പക്ഷം / ഡോ. ഗാസ്പര്‍ സന്യാസി
2018-ല്‍ കേരള ഹൈക്കോടതി വിധി പ്രസ്താവിച്ച ‘ഫാത്തിമ തസ്നീം Vs സ്റ്റേറ്റ് ഓഫ് കേരള’ എന്ന കേസിന്റെ വിശദാംശങ്ങളും വിധിന്യായവും വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്നത് എന്തുകൊണ്ടാണെന്നറിയില്ല. W.P.(C) No. 35293, 2018 (Dec. 4, 2018) എന്നതാണ് പ്രസ്താവ്യവിഷയം. ഒരു പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനത്തില്‍ മതപരമായ അനുശാസനത്തിലുള്ള (അത് പ്രത്യേകമായും ഒഴിച്ചുകൂടാനാവാത്തത് എന്ന വിഭാഗത്തില്‍ വരാത്തത് – അതിബൃഹത്തായ പഠനങ്ങള്‍ ഇതിനെപ്പറ്റിയുണ്ട്) വസ്ത്രം ധരിച്ചെത്തിയതിനെപ്പറ്റിയും, അതിനുള്ള വിദ്യാര്Lിനികളുടെ അവകാശത്തെപ്പറ്റിയും, വിദ്യാഭ്യാസ സ്ഥാപനത്തിന്റെ അച്ചടക്ക നിബന്ധനകള്‍ നടപ്പാക്കാനുള്ള സ്ഥാപനത്തിന്റെ അവകാശത്തെപ്പറ്റിയും ഒക്കെയാണ് കേസിനാധാരമായി വന്ന വിഷയം.
ക്രൈസ്റ്റ് നഗര്‍ സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍ എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥിനികളായിരുന്നു പരാതിക്കാര്‍. 2018-ലെ വിധിന്യായത്തില്‍ വ്യക്തമാക്കുന്നതുപോലെ, യൂണിഫോമിനൊപ്പം ഹെഡ്സ്ക്കാര്ഫ്
ധരിക്കാനും ഫുള്‍സ്ലീവ് ഷര്‍ട്ട് ധരിക്കാനുമുള്ള ആവശ്യമാണ് വിദ്യാര്‍ഥിനികള്‍ ഉന്നയിച്ചത്. ഈ സ്കൂളിന്റെ ഡ്രസ്സ് കോഡിനൊത്തുപോവില്ലായെന്ന് മാനേജ്മെന്റ് പറയുന്നു. സ്കൂളിന്റെ നിബന്ധനകള്‍ക്കൊത്ത് പഠിക്കാമെന്ന മാനേജ്മെന്റിന്റെ നിര്‍ദ്ദേശത്തെ മറികടന്ന്, റിട്ട് പെറ്റീഷനുമായി വിദ്യാര്‍ഥിനികളുടെ മാതാപിതാക്കള്‍ വിദ്യാര്‍ഥിനികള്‍ക്കായി കോടതിയെ സമീപിക്കുന്നു. ഇതാണ് കേസിന്റെ പശ്ചാത്തലം.
പരാതിക്കാരുടെയും മാനേജ്മെന്റിന്റെയും വാദങ്ങള്‍ പരിശോധിച്ച് വിധി പറഞ്ഞ ജസ്റ്റീസ് മുഹമ്മദ് മുസ്താഖ് യുക്തിയുക്തമായി പറഞ്ഞ കാര്യങ്ങള്‍ അതിഗംഭീരമായ ഈ വിധി ന്യായത്തില്‍ വായിക്കാം.
