിക്കണം.
ഭൂമിയുടെ മാർക്കറ്റബിൾ ടൈറ്റിൽ ഉറപ്പുവരുത്തുന്നതിനായി ഉണ്ടാകേണ്ട ഒരു രേഖയാണ് ബാധ്യത സർട്ടിഫിക്കറ്റ്. ഭൂമി യാതൊരു ബാധ്യതകളും ഇല്ലാതെ ക്രയവിക്രയം ചെയ്യുന്നതിന് പൂർണ്ണ അധികാരം ഉടമസ്ഥന് ഉണ്ട് എന്ന് കാണിക്കുന്ന രേഖയാണിത്. ഏതെങ്കിലും തരത്തിലുള്ള അറ്റാച്ച്മെന്റുകളോ കോടതിവിധികളോ ജപ്തി ബാധ്യതകളോ ഉണ്ടെങ്കിൽ അത് ബാധ്യത സർട്ടിഫിക്കറ്റിൽ പ്രതിഫലിക്കും. അത്തരത്തിൽ യാതൊരു ബാധ്യതയും ഇല്ലാത്ത സർട്ടിഫിക്കറ്റ് കൂടി മുനമ്പത്തുകാർക്ക് ലഭിക്കുന്നതോടുകൂടി അവർക്ക് ഭൂമിയിൽ പൂർണ്ണ ഉടമസ്ഥതാവകാശം വന്നുചേരുന്നു.
നിലവിലുള്ള ഉടമസ്ഥരുടെ പേരിലേക്ക് തണ്ടപ്പേര് പിടിച്ച് പോക്ക് വരവ് നടത്തി ട്രാൻസ്ഫർ ഓഫ് രജിസ്ട്രി നിയമപ്രകാരം നടപടികൾ പൂർണ്ണമാകുമ്പോൾ കൈവശാവകാശവും റവന്യൂ രേഖകളിൽ പൂർണ്ണതയിലെത്തും.
ഭൂമിയുടെ അവകാശം സംബന്ധിച്ച കാര്യങ്ങൾ സൂചിപ്പിക്കുന്ന രേഖയാണ് ROR അഥവാ അവകാശങ്ങളുടെ രേഖ.
വസ്തു വിവരവും അളവും, കൈവശാവകാശിയുടെപേരും വിലാസവും, ഭൂമിയിൽ മറ്റ് അവകാശങ്ങളോ ബാധ്യതകളോ ഉള്ള ആളുകളുടെ പേരും വിലാസവും, എന്തു തരത്തിലുള്ള കൈവശവും അവകാശവുമാണ് എന്നുള്ള വിവരങ്ങൾ, കുടികിടപ്പുകാരുണ്ടെങ്കിൽ വിവരങ്ങൾ, മറ്റ് എന്തെങ്കിലും വിവരങ്ങൾ ഉണ്ടെങ്കിൽ അവയൊക്കെയും ഉൾപ്പെടുന്ന രേഖയാണ് കേരള റെക്കോർഡ് ഓഫ് റൈറ്റ്സ് 1968 നിയമപ്രകാരം ലഭിക്കുന്ന ROR.
പോക്കുവരവ് ചെയ്ത്, നികുതിയടച്ച്, ബാധ്യതകൾ ഇല്ലാത്ത സർട്ടിഫിക്കറ്റ് ലഭിച്ച്, ROR കൂടി ഉണ്ടെങ്കിൽ ആധാരം കയ്യിലുള്ള ഒരു ഉടമസ്ഥന് എവിടെയും ഈ രേഖകൾ കാണിച്ച് സമ്പൂർണ്ണ അവകാശം ഉണ്ടെന്ന് സ്ഥാപിക്കാം. നിലവിൽ ബാക്കിനിൽക്കുന്ന വ്യവഹാരങ്ങൾ എത്രയും വേഗം അവസാനിച്ച് മുനമ്പത്തുകാർക്ക് വക്കഫ് ഭൂമി എന്ന ഭീഷണിയില്ലാതെ ഇനി അവരുടെ ഭൂമി സർവ്വവിധ അവകാശ അധികാരങ്ങളോടെ ക്രയവിക്രയ സ്വാതന്ത്ര്യത്തോടെ ഉപയോഗിക്കുന്ന കാലം വിദൂരമല്ല.
അവകാശങ്ങൾക്ക് മേലുള്ള അവസാന ചുവപ്പുനാടയും അഴിഞ്ഞുവീഴുന്നതു വരെയും ഇനിയും കെഎൽസിഎ അവരോടൊപ്പം ഉണ്ടാകും. അവകാശ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന മുനമ്പം ഭൂ സംരക്ഷണ സമിതിയുടെ നേതാക്കൾക്കും ഒപ്പം ചേർന്നുനിൽക്കുന്നവർക്കും അഭിവാദ്യങ്ങൾ.

