എഡിറ്റോറിയൽ / ജെക്കോബി
ബ്രസീലിലെ തെക്കുകിഴക്കന്‍ നഗരമായ മിനാസ് ജെറായിസിലെ ബെല്ലൊറിസോന്ചി
നഗരത്തിലെ ഹെയര്‍ഡ്രെസ്സര്‍ ലാരിസ്സ ഹോഷ സില്‍വ നെറി എന്ന സുന്ദരിയുടെ
ഫോട്ടോ ഹരിയാനയിലെ റായ് നിയമസഭാ മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പത്തു
ബൂത്തുകളിലായി സീമ, സ്വീറ്റി, സരസ്വതി, കവിത, വിമല, ഗീത, കിരണ്‍ ദേവി,
സുമന് ദേവി എന്നിങ്ങനെ 22 വോട്ടര്‍മാരുടെ വ്യത്യസ്ത പേരുകളിലും
വിലാസത്തിലും പ്രത്യക്ഷപ്പെട്ട കഥ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍
ഗാന്ധി വെളിപ്പെടുത്തുമ്പോള്‍, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ
രാജ്യമെന്ന് അവകാശപ്പെടുന്ന ഇന്ത്യയിലെ തിരഞ്ഞെടുപ്പ് സംവിധാനത്തിന്
എന്തു സംഭവിച്ചുവെന്ന് ഇന്ത്യയിലെ ജനങ്ങളും ജനാധിപത്യ ലോകവും
ആശ്ചര്യപ്പെടാതിരിക്കില്ല.
രണ്ടു കോടി വോട്ടര്‍മാരുള്ള ഹരിയാനയില്‍ 25 ലക്ഷം വ്യാജ വോട്ടര്‍മാരെ
വോട്ടര്‍പട്ടികയില്‍ തിരുകിക്കയറ്റിയാണ് കഴിഞ്ഞ വര്‍ഷം ഒക് ടോബറില്‍
നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ജനവിധി അട്ടിമറിച്ച് മൂന്നാംവട്ടം
അധികാരത്തിലേറിയതെന്ന് രാഹുല്‍ ഗാന്ധി ആരോപിക്കുന്നു. സംസ്ഥാനത്ത് 12.5
ശതമാനം വോട്ട് (എട്ടിലൊന്ന്) വ്യാജമാണ്. സംസ്ഥാനത്താകെ കോണ്‍ഗ്രസും
ബിജെപിയും തമ്മിലുള്ള വോട്ടുവ്യത്യാസം കേവലം 1.18 ലക്ഷമായിരുന്നു. 90 അംഗ
നിയമസഭയില്‍ ബിജെപിക്ക് 48 സീറ്റും കോണ്‍ഗ്രസിന് 37 സീറ്റുമാണ്
കിട്ടിയത്. കടുത്ത മത്സരം നടന്ന എട്ടു മണ്ഡലങ്ങളില്‍ ബിജെപിയുടെ
ഭൂരിപക്ഷം വെറും 22,779 വോട്ടാണ്. ഈ എട്ടു സീറ്റ് കൂടി
ജയിച്ചിരുന്നെങ്കില്‍ ഭരണം കോണ്ഗ്രസിന്റേതാകുമായിരുന്നു.
2024-ലെ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ ബെംഗളൂരു സെന്‍ട്രല്‍
ലോക്സഭാമണ്ഡലത്തിലെ ഏഴു നിയമസഭാമണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി
മികച്ച മുന്നേറ്റം നടത്തിയപ്പോള്‍, മഹാദേവപുര മണ്ഡലത്തില്‍ മാത്രം
1,14,046 വോട്ടിനു പിന്നിലായ അവിശ്വസനീയ പ്രതിഭാസത്തെക്കുറിച്ച്
പഠിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി നിയോഗിച്ച 40 അംഗ ടീം ആറുമാസമെടുത്ത്
അവിടത്തെ ആറര ലക്ഷം വോട്ടര്‍മാരുടെ രേഖകള്‍ വിശദമായി പരിശോധിച്ചതില്‍,
ഫോം 6 ഉപയോഗിച്ച് വ്യാജ വോട്ടര്‍മാരെ കൂട്ടിച്ചേര്‍ത്ത് 1,00,250
വോട്ടുകളില്‍ തിരിമറി നടത്തിയതിന് തെളിവ് ലഭിച്ചതിനെ ആധാരമാക്കിയാണ്
കഴിഞ്ഞ ഓഗസ്റ്റില്‍ രാഹുല്‍ ഗാന്ധി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ
‘വോട്ടുകൊള്ള’ (വോട്ട്ചോരി) ആരോപണവുമായി രംഗത്തിറങ്ങിയത്.