കോടതിയുടെ മുന്നില്‍ വന്ന നിയമപ്രശ്നം എന്തായിരുന്നു? മതശാസനകള്ക്കനുസരിച്ചും അല്ലാതെയും ഒരാള്‍ക്ക് തന്റെ വസ്ത്രസങ്കല്പങ്ങള് രൂപീകരിക്കാനും അത് ധരിക്കാനുമുള്ള അടിസ്ഥാനപരമായ അവകാശമുണ്ട്. അതേസമയം, ഒരു പ്രൈവറ്റ് വിദ്യാഭ്യാസ സ്ഥാപനത്തിന്മേല് ആ അവകാശം സ്ഥാപിച്ചെടുക്കാന്‍ ആവശ്യം ഉന്നയിക്കുമ്പോള്‍, ആ സ്ഥാപനത്തിന്, അത് നടത്തിക്കൊണ്ടുപോകാനുള്ള നിബന്ധനകള്‍ നടപ്പിലാക്കാനുള്ള തുല്യമായ അടിസ്ഥാന അവകാശവുമുണ്ടെന്ന നിയമസംരക്ഷണവുമുണ്ട്. ഇങ്ങനെ ഇരുഭാഗത്തുമുള്ളവര്ക്കുള്ള അടിസ്ഥാന അവകാശങ്ങളെ സംരക്ഷിക്കാന്‍ ബാധ്യതപ്പെട്ട രാജ്യത്തെ നിയമസംവിധാനങ്ങള്‍ ഇത്തരം സാഹചര്യങ്ങളില്‍ ആരുടെ പക്ഷമാണ് ചേരുക എന്നതായിരുന്നു നിയമപ്രശ്നം.
അങ്ങനെ പക്ഷം ചേരുന്നതിനു പിറകിലുള്ള യുക്തിയും നിയമവ്യാഖ്യാനവും ഈ വിധിയിലുണ്ട്. ഈ വിധിന്യായത്തിന്റെ നൈയാമിക യുക്തി രൂപപ്പെടുത്തിയിരിക്കുന്നത്, മുന്‍പ് കോടതികളില്‍ വന്നിട്ടുള്ള പല കേസുകളെയും പറ്റിയുള്ള വിധിന്യായങ്ങളെ ഊന്നിക്കൊണ്ടാണ്.
2018-ല്‍ ഉയര്‍ന്നുവന്ന കേസിലെ വിശദാംശങ്ങള്‍ താഴെപ്പറയുന്നവിധം ക്രോഡീകരിക്കാം.
- മതശാസനകള്‍ക്കനുസരിച്ച് വസ്ത്രധാരണം സ്വീകരിക്കാനുള്ള അടിസ്ഥാന സ്വാതന്ത്ര്യവും അവകാശവും സ്ത്രീകള്‍ക്കുണ്ട്.
(അംനബിന്റ് ബഷീര്‍ Vs സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യുക്കേഷന്‍ (2016(2)KLT 601). ഇത് ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 25 (1) നെ ആധാരമാക്കിയുള്ള നിലപാടാണ്. - ഒരു സ്ഥാപനം നിയമവിധേയമായി സ്ഥാപിക്കാനും, നടത്തിക്കൊണ്ടുപോകാനും അതിന്റെ ഭരണപരമായ കാര്യങ്ങള്‍ നിയമാനുസൃതം നിര്‍വഹിക്കാനുമുള്ള ഒരാളുടെയോ സമൂഹത്തിന്റെയോ അവകാശം. ആര്‍ട്ടിക്കിള്‍ 19-നെ ആധാരമാക്കിയാണ് ഈ അവകാശത്തിന്റെ യുക്തി. തീര്‍ച്ചയായും യുക്തിഭദ്രമായ, നിയമാനുസൃതമായ അതിര്ത്തിക്കുള്ളില്ത്തന്നെയാണ് ഈ അവകാശം
പ്രവര്‍ത്തിക്കുന്നത്.
ടി.എം.എ. പൈ ഫൗണ്ടേഷന് Vs സ്റ്റേറ്റ് ഓഫ് കര്‍ണ്ണാടക (2002) 8 SCC 481). പി.എ. ഇനംദാര്‍ Vs സ്റ്റേറ്റ് ഓഫ് മഹാരാഷ്ട്ര (2005) 6 SCC 537). എന്നീവിധിന്യായങ്ങള് ഈ അവകാശത്തെ സാധൂകരിക്കുന്നുണ്ട്. - ഈ രീതിയില്‍ നേര്‍ക്കുനേര്‍ വരുന്ന രണ്ട് അടിസ്ഥാന അവകാശങ്ങളിന്മേല് തീര്‍പ്പു കല്പ്പിക്കാന് ജുഡീഷ്യല്‍ അവകാശാധികാരം കോടതികള്‍ക്കുണ്ട്. ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് ഇത്തരം ഒരു നിയമസന്ദര്ഭത്തെ സമീപിക്കുന്നതിന്റെ യുക്തി താഴെപ്പറയും വിധമാണ്.
