വത്തിക്കാൻ സിറ്റി: ലോകപ്രശസ്ത ഇറ്റാലിയൻ സംഗീതജ്ഞനും പ്രമുഖ ഓർക്കസ്ട്രേഷനിലും പ്രശസ്തി നേടിയ റിക്കാർഡോ മുട്ടിക്ക് 2025ലെ റാറ്റ്സിംഗർ പുരസ്കാരം. പോപ് ബെനഡിക്റ്റ് പതിനാറാമൻ വത്തിക്കാൻ ഫൗണ്ടേഷൻ നൽകിവരുന്ന ബെനഡിക്ട് പതിനാറാമൻ പാപ്പയുടെ പേരിലുള്ള ജോസഫ് റാറ്റ്സിംഗർ- ഉന്നത പുരസ്കാരത്തിനാണ് റിക്കാർഡോ മുട്ടിയെ തെരഞ്ഞെടുത്തിരിക്കുന്നത്. ഡിസംബർ 12ന് ബെനഡിക്ട് പാപ്പയുടെ ആദരണാർത്ഥം വത്തിക്കാനിൽ നടക്കുന്ന സംഗീത പരിപാടിയിൽ, ലെയോ പതിനാലാമൻ പാപ്പ പുരസ്കാരം സമ്മാനിക്കും. ആഴത്തിലുള്ള ദൈവശാസ്ത്ര പാണ്ഡിത്യത്തിനപ്പുറം, ശാസ്ത്രീയ സംഗീതത്തിന്റെ ഒരു വലിയ ആരാധകനും ആസ്വാദകനുമായിരുന്നു ബെനഡിക്ട് പാപ്പ.
സംഗീതത്തിലെ റിക്കാർഡോ മുട്ടിയുടെ കഴിവിൽ ആകൃഷ്ട്ടനായ ബെനഡിക്ട് പതിനാറാമൻ പാപ്പ കലാകാരനോട് പിൽക്കാലത്ത് ആദരവ് പ്രകടിപ്പിച്ചിരിന്നു. അസാധാരണമായ ആത്മീയവും സാംസ്കാരികവുമായ മൂല്യം റിക്കാർഡോ മുട്ടിയുടെ സംഗീതങ്ങളിൽ നിറഞ്ഞുനിൽക്കുന്നതായി പാപ്പ പറഞ്ഞിരിന്നു. 2013 ഫെബ്രുവരിയിൽ ബെനഡിക്ട് പതിനാറാമൻ പാപ്പ സ്ഥാനത്യാഗത്തിന് ശേഷം പ്രാർത്ഥനയുടെയും ഏകാന്തതയുടെയും ജീവിതത്തിനായി മാത്തർ എക്ലേസിയേ ആശ്രമത്തിലേക്ക് താമസം മാറിയപ്പോഴും, റിക്കാർഡോയുമായി സൌഹാർദ്ദം തുടർന്നിരിന്നു.

