വത്തിക്കാൻ: ജോൺസ് ഹോപ്കിൻസ് സർവകലാശാലയുമായും സ്പേസ് ടെലിസ്കോപ്പ് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടുമായും (എസ്.ടി.എസ്.സി.ഐ) സഹകരിച്ച് വത്തിക്കാൻ ജ്യോതിശാസ്ത്ര നിലയം, ‘അത്ഭുതങ്ങളാൽ വശീകൃതം’ എന്ന പേരിൽ ബഹിരാകാശവിസ്മയ പ്രദർശനം നടത്തുന്നു.
ക്രിസ്തുജയന്തിയുടെ ജൂബിലി പ്രമാണിച്ചാണ് ആദ്യമായി ഇത്തരത്തിൽ ഒരു പ്രദർശനം സംഘടിപ്പിക്കുന്നത്. ഹബിൾ, ജെയിംസ് വെബ് ബഹിരാകാശ ദൂരദർശിനികളിൽ നിന്നുള്ള കോസ്മിക് ചിത്രങ്ങളാണ് പ്രദർശനത്തിൽ ഉൾപ്പെടുത്തുന്നത്. ഈ പ്രദർശനം, പ്രമുഖ ജ്യോതിശാസ്ത്രജ്ഞരുടെ വിവരണങ്ങളും, ഗവേഷണ നിരീക്ഷണങ്ങളും ഉൾക്കൊള്ളുന്നതിനാൽ, ശാസ്ത്രീയ ഗവേഷണം പുരോഗമിപ്പിക്കുകയും പ്രപഞ്ചത്തെക്കുറിച്ചുള്ള മനുഷ്യന്റെ ധാരണ വിപുലീകരിക്കുകയും ചെയ്യുന്നു.
നവംബർ മാസം മൂന്നാം തീയതി, കാസൽ ഗന്ധോൾഫോയിൽ, പ്രദർശനം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. പ്രദർശനം കാണുവാനുള്ള ടിക്കറ്റുകൾ, ഇറ്റാലിയൻ ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമായ വത്തിക്കാൻ മ്യൂസിയം ഔദ്യോഗിക പേജിൽ നിന്നും ബുക്ക് ചെയ്യാവുന്നതാണ്. ബഹിരാകാശത്തിന്റെ ഏറ്റവും ആഴങ്ങളിലേക്ക് പ്രേക്ഷകരെ കൊണ്ടുപോകുവാൻ ഈ പ്രദർശനം സഹായിക്കും.
വ്യാഴഗ്രഹത്തിന്റെ ധ്രുവദീപ്തി, സൗരയൂഥത്തിന് പുറത്തുള്ള മറ്റുഗ്രഹങ്ങൾ, ചെറുനക്ഷത്രങ്ങൾ, തുടങ്ങിയവയുടെ ദൂരദർശിനി ചിത്രങ്ങൾ പ്രദർശനത്തിൽ ഉണ്ടാകും. ഇവയുടെ അസാധാരണമായ സൗന്ദര്യം മാത്രമല്ല, അതുമായി ബന്ധപ്പെട്ട ശാസ്ത്രീയ കണ്ടെത്തലുകളും പ്രദർശനത്തിൽ വിവരിക്കും.”ഈ ചിത്രങ്ങൾ, അവയുടെ ഉദാത്തമായ സൗന്ദര്യത്തെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മെ അത്ഭുതപ്പെടുത്തുകയും ആഴമേറിയ ഒരു സന്തോഷം നമ്മിൽ നിറയ്ക്കുകയും ചെയ്യുന്നു.” എന്നാണ് വേനൽക്കാല പഠന ശിബിരത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളോട് പരിശുദ്ധ പിതാവ് ലിയോ പതിനാലാമൻ പാപ്പാ പറഞ്ഞത്.
1990-ൽ ഹബിളും 2021-ൽ ജെയിംസ് വെബ്ബും ആരംഭിച്ചതിനുശേഷം, ദൂരദർശിനികൾ വൈവിധ്യമാർന്ന ആകാശ പ്രതിഭാസങ്ങളെക്കുറിച്ച് വിവിധ പഠനങ്ങൾ നടത്തുകയും, പ്രപഞ്ച ഉത്ഭവത്തെക്കുറിച്ച് വെളിച്ചം വീശുകയും ആദ്യകാല പ്രപഞ്ചത്തിന്റെ പുതിയ ചിത്രങ്ങൾ വെളിപ്പെടുത്തുകയും ചെയ്തു. അതിനാൽ ഈ പ്രദർശനം, അടുത്ത തലമുറയിലെ ശാസ്ത്രജ്ഞരെ പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ നിഗൂഢമായ അറിവിലേക്ക് നയിക്കുന്നതാണ്.