കര്‍ണാടകയിലെ 2023-ലെ അസംബ്ലി തിരഞ്ഞെടുപ്പില്‍ അലന്ദ് നിയമസഭാ മണ്ഡലത്തിലെ 6,018
വോട്ടര്‍മാരെ അവരറിയാതെ കല്‍ബുര്‍ഗിയിലെ ഡേറ്റാ സെന്ററിലൂടെ
സംസ്ഥാനത്തിനു പുറത്തുള്ള മൊബൈല്‍ നമ്പറുകള്‍ ഉപയോഗിച്ച് ഫോം 7 വഴി
വെട്ടിമാറ്റിയതിന്റെ തെളിവുകളുമായി സെപ്റ്റംബറില്‍ ‘വോട്ടുചോരി’
പരമ്പരയിലെ രണ്ടാമത്തെ വാര്‍ത്താസമ്മേളനം നടത്തി. ഇത്തവണ, ബിഹാര്‍
നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനു തലേന്നാണ് ഹരിയാന
സംസ്ഥാനത്താകെ നടന്ന വോട്ടുകൊള്ളയെക്കുറിച്ച് ‘ഓപ്പറേഷന് സര്‍ക്കാര്‍
ചോരി’ എന്ന ശീര്‍ഷകത്തില്‍ രാഹുല്‍ ‘എച്ച് ഫയല്‍സ്’ അവതരിപ്പിച്ചത്.
ഹരിയാനയിലെ വോട്ടര്‍പട്ടികയിലെ 1,24,177 വോട്ടര്‍മാരുടെ ചിത്രങ്ങള്‍
വ്യാജമോ അവ്യക്തമോ ആണെന്ന് രാഹുലിന്റെ ടീം കണ്ടെത്തി. ഇക്കൂട്ടത്തിലാണ്
ബ്രസീലിലെ ഒരു ഫാഷന്‍ ഫോട്ടോഗ്രഫറുടെ വെബ്പേജിലെ പോര്‍ട്ട്ഫോളിയോ
സ്റ്റോക്പൈലില് നിന്ന്, എട്ടു വര്‍ഷം മുന്‍പെടുത്ത ലാരിസ്സയുടെ ഫോട്ടോ
- അന്ന് അവള്‍ക്ക് 21 വയസ്സായിരുന്നു – ഹരിയാന വോട്ടര്‍പട്ടികയില്‍ പല
പേരിലും പ്രായത്തിലും വിലാസത്തിലും പ്രത്യക്ഷപ്പെടുന്നത്. ഒരു
മണ്ഡലത്തിലെ രണ്ടു ബൂത്തുകളിലായി ഒരേ സ്ത്രീയുടെ ചിത്രം 223
വോട്ടര്‍മാരുടെ വ്യത്യസ്ത പേരുകളോടൊപ്പമുണ്ട്. പ്രായവും പിതാവിന്റെയോ
ഭര്‍ത്താവിന്റെയോ പേരും വിലാസവും വ്യത്യസ്തമാണ്. ചിലയിടങ്ങളില്‍ പുരുഷന്
എന്നും അടയാളപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വ്യാജ ഫോട്ടോ ഉപയോഗിച്ച്
കള്ളവോട്ടു ചെയ്യുന്നത് ആരാണെന്നു കണ്ടുപിടിക്കാന്‍ ബൂത്തിലെ സിസിടിവി
ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ മതി. അതിനാല്‍, ആ തെളിവ് ഇല്ലാതാക്കാന്‍ ഇലക്
ഷന് കമ്മിഷന് വീഡിയോ ഫുട്ടേജ് നശിപ്പിച്ചുകളയുന്നു! വോട്ടര്‍മാരുടെ
സ്വകാര്യത സംരക്ഷിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാത്തതെന്നാണ്
ഔദ്യോഗിക വിശദീകരണം.
