കാബൂൾ പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനുംതമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിനിടെ പാക്കിസ്ഥാൻ ഫീൽഡ് മാർഷൽ അസിം മുനീറിനെ വെല്ലുവിളിച്ച് പാക്ക് താലിബാൻ. സൈനികരെ അയയ്ക്കുന്നതിനുപകരം ധൈര്യമുണ്ടെങ്കിൽ നേരിട്ട് യുദ്ധക്കളത്തിലിറങ്ങി നേരിടാനാണ് തെഹ്രീക്-ഇ-താലിബാൻ പാക്കിസ്ഥാൻ (ടിടിപി) കമാൻഡർ അസിം മുനീറിനെ വെല്ലുവിളിച്ചത്.
പാക്ക് താലിബാൻ ഉന്നത കമാൻഡറായ കാസിം വെല്ലുവിളി നടത്തിയത്. കഴിയുമെങ്കിൽ അഫ്ഗാൻ താലിബാനെ നേരിടണമെന്നും, ‘അമ്മയുടെ പാൽ കുടിച്ചിട്ടുണ്ടെങ്കിൽ’ ധൈര്യം കാണിക്കണമെന്നും ടിടിപി വെല്ലുവിളിച്ചു.
ഒക്ടോബർ 8ന് പാക്കിസ്ഥാനിലെ ഖൈബർ പഖ്തൂൺ പ്രവിശ്യയിലെ കുറാം ജില്ലയിൽ നടന്ന ആക്രമണത്തിൽ 22 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെടുകയും അവരുടെ ആയുധങ്ങൾ ടിടിപി പിടിച്ചെടുക്കുകയും ചെയ്തിരുന്നു.
പിന്നാലെ ടിടിപി കമാൻഡർ കാസിമിനെ പിടികൂടുന്നവർക്കായി പാക്കിസ്ഥാൻ പത്ത് കോടി പാക്കിസ്ഥാൻ രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. വെടിനിർത്തലിന് സമ്മതിച്ച പാക്കിസ്ഥാൻ, എന്നാൽ ടിടിപി അടക്കമുള്ള സായുധ ഗ്രൂപ്പുകളെ അഫ്ഗാൻ മണ്ണിൽ നിന്ന് പ്രവർത്തിക്കുന്നതിൽ വിലക്കിയാൽ മാത്രമേ വെടിനിർത്തൽ നിലനിൽക്കൂ എന്നും അറിയിച്ചിരുന്നു.

