ന്യൂഡല്‍ഹി: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വമ്പിച്ച പ്രകടനത്തിനു പിന്നാലെ അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പലേക്ക് നോട്ടമിടുകയാണ് ബിജെപി. പശ്ചിമ ബംഗാളും പിടിച്ചെടുക്കാനാകുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ. ബിഹാറിലെ ഫലം പുറത്തറിഞ്ഞയുടന്‍ ബിജെപിയുടെ പശ്ചിമ ബംഗാള്‍ ഘടകം എക്സിലൊരു കുറിപ്പ് പങ്കുവെച്ചു. അടുത്തത് പശ്ചിമ ബംഗാള്‍ എന്നായിരുന്നു കുറിപ്പില്‍.
പിന്നാലെയെത്തി ബിജെപിക്ക് മറുപടി. അതും മലയാളികളുടെ സ്വന്തം ഷിബുദിനാശംസാ വീഡിയോയിലൂടെ. സ്വപ്നം കണ്ടോളൂ എന്ന കുറിപ്പോടെ ബെഞ്ചമിന്‍ പി ബോബിയുടെ വീഡിയോയുടെ ഒരുഭാഗം പങ്കുവെച്ചുകൊണ്ടായിരുന്നു ടിഎംസിയുടെ മറുപടി. സ്വപ്നം കാണുന്നത് നല്ല കാര്യമാണ് എന്നാണ് വീഡിയോയില്‍ പറയുന്നത്.
അതേസമയം, ബിജെപിയുടെ സ്വപ്നം നടക്കാന്‍ പോകുന്നില്ലെന്നായിരുന്നു ടിഎംസിയുടെ മുതിര്‍ന്ന നേതാവ് കുനാല്‍ ഘോഷിന്റെ പ്രതികരണം. അടുത്തകൊല്ലം പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന പ്രതീതി സൃഷ്ടിക്കാന്‍ ചില ബിജെപി നേതാക്കള്‍ ശ്രമിക്കുകയാണ്. എന്നാല്‍ ബംഗാളിനെയും ബിഹാറിനെയും താരതമ്യം ചെയ്യരുത്. ബിഹാറിലെ ബിജെപിയുടെ വിജയത്തിന് ബംഗാളില്‍ യാതൊരു സ്വാധീനവുമുണ്ടാക്കാനാകില്ല. ബംഗാള്‍ വേറൊരു നാടാണെന്നും കുനാല്‍ ഘോഷ് കൂട്ടിച്ചേര്‍ത്തു.