ബൂത്ത് തലത്തിലുള്ള ക്രമക്കേടല്ല, കേന്ദ്രീകൃത ഓപ്പറേഷനാണ് ഹരിയാനയിലെ
വോട്ട് ഇരട്ടിപ്പില്‍ കാണുന്നത്. സംസ്ഥാനത്ത് ഇത്തരം 5,21,619
‘ഡൂപ്ലിക്കേറ്റ്’ വോട്ടര്‍മാരുണ്ട്. വോട്ട് ഇരട്ടിപ്പ് കണ്ടുപിടിച്ച്
വ്യാജ വോട്ടര്‍മാരെ നീക്കം ചെയ്യാനുള്ള സോഫ്റ്റ് വെയര്‍ ഇലക് ഷന്
കമ്മിഷന്റെ പക്കലുണ്ട്. നിമിഷങ്ങളേ വേണ്ടൂ ഡൂപ്ലിക്കേറ്റ് വോട്ട്
കണ്ടുപിടിക്കാന്‍, എന്നാല്‍ അത് ഉപയോഗിക്കുന്നില്ല. മെഷീന് റീഡബിള്‍
ഫോര്‍മാറ്റില്‍ ഡിജിറ്റല്‍ ഡേറ്റ പങ്കുവയ്ക്കാന്‍ ഇലക് ഷന് കമ്മിഷന്
വിസമ്മതിക്കുന്നതിനാല്‍ വോട്ടര്‍പട്ടികയുടെ രണ്ടു കോടി കടലാസ്
പകര്‍പ്പുകള്‍ ഓരോന്നും പരിശോധിച്ച് വിശകലനം ചെയ്യാനുള്ള വെല്ലുവിളിയാണ്
രാഹുല്‍ ഗാന്ധിയുടെ ടീം ഏറ്റെടുത്തത്. മഹാദേവപുര മണ്ഡലത്തിലെ
വോട്ടര്‍പട്ടികയുടെ ഏഴടി പൊക്കമുള്ള കെട്ടുകളുടെ ചിത്രം ആദ്യ
‘വോട്ട്ചോരി’ വാര്‍ത്താസമ്മേളനത്തില്‍ പ്രദര്‍ശിപ്പിച്ചിരുന്നു;
ഹരിയാനയിലെ വോട്ടര്‍പട്ടിക കെട്ടുകള്‍ നിറച്ച ട്രോളിയുമായാണ് ഇക്കുറി
രാഹുല്‍ ഗാന്ധി വന്നത്.
വ്യാജവിലാസത്തില്‍ 93,174 പേരെ ഹരിയാനയിലെ പട്ടികയില്‍ കാണുന്നുണ്ട്.
വീടില്ലാത്ത പാവങ്ങള്‍ക്കും തെരുവില്‍ കഴിയുന്നവര്‍ക്കും വേണ്ടിയാണ്
‘പൂജ്യം’ എന്ന വീട്ടുനമ്പര്‍ അടയാളപ്പെടുത്തുന്നതെന്നാണ് ചീഫ് ഇലക് ഷന്
കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്റെ വിശദീകരണം. ഹരിയാനയിലെ ദാദ്രി
മണ്ഡലത്തില്‍ പൂജ്യം വീട്ടുനമ്പര്‍ നല്‍കിയിട്ടുള്ള നരേന്ദ്ര എന്ന
വ്യക്തിയുടെ വീട് രാഹുലിന്റെ സംഘം സന്ദര്‍ശിക്കുകയുണ്ടായി. സംസ്ഥാനത്ത്
19,26,351 ‘ബള്‍ക്ക്’ വോട്ടര്‍മാരുണ്ട്. 501 വോട്ടര്‍മാരുള്ള ഒരു
വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടെ ആരും താമസമില്ല. പല്‍വാലിലെ ഒരു
ബിജെപി നേതാവിന്റെ വീട്ടില്‍ 67 വോട്ടര്‍മാരുണ്ട്. പത്തില്‍ കൂടുതല്‍
പേര് ഒരു വിലാസത്തില്‍ കാണുകയാണെങ്കില്‍ നേരിട്ടു സ്ഥലത്തുപോയി
പരിശോധിക്കണമെന്നാണ് ചട്ടം. ഉത്തര്‍പ്രദേശിലെ ഒരു ബിജെപി സര്‍പഞ്ചിനും
(ദാല്ചന്ദ് എന്ന ഗ്രാമമുഖ്യന്) മകനും ഹരിയാനയിലും യുപിയിലും
വോട്ടുണ്ട്. മറ്റൊരു ബിജെപി സര്‍പഞ്ചിന് യുപിയിലും ബിഹാറിലും വോട്ടുണ്ട്.
