തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായി സംസ്ഥാനത്തെ ക്രിസ്മസ് പരീക്ഷാ ടൈം ടേബിൾ പുനക്രമീകരിച്ചു. 1 മുതൽ 10 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 15 മുതൽ 23 വരെയാണ് പരീക്ഷ നടക്കുക. 1 മുതൽ 4 വരെയുള്ള ക്ലാസുകൾക്ക് ഡിസംബർ 17 മുതൽ 23 വരെയായിരിക്കും പരീക്ഷ. ഡിസംബർ 24 -ന് ക്രിസ്മസ് അവധി ആരംഭിക്കും. തുടർന്ന് ജനുവരി 5 -ന് ക്ലാസുകൾ പുനരാരംഭിക്കും.
ഒന്നും രണ്ടും വർഷ ഹയർസെക്കൻഡറി ക്ലാസുകളിലെ അർധവാർഷിക പരീക്ഷയും 15 -ന് തുടങ്ങും. ഈ ക്ലാസുകളിലെ അവശേഷിക്കുന്ന ഒരു പരീക്ഷ ജനുവരി ആറിനാണ് നടത്തുക. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ കൂടുതലും സ്കൂളുകൾ ആയതിനാലും അധ്യാപകർക്ക് തിരഞ്ഞെടുപ്പ് ഡ്യൂട്ടി ഉള്ളതും പരിഗണിച്ചാണ് പരീക്ഷ തീയതികളിൽ മാറ്റം വരുത്തിയത്.

