ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ വിരമിച്ചു
‘അനുകമ്പയോടെ ശുശ്രൂഷിക്കാന്‍’ എന്നതാണ് ബിഷപ് ഡി. സെല്‍വരാജന്റെ പ്രമാണവാക്യം. നെയ്യാറ്റിന്‍കര രൂപതയുടെ പിന്തുടര്ച്ചാവകാശമുള്ള സഹായമെത്രാനായി മാര്‍ച്ച് 25നായിരുന്നു അഭിഷേകം.
നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയെ മൂന്നു പതിറ്റാണ്ടു കാലത്തോളം നയിച്ച ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍ വിരമിച്ചു. പിന്തുടര്ച്ചാവകാശമുള്ള ബിഷപ്പായ ഡോ. ഡി. സെല്‍വരാജനെ പുതിയ ബിഷപ്പായി ലെയോ പാപ്പ നിയമിച്ചു. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് നെയ്യാറ്റിന്‍കര ബിഷപ്സ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍, ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന്റെ രാജി സ്വീകരിച്ച കാര്യവും പിന്‍ഗാമിയായി ഡോ. ഡി. സെല്‍വരാജനെ നിയമിച്ച കാര്യവും പാപ്പായുടെ ഇന്ത്യയിലെ പ്രതിനിധി നുണ്‍ഷ്യോ ആര്‍ച്ച്ബിഷപ് ഡോ. ജിയോ പോള്‍ദോ ജിറേലിയുടെ കത്തിലൂടെ അറിയിക്കുകയായിരുന്നു.
ഈ കത്ത് ബിഷപ് വിന്‍സെന്റ് സാമുവലിന്റെ നിര്‍ദേശപ്രകാരം ചാന്‍സലര്‍ മോണ്‍. ജോസ് റാഫേല്‍ യോഗത്തില്‍ വായിച്ചു. ഇതേ സമയത്ത് തന്നെ വത്തിക്കാനിലും ഈ അറിയിപ്പ് പ്രസിദ്ധപ്പെടുത്തി. തിരുവനന്തപുരം അതിരൂപത ആര്‍ച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, ബിഷപ് ഡോ. വിന്‍സെന്റ് സാമുവല്‍, നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍. വിന്‍സെന്റ് കെ. പീറ്റര്‍, ചാന്‍സലര്‍ മോണ്‍. ജോസ് റാഫേല്‍, മുന്‍ വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ്, ശുശ്രൂഷാ കോര്‍ഡിനേറ്റര്‍ മോണ്‍. വി.പി. ജോസ്, റവ. ഡോ. രാജദാസ് ജ്ഞാനമുത്തന്‍, പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി പി.ആർ.പോള്‍, മോണ്‍. അല്‍ഫോണ്‍സ് ലിഗോരി, ഫാ. ജോയ് സാബു എന്നിവരും രൂപതയിലെ പുരോഹിതരും സന്ന്യാസ സഭാ മേധാവികളും അല്മായ നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
ബിഷപ് ഡി.സെല്‍വരാജനെ (62) 2025 ഫെബ്രുവരി 8-ന് നാണ് കോ-അഡ്ജത്തൂര്‍ ബിഷപ്പായി ഫ്രാന്‍സിസ് പാപ്പ നിയമിച്ചത്.
1962 ജനുവരി 27 ന് വലിയവിളയില്‍ ജനിച്ച അദ്ദേഹം ആലുവയിലെ സെന്റ് ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു. യൂണിവേഴ്സിറ്റി കാത്തലിക് ഡി ലൂവെയ്നില്‍ നിന്ന് കാനന്‍ നിയമത്തില്‍ ലൈസന്‍സും ഡോക്ടറേറ്റും നേടി.
1987 ഡിസംബര്‍ 23 ന് തിരുവനന്തപുരം അതിരൂപതയ്ക്കായി അദ്ദേഹം പുരോഹിതനായി അഭിഷിക്തനായി.
പട്ടം സ്വീകരിച്ചതിനുശേഷം മുതിയവിളയിലെ സെന്റ് ആല്‍ബര്‍ട്ടിന്റെ ഇടവക വികാരി (1988 – 1994); തിരുവനന്തപുരം ലാറ്റിന്‍ അതിരൂപതയിലെ കാറ്റെസിസ് ഡയറക്ടര്‍ (1991 – 1995); ചിന്നത്തുറൈയിലെ സെന്റ് ജൂഡിന്റെ ഇടവക വികാരി (1994- 1995); മാണിക്കപുരത്തെ സെന്റ് തെരേസയുടെ ഇടവക വികാരി (1995); തിരുവനന്തപുരം ട്രൈബ്യൂണലില്‍ ബോണ്ടിന്റെ സംരക്ഷകനും പാസ്റ്ററല്‍ കെയര്‍ ഡയറക്ടറും (2001 – 2003); മാറനെല്ലൂരിലെ സെന്റ് പോളിന്റെ ഇടവക വികാരിയും സ്കൂളുകളുടെ ഡയറക്ടറും (2001 – 2008); നെയ്യാറ്റിന്‍കര ട്രൈബ്യൂണലില്‍ ബോണ്ടിന്റെ സംരക്ഷകന്‍ (2001- 2011); കോളേജ് ഓഫ് കണ്‍സള്‍ട്ടേഴ്സിന്റെയും രൂപത കൗണ്‍സില്‍ ഫോര്‍ ഇക്കണോമിക് അഫയേഴ്സിന്റെയും അംഗം (2007 മുതല്‍); ഇമ്മാക്കുലേറ്റ് കണ്സെപ്ഷന് കത്തീഡ്രലിന്റെ ചാന്‍സലറും ഇടവക വികാരിയും (2008 – 2014); സേക്രഡ് ഹാര്‍ട്ട് ഇടവക വികാരിയും ലോഗോസ് പാസ്റ്ററല്‍ സെന്ററിന്റെ ഡയറക്ടറും (2014 – 2019).
1996 ജൂണ്‍ 14-ന് തിരുവനന്തപുരം അതിരൂപതയില്‍ നിന്ന് വിഭജിച്ച് നെയ്യാറ്റിന്‍കര രൂപത സ്ഥാപിതമായി. ബിഷപ് വിന്‍സെന്റ് സാമുവല്‍ ആയിരുന്നു രൂപതയുടെ ആദ്യ ബിഷപ്. നെയ്യാറ്റിന്‍കര, നെടുമങ്ങാട് എന്നീ രണ്ട് താലൂക്കുകള്‍ ചേര്‍ന്നതാണ് രൂപത. രൂപതയില്‍ 132,650 കത്തോലിക്കാ ജനസംഖ്യയും 65 ഇടവകകളും 135 രൂപതാ പുരോഹിതന്മാരുമുണ്ട്.