ബിജെപിയുമായി ബന്ധപ്പെട്ട ആയിരകണക്കിന് ആളുകള്‍ക്ക് ഇതുപോലെ
ഇരുസംസ്ഥാനങ്ങളിലും വോട്ടു ചെയ്യാനാകും.
വോട്ടര്‍മാരെ ചേര്‍ക്കുന്നതും വോട്ടര്‍മാരെ നീക്കം ചെയ്യുന്നതുമായി
ബന്ധപ്പെട്ട കര്‍ണാടകയിലെ ക്രമക്കേടുകള്‍ വെളിച്ചത്തു കൊണ്ടുവന്നതിന്റെ
പേരില്‍ ഹരിയാനയില്‍ ഫോം 6, ഫോം 7 വിവരങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്
മറച്ചുവച്ചു എന്നാണ് ആരോപണം. ഈ മാര്‍ഗങ്ങളിലൂടെ 10 ലക്ഷം വോട്ടുകളുടെ
ക്രമക്കേട് നടന്നിട്ടുണ്ടാകും എന്നാണ് നിഗമനം. കോണ്‍ഗ്രസിന്റെ 3.5 ലക്ഷം
വോട്ടര്‍മാരെ (മൊത്തം വോട്ടര്‍മാരില്‍ 2 ശതമാനം) അഞ്ചുമാസം കൊണ്ട്
പട്ടികയില്‍ നിന്നു നീക്കം ചെയ്തതായി പറയുന്നുണ്ട്.
‘ബിജെപി ജയിക്കാന്‍ ലക്ഷ്യമിട്ട മണ്ഡലങ്ങളില്‍ ജമ്മു കശ്മീരില്‍
നിന്നുവരെ ആളുകളെ കൊണ്ടുവന്ന് ഒരു വര്‍ഷം താമസിപ്പിച്ച് വോട്ട്
ചെയ്യിപ്പിക്കും’ എന്ന കേരളത്തിലെ ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്റെ
മലയാളം വീഡിയോ ക്ലിപ് ഡല്‍ഹിയിലെ വാര്‍ത്താസമ്മേളനത്തില്‍ രാഹുല്‍ ഗാന്ധി
ഉള്‍പ്പെടുത്തിയിരുന്നു. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ
വിജയിപ്പിക്കാന്‍ തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ പുറത്തുനിന്നുള്ളവരുടെ
വോട്ടുചേര്ത്തുവെന്ന ആരോപണത്തിനു മറുപടിയായി അര്‍ത്ഥശങ്കയ്ക്ക്
ഇടനല്കാത്തവണ്ണം കഴിഞ്ഞ ഓഗസ്റ്റില്‍ ഗോപാലകൃഷ്ണന് നടത്തിയ പ്രസംഗം
ഇതോടെ ദേശീയ ശ്രദ്ധയാകര്‍ഷിച്ചു.