- വിദ്യാഭ്യാസം നല്‍കുക എന്നത് ഭരണകൂടത്തിന്റെ കടമയും പ്രവൃത്തിയുമാണ്.
- ഈ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം പൊതുപ്രവര്‍ത്തനമാണ്.
- ഡ്രസ്സ് കോഡ് നിര്‍ദേശിക്കുക എന്നത് പൊതുപ്രവര്‍ത്തനം അല്ലായെന്ന് കരുതാനുള്ള ന്യായമെടുത്താല്, രണ്ട് സ്വകാര്യ പ്രവര്‍ത്തകരുടെ അടിസ്ഥാന അവകാശങ്ങള്‍ തിരശ്ചീനമായി (Horizontal) ഈ നിയമസന്ദര്ഭത്തില് വരുന്നുണ്ട്.
- അടിസ്ഥാന അവകാശങ്ങളുടെ തിരശ്ചീനമായ പ്രയോഗസാധ്യതയെയും അതിന്റെ പ്രയോഗപരതയെയുംപറ്റി ഐ.എം.എ. Vs യൂണിയന് ഓഫ് ഇന്ത്യ (2011, 7 SCC, 632) പി.യു.ഡി.ആര്. Vs യൂണിയന് ഓഫ് ഇന്ത്യ (1982, 3 SCC, 235) എന്നീ വിധിന്യായങ്ങളിലുണ്ട്.
- അടിസ്ഥാന അവകാശങ്ങളില്ത്തന്നെ പൂര്ണാവകാശമുള്ളതും സാഹചര്യവിധേയമായി, നിബന്ധനകള്‍ക്ക് വിധേയമാകുന്നവയും ഉണ്ട് (Absolute and Relative)
- മതപരമായ അവകാശങ്ങള്‍ സോപാധികമാകാവുന്നവയാണ്. (Article 25) (Relative).
- പരിശോധനാവിധേയമാകുന്ന കേസില്‍, സ്റ്റേറ്റിന്റെ നിബന്ധനകളോ നിര്‍ദ്ദേശങ്ങളോ പ്രത്യേകമാംവിധം ഇല്ലാതിരിക്കുന്ന സന്ദര്‍ഭങ്ങളില്‍ കോടതികള്‍, ഭരണഘടനാമൂല്യങ്ങളുടെ വെളിച്ചത്തില്‍ അവയെ പരിശോധിച്ച്, നേര്‍ക്കുനേര്‍വരുന്ന അടിസ്ഥാന അവകാശങ്ങളുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തണം. ഈ കോടതി ഇതിനെ സമീപിക്കുന്നത്, ഭരണഘടനാ നിര്‍ദ്ദേശങ്ങള്‍ വ്യക്തമായി പറയാത്തപ്പോഴും, ഭരണഘടന നല്കുന്ന മൂല്യങ്ങളുടെ വെളിച്ചത്തിലാണ്.
- മനുഷ്യരുടെ ബന്ധങ്ങളിലും പ്രവര്‍ത്തനങ്ങളിലും വ്യക്തമാകുന്ന താല്പര്യങ്ങളുടെ (interests) അടിസ്ഥാനത്തിലാണ് കോടതി ഈ കേസിനാസ്പദമായ നിയമസന്ദര്ഭത്തെ പരിശോധിക്കുന്നത്.
