പത്തനംതിട്ട: ശബരിമലയിലെ സ്വർണക്കൊള്ള കേസിൽ ശബരിമല മുൻ അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ മുരാരി ബാബു എസ്ഐടി കസ്റ്റഡിയിൽ. ഇന്നലെ രാത്രി 10 മണിക്കാണ് ഇയാളെ പെരുന്നയിലെ വീട്ടിൽ വച്ച് കസ്റ്റഡിയിൽ എടുത്തത്. ദ്വാരപാലക ശിൽപ പാളികളും കട്ടിളയും കടത്തിയ കേസിൽ പ്രതിയാണ് ഇയാൾ.
എസ്ഐടി കസ്റ്റഡിയിൽ എടുത്ത ഇയാളെ തിരുവനന്തപുരത്ത് എത്തിച്ചുവെന്നാണ് ലഭിക്കുന്ന വിവരം. .നിലവിൽ ഇയാൾ സസ്പെൻഷനിലാണ്.
ദേവസ്വം ബോർഡ് ആദ്യം നടപടിയെടുത്ത ഉദ്യോഗസ്ഥനും ഇയാളാണ്. 2019 മുതൽ 2024 വരെയുള്ള കാലയളവിലെ ശബരിമല സ്വർണക്കൊള്ള സംബന്ധിച്ചുള്ള ഗൂഢാലോചന നടത്തിയതിലെ പ്രധാനിയാണ് മുരാരി ബാബു. ഇയാളാണ് ദ്വാരപാലക ശിൽപങ്ങളിലും കട്ടിള പാളികളിലും സ്വർണം പൊതിഞ്ഞത് എന്നതിന് പകരം ചെമ്പ് പൊതിഞ്ഞത് എന്ന രേഖയുണ്ടാക്കിയത് .
ശബരിമല സ്വർണക്കൊള്ള സംബന്ധിച്ച കേസിലെ സാക്ഷികളുടെ മൊഴിയെടുപ്പ് ഇന്നും തുടരും. സന്നിധാനത്ത് നിന്നും സ്വർണപ്പാളി കൊണ്ടുപോകുമ്പോൾ ഡ്യൂട്ടിയിലുണ്ടായിരുന്നവരുടെ മൊഴിയെടുക്കലാണ് നിലവിൽ തുടരുന്നത്. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുപ്പ് ഇന്ന് മുതൽ ആരംഭിക്കുമെന്നാണ് ലഭിക്കുന്ന വിവരം .