മോദി സര്‍ക്കാരിനെതിരെ തുടര്‍ന്നുവന്ന അതിശക്തമായ കര്‍ഷക
പ്രക്ഷോഭങ്ങളുടെയും, വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായും മാനസികമായും
മറ്റും ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട കേസുകളില്‍ ബിജെപി സര്‍ക്കാര്‍
റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ പ്രസിഡന്റ് ആയിരുന്ന ബ്രിജ് ഭൂഷണ് ശരണ്‍
സിങ്ങിനെ സംരക്ഷിച്ചതിന്റെ പേരില്‍ ഗുസ്തി അഖാഢകളുടെ നാടായ ഹരിയാനയില്‍
വ്യാപകമായി നടന്ന പ്രതിഷേധങ്ങളുടെയും മറ്റും പശ്ചാത്തലത്തില്‍ ബിജെപി
വലിയ രാഷ് ട്രീയ പ്രതിസന്ധിയിലായിരുന്നു.
കോണ്‍ഗ്രസ് 62 സീറ്റുകള്‍ വരെനേടി തകര്‍പ്പന്‍ വിജയം നേടുമെന്നാണ് അഞ്ച് പ്രധാന എക്സിറ്റ് പോളുകള്പ്രവചിച്ചിരുന്നത്. ഫലപ്രഖ്യാപനത്തിന് രണ്ടു ദിവസം മുന്‍പ് ഹരിയാന
മുഖ്യമന്ത്രി നായബ് സിങ് സെയ്നി മാധ്യമപ്രവര്‍ത്തകരോട്
സംവദിക്കുന്നതിന്റെ വീഡിയോ ക്ലിപ്പും രാഹുല്‍ എടുത്തുകാട്ടി. ‘ബിജെപി
സര്‍ക്കാരുണ്ടാക്കും. അതിനുള്ള സംവിധാനമൊക്കെ നമ്മുടെ കൈയിലുണ്ട്.
നിങ്ങളതില്‍ വിഷമിക്കേണ്ട!’ എന്നാണ് അതില്‍ മുഖ്യമന്ത്രി സെയ്നി
പറയുന്നത്. ”സെയ്നിയുടെ കള്ളച്ചിരിയില്‍ എല്ലാമുണ്ട്, അദ്ദേഹം
ഇത്രകണ്ട് ആത്മവിശ്വാസത്തോടെ പറയുന്ന ജയിക്കാനുള്ള സംവിധാനം – ‘വ്യവസ്ഥ’
എന്ന പദമാണ് സെയ്നി ഉപയോഗിക്കുന്നത് – വോട്ട്ചോരിയല്ലാതെ
മറ്റെന്താണ്?” രാഹുല്‍ ഗാന്ധി ചോദിക്കുന്നു.
തപാല്‍ വോട്ടുകള്‍ എണ്ണിയപ്പോള്‍ 90 സീറ്റുകളില്‍ 73 ഇടത്തും
കോണ്‍ഗ്രസായിരുന്നു മുന്നില്‍; ബിജെപി 17 സീറ്റിലും. സംസ്ഥാനത്ത്
ആദ്യമായാണ് തപാല്‍ വോട്ടുകളിലെ ട്രെന്‍ഡില്‍ നിന്ന് തികച്ചും
വ്യത്യസ്തമായ അന്തിമഫലം വരുന്നത്.
2024-ലെ അസംബ്ലി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 20 തിരഞ്ഞെടുപ്പു
കേസുകള്‍ ചണ്ഡിഗഢിലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയില്‍ നിലവിലുണ്ട്. പതിനാറു
മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുപ്പ് ഫലം ചോദ്യം
ചെയ്ത് കോടതിയെ സമീപിച്ചിട്ടുണ്ട്. ഇലക് ട്രോണിക് വോട്ടിങ് മെഷീനില്‍
ക്രമക്കേടു നടന്നുവെന്നാണ് ഹര്‍ജികളിലെ പ്രധാന ആരോപണം. തിരഞ്ഞെടുപ്പ്
കമ്മിഷന് പരാതി നല്‍കിയെങ്കിലും ഒരു വര്‍ഷമായി മറുപടിയൊന്നും
കിട്ടിയിട്ടില്ലെന്നും ഹര്‍ജിക്കാര്‍ പറയുന്നു. രാഹുല്‍ ഗാന്ധി ഉന്നയിച്ച
വോട്ടര്‍പട്ടിക ക്രമക്കേടിന്റെ തെളിവുകള്‍ ഈ ഹര്‍ജികളുമായി ബന്ധപ്പെട്ട്
കോടതിയില്‍ സമര്‍പ്പിക്കാവുന്നതാണ്.