- വിശാലമായ താല്പര്യങ്ങളും വ്യക്തിപരമായ നിലപാടുകളിലൂടെ വ്യക്തമാകുന്ന താല്പര്യങ്ങളുമുണ്ടാകുമ്പോള്, ഭരണഘടനാപരമായ മൂല്യങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍, അതിന്റെ വെളിച്ചത്തില്‍, കോടതികള്‍ക്ക് തീരുമാനങ്ങളിലേയ്ക്ക് എത്താനാകും. ഇപ്പോള്‍ പരിഗണനയിലുള്ള വിഷയത്തില്‍, വിദ്യാഭ്യാസ പ്രവര്‍ത്തനം എന്ന വിശാലമായ താല്പര്യം മതപരമായ
മൂല്യം മുറുകെപ്പിടിക്കുകയെന്ന താല്പര്യത്തേക്കാള് മേല്‍ക്കൈ ഉള്ളതാണെന്നും, അങ്ങനെയായിരിക്കണമെന്നും ഈ കോടതി വിലയിരുത്തുകയും ഭരണഘടനാ മൂല്യങ്ങളെ വ്യാഖ്യാനിക്കുകയും ചെയ്യുന്നു.(ആഷാരാജന് sV സ്റ്റേറ്റ് ഓഫ് ബീഹാര്‍ (2017, 4 SCC 397). - ഈ വ്യാഖ്യാനങ്ങളുടെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനം എന്ന വിശാലമായ താല്പര്യത്തെ മുറുകെപ്പിടിച്ച്, വിദ്യാഭ്യാസ പ്രവര്‍ത്തനം നടത്തുന്ന സ്വകാര്യ മാനേജ്മെന്റുകളുടെ അവകാശത്തിന്, അത് ഡ്രസ്സ് കോഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നതിനുള്ള അവകാശത്തിനു മേല്‍ക്കൈ ഉണ്ടെന്ന് ഈ കോടതി തീരുമാനിക്കുന്നു. ജസ്റ്റീസ് മുഹമ്മദ് മുഷ്താവ് എഴുതുന്നത് ഇങ്ങനെയാണ്;
‘In which view of the matter, I am of the considered view that the petitioners cannot seek imposition of their individual right as against the
larger right of the institution. It is for the institution to decide whether the petitioners can be permitted to attend the classes with the head scarf and
full sleev shirt. It is purely within the domain of the institution to decide on the same. The Court cannot even direct the institution to consider such a
request. Therefore the writ petition must fail. Accordingly the writ petition is dismissed.’ - 2025-ല്‍ പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക്ക് സ്കൂളിനെ ചുറ്റിപ്പറ്റി വന്ന തര്‍ക്കം സമാന സ്വഭാവമുള്ളതാണ്. കോടതി 2018-ല്‍ വ്യാഖ്യാനിച്ച കാര്യങ്ങളാണ്.
(2022-ല്‍ കര്‍ണ്ണാടകയിലുണ്ടായ സമാനസ്വഭാവമുള്ളതും അതേസമയം കര്‍ണ്ണാടക സര്‍ക്കാരിന്റെ ചില ഉത്തരവുകള്‍ മൂലമുണ്ടായ സങ്കീര്‍ണതകള്‍ കൊണ്ട് വ്യത്യസ്തവുമായ കേസ് സുപ്രീം കോടതി പരിഗണിച്ചത്, വിധി പറഞ്ഞത്, രണ്ടംഗ ബെഞ്ചിന്റെ വ്യത്യസ്ത വിധികളിലൂടെയായിരുന്നു. ജസ്റ്റീസ് ഹേമന്ത് ഗുപ്ത, ജസ്റ്റീസ് സുധാംശു ദൂലിയ എന്നിവരുടെ വ്യത്യസ്ത വിധിന്യായങ്ങള്‍, നിയമപരമായി ഇപ്പോള്‍ ശൂന്യാവസ്ഥയിലാണെങ്കിലും, ഈ വിഷയത്തിന്മേലുള്ള വിശാലവും ഗംഭീരവുമായ പഠനങ്ങളും ഭരണഘടനാ മൂല്യങ്ങളുടെ വ്യാഖ്യാനവുമാണ്. ഇരുന്നൂറിലധികം പേജുകളിലായി പഠിച്ചെഴുതിയ ഈ വിധി വ്യാഖ്യാനം ഈ വിഷയത്തിന്മേലുള്ള അസാധാരണവും അഗാധവുമായ പഠനമാണ്). വ്യത്യസ്ത നിലപാടുകള്‍ വന്നതു കൊണ്ട് സുപ്രീം കോടതിയുടെ വിശാല ബെഞ്ച് രൂപീകരിച്ച്, ഗഹനമായ കൂടുതല്‍ പഠനങ്ങള്‍ നടത്താനുള്ളതിന്റെ പരിഗണന ആയാണ് ഈ വിഷയം ഇപ്പോള്‍ സുപ്രീം കോടതിയിലുള്ളത്. - 2018-ലെ വിധിന്യായത്തിന്റെ യുക്തിപരതയെപ്പറ്റിയോ നിയമവ്യാഖ്യാനത്തെപ്പറ്റിയോ ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍, നിയമപരമായിത്തന്നെ കോടതിയെ സമീപിച്ച് അത് പരിഗണനയ്ക്കെടുക്കാവുന്നതാണല്ലോ. (ആര്‍ട്ടിക്കിള്‍ 32). ആ നിലയ്ക്ക് നീങ്ങാതെ, നിലവിലെ നിയമത്തെ ആദരിക്കാതെ, ബലപ്രയോഗത്തിലൂടെയോ, അധിക്ഷേപങ്ങളിലൂടെയോ നിയമം മാറ്റാമെ
ന്നത് ജനാധിപത്യവിരുദ്ധ നിലപാടാണ്.
