തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ ബെവ്കോ അടക്കം എല്ലാ മദ്യശാലകൾക്കും അവധി പ്രഖ്യാപിച്ചു . അവധി ദിവസങ്ങൾ നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കി. ഡിസംബർ 9, 11 തീയതികളിൽ രണ്ടു ഘട്ടങ്ങളായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനും അതിനുശേഷം 13-ന് നടക്കുന്ന വോട്ടെണ്ണൽ ദിനത്തിലുമാണ് സമ്പൂർണ മദ്യ നിരോധനം.
ഡിസംബർ 9-ന് ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 7-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 9-ന് വൈകിട്ട് വോട്ടെടുപ്പ് പൂർത്തിയാകും വരെയും ഡിസംബർ 11-ന് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 9-ന് വൈകിട്ട് 6 മണി മുതൽ ഡിസംബർ 11-ന് വോട്ടെടുപ്പ് പൂർത്തിയാകും വരെയും നിരോധനം ബാധകമായിരിക്കും.
ഡിസംബർ 13-ന് വോട്ടെണ്ണൽ ദിനത്തിൽ സംസ്ഥാന വ്യാപകമായി സമ്പൂർണ മദ്യ നിരോധനം ഉണ്ടാകും . നിരോധനം ബാധകമായ ദിവസങ്ങളിൽ ഹോട്ടലുകൾ, ഭക്ഷണശാലകൾ, മദ്യശാലകൾ എന്നിവ വഴി മദ്യമോ മദ്യസമാനമായ ലഹരിവസ്തുക്കളോ വിൽക്കുകയോ വിതരണം ചെയ്യുകയോ പാടില്ല.
സംസ്ഥാനത്തെ എല്ലാ മദ്യ വിൽപ്പനശാലകളും മദ്യം വിളമ്പുന്ന ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബുകൾ എന്നിവ അടച്ചിടണം . നിരോധനം ബാധകമായ ദിവസങ്ങളിൽ മദ്യ നിരോധനമില്ലാത്ത സമീപ പ്രദേശങ്ങളിൽനിന്ന് നിരോധനം ബാധകമായിടത്തേക്കുള്ള മദ്യത്തിന്റെ ഒഴുക്ക് പൂർണ്ണമായും എക്സൈസ് അധികൃതർ തടയേണ്ടതാണെന്ന് അഡീഷണൽ ചീഫ് സെക്രട്ടറി കെ. ആർ. ജ്യോതിലാൽ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