ബിജെപിയെ സഹായിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന് വോട്ടര്‍പട്ടികയില്‍
ആസൂത്രിതമായ തിരിമറി നടത്തി എന്ന ലോക്സഭാ പ്രതിപക്ഷ നേതാവിന്റെ
ഗുരുതരമായ ആരോപണത്തിന് വ്യക്തമായ മറുപടി നല്‍കാതെ, കള്ളവോട്ടു ചെയ്യാന്‍
ഒരേയാള് ഒന്നിലേറെ തവണ എത്തിയപ്പോള്‍ ബൂത്തിലെ കോണ്‍ഗ്രസിന്റെ പോളിങ്
ഏജന്റ് എന്തു ചെയ്യുകയായിരുന്നു, ഡൂപ്ലിക്കേറ്റ് വോട്ടര്‍മാരെല്ലാം
ബിജെപിക്കാണ് വോട്ടു ചെയ്തതെന്ന് എന്താണ് ഉറപ്പ് എന്നിങ്ങനെ പരിഹാസരൂപേണ
കഴമ്പില്ലാത്ത ചില ചോദ്യങ്ങള്‍ ഉന്നയിക്കുകയാണ് കമ്മിഷന്.
തിരഞ്ഞെടുപ്പ്കമ്മിഷന്റെ വിശ്വാസ്യതയും സുതാര്യതയും നിഷ്പക്ഷതയുമാണ് അടിസ്ഥാനപരമായിചോദ്യം ചെയ്യപ്പെടുന്നത്. വോട്ടര്‍പട്ടികയിലെ പിഴവുകള്‍ തിരുത്തേണ്ട
പ്രാഥമിക ചുമതല ഇലക് ഷന് കമ്മിഷനാണ്, രാഷ് ട്രീയ പാര്‍ട്ടികള്‍ക്കല്ല.
രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ രാഷ് ട്രീയ വൈരിയെപോലെ കാണാതെ,
വസ്തുതകള്‍ അന്വേഷിച്ച് നീതിയുക്തമായ നടപടികള്‍ സ്വീകരിക്കുകയാണു
വേണ്ടത്. ആര്‍ക്കു വോട്ടു ചെയ്തു എന്നതു മാത്രമാണ് രഹസ്യമായി
സൂക്ഷിക്കേണ്ടത്. വോട്ടര്‍മാര്‍ ആരൊക്കെയാണ്, യഥാര്‍ഥത്തില്‍ വോട്ടു
ചെയ്തത് ആരാണ് എന്നത് മറച്ചുവയ്ക്കേണ്ട ഒരു കാര്യവുമില്ല.
വോട്ടര്പട്ടികയുടെമേലും ബൂത്തിലെ വീഡിയോ ഫുട്ടേജിന്റെ കാര്യത്തിലും
നിലവിലുള്ള രഹസ്യാത്മകത നീക്കാതെ തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത
വീണ്ടെടുക്കാനാവില്ല.
