ലുവാക്പിനി : തെക്കൻ സുഡാനിലെ ജനസംഖ്യയുടെ പകുതിയിലധികം ആളുകളും 2026-ൽ കടുത്ത ക്ഷാമമനുഭവിക്കേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭ. നവംബർ 5 ബുധനാഴ്ച പുറത്തുവിട്ട ഒരു പത്രക്കുറിപ്പിലൂടെയാണ്, ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ഐ.പി.സി. പഠനങ്ങൾ കൂടി പരിഗണിച്ച്, രാജ്യത്ത് എഴുപത്തിയഞ്ച് ലക്ഷത്തിലധികം ആളുകൾ നേരിടാൻ പോകുന്ന പ്രതിസന്ധിയെക്കുറിച്ച് ഭക്ഷ്യസുരക്ഷാസമിതി, ലോകഭക്ഷ്യപദ്ധതി, ശിശുക്ഷേമനിധി എന്നീ സംഘടനകൾ പുതിയ ഒരു പത്രക്കുറിപ്പിറക്കിയത്. രാജ്യത്ത് ഇരുപത് ലക്ഷത്തിലധികം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവ് അനുഭവിക്കേണ്ടിവരുമെന്നും സംഘടനകൾ മുന്നറിയിപ്പ് നൽകി.
ലുവാക്പിനി, നസീർ, ഫാൻഗാക് എന്നിവിടങ്ങളിൽ കഴിയുന്ന ഇരുപത്തിയെണ്ണായിരം ആളുകൾ ഗുരുതരമായ ക്ഷാമം (ഐ.പി.സി.5) നേരിടേണ്ടിവരുമെന്ന് ഐക്യരാഷ്ട്രസഭസംഘടനങ്ങൾ ആശങ്ക പ്രകടിപ്പിച്ചു. ഈ പ്രദേശങ്ങളിലെ സംഘർഷങ്ങൾക്ക് പുറമെ, വെള്ളപ്പൊക്കം, പകർച്ചവ്യാധികൾ തുടങ്ങിയവയും, പ്രദേശത്തേക്ക് പുറമെനിന്നുള്ള പ്രവേശനസാധ്യതകൾ തടസ്സപ്പെട്ടിരിക്കുന്നതും മൂലം കൂടുതൽ ഗുരുതരമായ അവസ്ഥയിലേക്കാണ് അവിടയുള്ള ആളുകൾ പോകുന്നതെന്ന് സംഘടനകൾ വിശദീകരിച്ചു.
പ്രദേശത്തെ ക്ഷാമത്തിന്റെ തോത്, സംഘർഷങ്ങളുടെ വളർച്ച, ഏറിയ കുടിയിറക്കം, പ്രദേശത്തേക്കുള്ള പ്രവേശനസാധ്യതയുടെ കുറവ്, സാമ്പത്തികപ്രതിസന്ധി, കാലാവസ്ഥാവ്യതിയാനങ്ങൾ തുടങ്ങിയവയെ ആശ്രയിച്ചായിരിയ്ക്കുമെന്ന് സംഘടനകൾ ഓർമ്മപ്പിച്ചു. എന്നാൽ, സമാധാനം നിലനിൽക്കുന്നയിടങ്ങളിൽ സ്ഥിതിഗതികൾ ചെറിയ തോതിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും പത്രക്കുറിപ്പിൽ ഐക്യരാഷ്ട്രസഭസംഘടനകൾ വ്യക്തമാക്കി.
നിലനിൽക്കുന്ന സമാധാനം രാജ്യത്ത് ഉണ്ടാകുന്നത്, കൃഷി മേഖല വീണ്ടും ഊർജ്വസ്വലമാകുന്നതിനും, ക്ഷാമത്തിന് അറുതിവരുത്തുന്നതിനും ഏറെ പ്രധാനപ്പെട്ടതാണെന്ന് ഭക്ഷ്യസുരക്ഷാസമിതി പ്രതിനിധി മെഷക് മാലോ (Meshack Malo) പ്രസ്താവിച്ചു.
2026-ൽ രാജ്യത്തിന്റെ ആറ് പ്രദേശങ്ങളിൽ മുൻപില്ലാത്തവിധത്തിൽ കടുത്ത പോഷകാഹാരക്കുറവ് അനുഭവപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. ജൂൺ മാസത്തോടെ അഞ്ചുവയസ്സിൽ താഴെയുള്ള ഇരുപത്തിയൊന്ന് ലക്ഷം കുട്ടികളും പതിനൊന്ന് ലക്ഷം അമ്മമാരും പോഷകാഹാരക്കുറവിന്റെ ഇരകളായിരിക്കുമെന്ന് സംഘടനകൾ ഓർമ്മിപ്പിച്ചു.
രാജ്യത്തെ പ്രതികൂലാവസ്ഥ അവസാനിപ്പിക്കാനായി ഉടൻ നടപടികൾ വേണമെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ തങ്ങളുടെ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. മനുഷ്യജീവൻ സംരക്ഷിക്കാനും, കൂടുതൽ വഷളായ മാനവികപ്രതിസന്ധിയിലേക്ക് സ്ഥിതിഗതികൾ വരാതിരിക്കാനും പരിശ്രമിക്കണമെന്നും സംഘടനകൾ ഓർമ്മിപ്പിച്ചു.
