പക്ഷം / ഫാ. സേവ്യര്‍ കുടിയാംശ്ശേരി
പി.എം.ശ്രി പദ്ധതി തത്കാലം കേരളത്തില്‍ നടപ്പാക്കുന്നില്ല എന്നു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തെ അറിയിച്ചിരിക്കുകയാണ്. കൂടാതെ ഈ പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് സംസ്ഥാന സര്‍ക്കാരിനെ തടഞ്ഞിരിക്കുകയുമാണ് സിപിഎം പോളിറ്റ് ബ്യൂറോ. മിക്കവാറും ബാക്കിയെല്ലാ സംസ്ഥാനങ്ങളും അതു നടപ്പാക്കുമ്പോള്‍ കേരളം മാത്രം അതില്‍നിന്ന് എന്തിനു മറിനില്ക്കണം?
പി.എം. ശ്രീയില്‍നിന്നു പിന്മാറിയിട്ടില്ലെന്നും മാറ്റിവച്ചിട്ടേയുള്ളൂവെന്നും വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടി ആവര്‍ത്തിച്ചു പറയുന്നുണ്ടെങ്കിലും തത്വത്തില്‍ വേണ്ടെന്നു വച്ചിരിക്കുകയാണെന്നു വേണം കരുതാന്‍. ഈ വിഷയം സംബന്ധിച്ച്ഭരണകക്ഷിയിലെ സിപിഐയും സിപിഎം തമ്മില്‍ രൂക്ഷമായ അഭിപ്രായവ്യത്യാസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സിപിഐ ഇടയാന്‍ രണ്ടു മുന്നു കാരണങ്ങളുണ്ട്. ആദ്യത്തേത് രാഷ്ട്രിയമാണ്. സിപിഐ യോടു പറയാതെ പോയി കേന്ദ്രവുമായി പി. എം. ശ്രീയില്‍ ഒപ്പുവച്ചു. ഈ വിവരം പുറംലോകം അറിയുന്നതിനുമുമ്പു നടന്ന ക്യാബിനറ്റു യോഗത്തില്‍ ബിനോയ് വിശ്വം ഈ വിഷയം സംബന്ധിച്ചു ചോദിച്ചപ്പോള്‍ ഒപ്പുവച്ചു കഴിഞ്ഞിരുന്നു. എന്നിട്ടുപോലും ഒന്നും മിണ്ടിയില്ല. ഇത്ര ഗൗരവമുള്ള ഒരു വിഷയം തങ്ങളില്‍നിന്നു മറച്ചുവച്ചതിനു ഒരു ന്യായീകരണവുമില്ല എന്ന് സിപിഐ കരുതുന്നു.
മോങ്ങാനിരുന്നവന്റെ തലേല് തേങ്ങാ വീണു എന്നു പറഞ്ഞതുപോലായിപ്പോയി ഈ സംഭവം. സിപിഐ.യോടു സിപിഎം ഒരു തരം ചിറ്റമ്മനയാണു സ്വീകരിക്കുന്നതെന്നു സിപിഐക്കു പൊതുവേ ഒരു പരാതിയുണ്ട്. മാത്രമല്ല, ബിനോയ് വിശ്വം പിണറായിയോടു അതിരുകടന്ന വിധേയത്വം കാണിക്കുന്നു എന്ന് സിപിഐയിലെ എല്ലാവരും പറയാതെ പറയുന്നുമുണ്ട്. രണ്ടാമതായി ഇതു നടപ്പാക്കിയാല്‍ കമ്യൂണിസ്റ്റുപ്രസ്ഥാനം കാലങ്ങളായി എതിര്‍ത്തുവന്ന സംഘപരിവാര്‍ – ആര്‍എസ്എസ് അജ
ണ്ടയ്ക്കു കീഴടങ്ങുകയും ആര്എസ്സെസ്സുകാര് തയ്യാറാക്കുന്ന പാഠപുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ നിര്‍ബന്ധിതരാകുകയും ചെയ്യും എന്നതാണ്.
ഒരു കാര്യം കൃത്യമാണ്. ഘടകകക്ഷിയായ സിപിഐയെ നിഷ്കരുണം അവഗണിച്ചിട്ടു പോയി പി.എം. ശ്രിയില്‍ ഒപ്പുവച്ചതു കൊടിയ പാതകംതന്നെ. മുന്നണി മര്യാദയ്ക്ക് ഒട്ടുമേ ചേരുന്നതല്ല. രണ്ടാമതു പറഞ്ഞ ആര്‍എസ്എസ് അജണ്ട പഠിപ്പിക്കേണ്ടി വരുമോ? അങ്ങനെ വരില്ല. കാരണം വിദ്യാഭ്യാസം കണ്‍കറന്റ് ലിസ്റ്റില്പ്പെടുന്നതാണ്, സ്റ്റേറ്റിനും കേന്ദ്രത്തിനും ഒരുപോലെ അവകാശമുണ്ട്. ഏതെങ്കിലും പുസ്തകമോ ഏതെങ്കിലും പാഠഭാഗമോ പഠിപ്പിക്കുന്നതിനോടു സംസ്ഥാന സര്‍ക്കാര്‍ യോജിക്കുന്നില്ലെങ്കില്‍ അത് ഒഴിവാക്കാവുന്നതാണ്. പകരം മറ്റൊരു ടെകസ്റ്റോ പാഠമോ വേറെ സംഘടിപ്പിച്ചാലും മതി. ആരും നിര്ബന്ധിക്കില്ല. ആര്‍ക്കും നിര്‍ബന്ധിക്കാനാവില്ല.