വോട്ടര്‍പട്ടിക ‘ശുദ്ധീകരിക്കാന്‍’ എന്ന പേരില്‍ ബിഹാറില്‍
തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് തിടുക്കത്തില്‍ നടപ്പാക്കിയ സ്പെഷല്‍
ഇന്റന്‍സീവ് റിവിഷന്‍ എന്ന വോട്ടര്‍പട്ടികയുടെ തീവ്രപുനഃപരിശോധന
വോട്ടുകൊള്ളയെ ‘വ്യവസ്ഥാപിതമാക്കാനുള്ള’ നീക്കമാണെന്ന് കോണ്‍ഗ്രസ്
ആരോപിക്കുന്നു. ബിഹാറിലെ വോട്ടര്‍പട്ടികയില്‍ നിന്ന് 68 ലക്ഷം പേരുകള്‍
എസ്ഐആറിലൂടെ നീക്കം ചെയ്തു. കേരളം ഉള്‍പ്പെടെ ഒന്‍പത് സംസ്ഥാനങ്ങളിലും
മൂന്നു കേന്ദ്രഭരണപ്രദേശങ്ങളിലും എസ്ഐആര്‍ നടപ്പാക്കുകയാണ്. രാജ്യത്ത്
ഇതിനു മുന്‍പ് എട്ടു തവണ ഇന്റന്‍സീവ് റിവിഷന്‍ നടന്നിട്ടുണ്ട്, ഒരിക്കല്‍
പോലും ഇത്രയേറെ ആശങ്ക ഉയര്‍ന്നിട്ടില്ല. ബിഹാറില്‍ എസ്ഐആര്‍ നടപ്പാക്കിയ
രീതിയും അതിന്റെ ഭരണഘടനാ സാധുതയും സുപ്രീം കോടതിയില്‍ ചോദ്യം
ചെയ്യപ്പെട്ടതാണ്. തമിഴ്നാടും അസോസിയേഷന് ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ്
പോലുള്ള ജനാധിപത്യ പ്രസ്ഥാനങ്ങളും എസ്ഐആറിനെതിരെ പരമോന്നത
കോടതിയിലെത്തി. വിവിധ ഹര്‍ജികളില്‍ കോടതി ഇലക് ഷന് കമ്മിഷന്റെ വിശദീകരണം
ആവശ്യപ്പെട്ടിട്ടുണ്ട്.
ബിഹാറിലെ ഒന്നാംഘട്ട വോട്ടെടുപ്പിന് മൂന്നു ദിവസം മുന്‍പ്, നവംബര്‍
മൂന്നിന്, ഹരിയാനയിലെ കര്‍ണാലിലും ഗുരുഗ്രാമിലും നിന്ന് നാല് സ്പെഷല്‍
ട്രെയിനുകള്‍ ബിഹാറിലെ ബറൗനി, പട്ന, ഭാഗല്‍പുര്‍ സ്റ്റേഷനുകളിലേക്ക്
സര്‍വീസ് നടത്താനുണ്ടായ അടിയന്തര സാഹചര്യം എന്തായിരുന്നുവെന്ന്
രാജ്യസഭയിലെ സ്വതന്ത്ര അംഗമായ കബില്‍ സിബല്‍ കേന്ദ്ര റെയില്‍വേ
മന്ത്രിയോട് ചോദിക്കുന്നുണ്ട്. ബിഹാറില്‍ നിന്നുള്ള പ്രവാസി
തൊഴിലാളികള്‍ക്ക് വോട്ടു ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന് ബിജെപി
പാര്‍ട്ടി ചെലവില്‍ റിസര്‍വ് ചെയ്ത് സൗജന്യ ഭക്ഷണവും നല്കി ഓരോ
ട്രെയിനിലും 1,500 സാക്ഷാല്‍ വോട്ടര്‍മാരെയാണ് ബിഹാറിലെത്തിച്ചതെങ്കില്
ജനപ്രാതിനിധ്യ നിയമപ്രകാരം അത് കുറ്റകരമാണ്, ഈ വോട്ടര്‍മാര്‍ സമ്മതിദാനം
നിര്‍വഹിച്ച മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് തന്നെ
റദ്ദാക്കപ്പെടാവുന്നതുമാണെന്ന് സുപ്രീം കോടതിയിലെ അഭിഭാഷകനായ കബില്‍
സിബല്‍ പറയുന്നു. ഹരിയാനയില്‍ നിന്ന് സ്പെഷല്‍ ട്രെയിനില്‍
ബിഹാറിലെത്തിച്ച ആറായിരം പേര് ഇനി വല്ല ‘ഓപ്പറേഷന് സര്‍ക്കാര്‍ ചോരി’
ദൗത്യവ്യൂഹത്തിന്റെ ഭാഗമാണെങ്കില്‍ അത് മറ്റൊരു ‘ബി ഫയല്‍സ്’ കഥയാകും!

