ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം
വത്തിക്കാൻ : ലിയോ പതിനാലാമൻ പാപ്പായുടെ പുതിയ അപ്പസ്തോലിക ലേഖനം, “പ്രത്യാശയുടെ പുതിയ ഭൂപടങ്ങൾ പരികല്പന ചെയ്യുക” എന്നർത്ഥം വരുന്ന ഡിസെഞാരെ നോവേ മാപ്പേ ദി സ്പെരാൻസാ (Disegnare nuove mappe di speranza) പ്രസിദ്ധീകരിച്ചു.
വിദ്യാഭ്യാസം, സുവിശേഷവത്ക്കരണത്തിന്റെ അവിഭാജ്യഘടകമാണെന്നു എടുത്തു പറയുന്ന രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് (Gravissimum educationis) പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാർഷികത്തിലാണ് പുതിയ ലേഖനം.
ദ്രുതഗതിയിലുള്ള മാറ്റങ്ങളുടെയും ദിശാബോധമില്ലാത്ത അനിശ്ചിതത്വങ്ങളുടെയും പശ്ചാത്തലത്തിൽ, വിദ്യാഭ്യാസ മേഖലകൾ, ക്രിസ്തുവിന്റെ വചനത്താൽ നയിക്കപ്പെടാൻ അനുവദിക്കണമെന്നു ലേഖനത്തിൽ വ്യക്തമാക്കുന്നു . എല്ലാറ്റിനെയും നവമാക്കുന്ന സുവിശേഷം, വിദ്യാഭ്യാസത്തിൽ അറിവും അർത്ഥവും കൈമാറുന്നതിനുള്ള പുതിയ സാധ്യതകൾ തുറക്കുന്നുവെന്നും ലേഖനത്തിൽ ചൂണ്ടിക്കാണിക്കുന്നു.
യുദ്ധങ്ങൾ, കുടിയേറ്റങ്ങൾ, അസമത്വങ്ങൾ, വിവിധ തരത്തിലുള്ള ദാരിദ്ര്യം എന്നിവ മൂലമുണ്ടായ വിദ്യാഭ്യാസ അടിയന്തരാവസ്ഥയുടെ സാഹചര്യങ്ങളെ അഭിമുഖീകരിക്കുമ്പോൾ, വിദ്യാഭ്യാസ മേഖലയിൽ കൂടുതൽ പ്രതിബദ്ധതയോടെ സേവനം ചെയ്യുവാനുള്ള സഭയുടെ കടമയെയും ലേഖനം ഓർമ്മിപ്പിക്കുന്നുണ്ട് . ഇക്കാര്യത്തിൽ സഭ ഒരു നല്ല അമ്മയും അധ്യാപികയും ആണെന്നാണ് പാപ്പാ ചൂണ്ടിക്കാണിക്കുന്നത്. ഇത് യാഥാർഥ്യമാകുന്നത്, ആധിപത്യത്തിലൂടെയല്ല, മറിച്ച് സേവനത്തിലൂടെയാണെന്നും ലേഖനം എടുത്തുകാണിക്കുന്നു.
വിദ്യാഭ്യാസ സൂചകങ്ങൾ കർശനമായ സൂത്രവാക്യങ്ങളല്ല: അവ ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങളോടുള്ള യഥാർത്ഥ പ്രതികരണങ്ങളാണെന്നും പാപ്പാ അടിവരയിടുന്നു. സാധാരണക്കാരുടെ വിദ്യാഭ്യസത്തിനു വേണ്ടി സഭ നടത്തിയ അക്ഷീണമായ പ്രവർത്തനങ്ങളെയും, ആഗോള വിദ്യാഭ്യാസ തലത്തിൽ സഭ നൽകിയ സംഭാവനകളും പാപ്പാ ചൂണ്ടികാണിച്ചു. “ദരിദ്രരുടെ വിദ്യാഭ്യാസം, ക്രിസ്തീയ വിശ്വാസത്തിന്, ഒരു ഉപകാരമല്ല, മറിച്ച് ഒരു കടമയാണ്.” പാപ്പാ കുറിച്ചു.
തുടർന്ന് വിദ്യാഭ്യാസം ഒരു കൂട്ടായ്മയുടെ പ്രവർത്തനം ആണെന്നതും പാപ്പാ ചൂണ്ടിക്കാണിക്കുന്നു. വിശുദ്ധ തോമസ് അക്വിനാസിനൊപ്പം സഭയുടെ വിദ്യാഭ്യാസ ദൗത്യത്തിന്റെ സഹരക്ഷാധികാരിയായി വിശുദ്ധ ജോൺ ഹെൻറി ന്യൂമാനെ പ്രഖ്യാപിക്കുന്നതായും ലേഖനത്തിൽ അറിയിക്കുന്നു .