സിപിഎം – സിപിഐ സംഘര്ഷത്തിനയവു വരുത്താന്‍ സിപിഎം രണ്ടു നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വച്ചു. ഒന്നു പി.എം. ശ്രീ പദ്ധതി താത്കാലികമായി നടപ്പാക്കില്ല എന്നു കേന്ദ്രത്തെ അറിയിക്കുക. രണ്ടാമതായി ഈ വിഷയം വിശദ
മായി പഠിച്ച് മന്ത്രി സഭയില്‍ അവതരിപ്പിച്ചു തീരുമാനമെടുക്കാന്‍ ഒരു ഉപസമിതിയെ വയ്ക്കുക. ഇതു വെറുമൊരു സാങ്കേതികത്വംമാത്രമാണ്. ഒരു പക്ഷേ അങ്ങനെയൊരു ഉപസമിതി കൂടാന്‍പോലും സാധ്യതയില്ല. പ്രശ്നം താത്കാലികമായി പരിഹരിച്ചെങ്കിലും വിഷയം സംബന്ധിച്ച ആകുലതയും അസ്വസ്ഥതയും കെട്ടടങ്ങിയിട്ടില്ല.
പി.എം. ശ്രി പ്രൊപ്പോസ് ചെയ്യുന്ന ന്യൂ എഡ്യൂക്കേഷണല്‍ സംവിധാനങ്ങളിലെ മാറ്റം അന്താരാഷ്ട്ര നിലവാരത്തിലേക്കു രാജ്യത്തെ വളര്‍ത്തുന്നതാണ്. വളരെ വിദ്യാസമ്പന്നരും വിജ്ഞാനികളുമായവര്‍ വര്‍ഷങ്ങളോളം പഠിച്ചു തയ്യാറാക്കിയിട്ടുള്ള വിദ്യാഭ്യാസ സമ്പ്രദായമാണ്. ഇന്ത്യയൊട്ടാകെയുള്ള സംസ്ഥാനങ്ങളിലെ കുട്ടികള്‍ ഈ സംവിധാനത്തില്‍ വളരുമ്പോള്‍ കേരളത്തിലെ കുട്ടികള്‍ക്ക് അതു നിഷേധിക്കുന്നതു ശരിയാണോ? ഇന്ത്യയില്‍ മൊത്തത്തില്‍ ഇപ്പോഴത്തെ പ്ലസ് ടു സംവിധാനത്തിനു പകരം 2020 ലെ എന്‍ഇപി പ്രകാരം 5+3+3+4 എന്ന സംവിധാനം നിലവില്‍ വരികയാണ്.
1.ഫൗണ്ടേഷണല്‍ സ്റ്റേജ് (5 വര്‍ഷം), 2. മുന്നു വര്‍ഷം പ്രീ സ്കൂള്‍ സ്റ്റേജ്, 3. പ്രിപ്പറേറ്ററി സ്റ്റേജ് 8-11, മിഡില്‍ സ്റ്റേജ് (3വര്‍ഷം), 4. സെക്കന്ററി സ്റ്റേജ് 9,10,11, 12) എന്നിങ്ങനെയുള്ള സംവിധാനങ്ങള്‍ നിലവില്‍ വരുമ്പോള്‍ നമുക്കുമാത്രം എങ്ങനെ മാറിനില്ക്കാനാകും?
മാത്രമല്ല അത്ര ഗൗരവമായിട്ടെടുക്കേണ്ടെങ്കില്പ്പോലും ഇതുമായി ബന്ധപ്പെട്ടു കേന്ദ്രം അനുവദിക്കുന്ന സാമ്പത്തിക സഹായം എന്തിനു വേണ്ടെന്നു വയ്ക്കണം?
രാഷ്ട്രീയ പരിഗണനകള്‍ക്കപ്പുറം പി.എം. ശ്രീ പദ്ധതിയും എന്‍.ഇ.പിയും വേണ്ടെന്നു വയ്ക്കുന്നതു കേരള സംസ്ഥാനത്തിനും ഇവിടത്തെ കുട്ടികള്‍ക്കും നല്ലതായിരിക്കില്ല. ബിജെപിക്കാര്‍ പറയുന്നതെല്ലാം ഭോഷ്കാമെന്നു കരുതേണ്ടതില്ല. സംഘപരിവാര്‍ അജണ്ട, കാവിവല്‍ക്കരണം തുടങ്ങിയ വാക്കുകള്‍ ചര്‍ച്ചകളില്‍ കത്തിക്കയറാന്‍ ഉപകരിക്കുമായിരിക്കുമെങ്കിലും
വസ്തുതകള്‍ പഠിച്ചാല്‍ പി.എം.ശ്രിയും എന്‍.ഇ.പിയും നമുക്കു നല്ലതുതന്നെയെന്നാണ് എന്റെ പക്ഷം.