പിന്കുറിപ്പായി ചിലത്:
ഭരണഘടനാ രൂപീകരണത്തിനു മുന്‍പും അതിനുശേഷവും ഇന്ത്യയിലെ ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷ സമൂഹമായ ക്രൈസ്തവസഭ പാര്‍ശ്വവത്കൃതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും, മര്‍ദ്ദിതര്‍ക്കും, പാവപ്പെട്ടവര്‍ക്കും വേണ്ടി ചെയ്തിട്ടുള്ള
കാര്യങ്ങളെ ആര്‍ക്കാണ് നിഷേധിക്കാനാകുന്നത്? മതനിരോധന നിയമത്തിന്റെ മറവില്‍ രാജ്യത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ കഴിഞ്ഞദിവസം സുപ്രീം കോടതി നല്കിയ വധി എല്ലാവരും വായിക്കുകയും പഠിക്കുകയും ചെയ്യേണ്ടതാണ്.
ഭരണഘടനാ മൂല്യങ്ങള്‍ക്കും നിയമപാഠങ്ങള്ക്കുമപ്പുറത്തു സംഭവിച്ച ഡിജിറ്റല്‍ കാല കോലാഹലങ്ങളെല്ലാം ദീപാവലിക്കാലത്ത് നടന്ന ലാത്തിരി, പൂത്തിരി, കമ്പിത്തിരി, മത്താപ്പൂ പ്രയോഗങ്ങളാണെന്ന് കരുതാനേ സാധിക്കൂ. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യ സംവിധാനങ്ങളും നീതിപൂര്‍വകമായ സത്യമായി നിലനിര്‍ത്താന്‍ എല്ലാവര്ക്കും കടമയുണ്ട്
മൈനറായ ഒരു പെണ്‍കുട്ടിയെ മുന്‍നിര്‍ത്തി അവളുടെ രക്ഷാകര്തൃത്വമുള്ളവരും, അവര്‍ക്ക് താല്പര്യമുള്ള നിലപാടുകാരും കൂടി സ്കൂളില്‍ നടത്തിയ ആക്രോശങ്ങളും ബഹളങ്ങളും അവള്‍ക്കും അവള് പഠിച്ച സ്കൂളിലെ അവളുടെ സഹപാഠി
കള്‍ക്കും മറ്റു കുട്ടികള്‍ക്കും ഉണ്ടാക്കിയ മനോവിഷമങ്ങളും വേദനയും പരിഗണിക്കേണ്ടതാണ്.
വിദ്യാഭ്യാസവകുപ്പിലെ ഒരു ഉദ്യോഗസ്ഥന്റെ റിപ്പോര്‍ട്ടും ശുപാര്‍ശയും കോടതിവിധികളെ അസാധുവാക്കുന്ന നിയമസാധ്യതയുള്ള കുറിപ്പുകളാണോ? (കോടതിയുടെ പരിഗണനയിലുള്ള വിഷയമാണ്).
സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരു സ്ത്രീ, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേലധികാരിയായതിനാലും ഭരണഘടനയ്ക്ക് അനുസൃതമായി ഒരു നിലപാടെടുത്തിനാലും, നേരിടേണ്ടിവന്ന അധിക്ഷേപങ്ങളും അപമാനങ്ങളും നിയമപരമായിത്തന്നെ നേരിടേണ്ടതല്ലേ? സ്ത്രീത്വത്തെ അപമാനിച്ചവരെ അപലപിക്കേണ്ടതല്ലേ?