ചോദ്യങ്ങളെ നിശ്ശബ്ദമാക്കാത്ത, സംശയം പുറന്തള്ളാത്ത, ഹൃദയവുമായി സംഭാഷണം നടത്തുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ രീതിയെന്നതും പാപ്പാ എടുത്തു പറയുന്നു. മനുഷ്യരാശിയുടെ ഭാവിയിൽ നാം കാണുന്ന വാഗ്ദാനത്തെ പ്രകടമാക്കുന്നതാണ് വിദ്യാഭ്യാസമെന്നും, അത് തലമുറകളിലേക്ക് കൈമാറുന്ന സ്നേഹത്തിന്റെ ഒരു ദൗത്യമാണെന്നും പാപ്പാ പഠിപ്പിക്കുന്നു.
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് ഓരോ വ്യക്തിയുടെയും വിദ്യാഭ്യാസത്തിനുള്ള അവകാശം ഊട്ടിയുറപ്പിക്കുകയും, മാനവികതയുടെ ആദ്യത്തെ വിദ്യാലയമായി കുടുംബത്തെ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. വിശ്വാസത്തെയും, സംസ്കാരത്തെയും സമന്വയിപ്പിക്കുന്ന പരിതസ്ഥിതികളെ പിന്തുണയ്ക്കാനും, എല്ലാവരുടെയും അന്തസ്സിനെ ബഹുമാനിക്കാനും, സമൂഹവുമായുള്ള സംഭാഷണത്തിനും ഈ പ്രമാണരേഖ നമ്മെ ആഹ്വാനം ചെയ്യുന്നുവെന്നു പാപ്പാ അനുസ്മരിപ്പിക്കുന്നു.
വിദ്യാഭ്യാസം, അതിന്റെ മൂല്യം, കാര്യക്ഷമതയുടെ അച്ചുതണ്ടിൽ മാത്രം അളക്കുന്നില്ല; അത് അന്തസ്സ്, നീതി, പൊതുനന്മ സേവിക്കാനുള്ള കഴിവ് എന്നിവയിൽ അളക്കപ്പെടുന്നുവെന്നതും പാപ്പാ എഴുതുന്നു . സംഘർഷങ്ങളും ഭയങ്ങളും അടയാളപ്പെടുത്തിയ ഒരു ലോകത്ത് വിശ്വാസം പുനഃസ്ഥാപിക്കുക എന്ന ദൗത്യം കത്തോലിക്കാ വിദ്യാഭ്യാസത്തിനുണ്ടെന്നും, ഞങ്ങൾ കുട്ടികളാണ്, അനാഥരല്ല എന്ന അവബോധത്തിൽ നിന്നാണ് സാഹോദര്യം ജനിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാട്ടി.
ഇന്നത്തെ ലോകത്തിൽ, സാങ്കേതികവിദ്യകൾ, പഠന പ്രക്രിയയെ സമ്പന്നമാക്കണമെന്നുള്ള ആശയവും പാപ്പാ പങ്കുവയ്ക്കുന്നു. ഈ ഇടങ്ങളിൽ വസിക്കുന്നതിന്, അജപാലന സർഗ്ഗാത്മകത ആവശ്യമാണെന്നും, ഡിജിറ്റൽ തലത്തിൽ അധ്യാപകരുടെ പരിശീലനം ശക്തിപ്പെടുത്തണമെന്നും പാപ്പാ ആവശ്യപെടുന്നു. സാങ്കേതിക പുരോഗതി ദൈവത്തിന്റെ സൃഷ്ടി പദ്ധതിയുടെ ഭാഗമാണെന്നും, അതിനാൽ അവയെ ശത്രുതാപരമായ ഒന്നായി കണക്കാക്കരുതെന്നും പാപ്പാ പറഞ്ഞു.
ആന്തരിക ജീവിതത്തെ രൂപപ്പെടുത്തുന്നതിനും, വിദ്യാഭ്യാസം ചെലുത്തുന്ന സ്വാധീനത്തെ പാപ്പാ അടിവരയിട്ടു പറഞ്ഞു. കത്തോലിക്കാ വിദ്യാഭ്യാസം ഒരു ദീപസ്തംഭമായി ഏവർക്കും അനുഭവിക്കുവാൻ ഇടയാകട്ടെയെന്നും, സുവിശേഷത്തോടുള്ള വിശ്വസ്തത നഷ്ടപ്പെടാതെ, വെല്ലുവിളികളെ പ്രത്യാശയോടെ നേരിടുവാനുള്ള കഴിവ് ഈ പ്രവർത്തങ്ങളിൽ ഉണ്ടാകട്ടെയെന്ന ആശംസയോടെയാണ് ലേഖനം പൂർണ്ണമാകുന്നത് .

