കൊച്ചി:ആഗോള കത്തോലിക്ക സഭയിലെ ജൂബിലി വർഷാചരണത്തോടനുബന്ധിച്ച് കെ.ആർ.എൽ.സി.ബി.സി. ഫാമിലികമ്മിഷൻ സംഘടിപ്പിക്കുന്ന നേതൃസംഗമം ‘ഫമീലിയ-2’ ഒക്ടോബർ 20 തിങ്കളാഴ്ച എറണാകുളം ആശിർഭവനിൽ
നടക്കും. കേരളത്തിലെ 12 ലത്തീൻ രൂപതകളിലെ കുടുംബശുശ്രൂഷ ഡയറക്ടർമാരും നേതൃനിരയിൽ പ്രവർത്തിക്കുന്ന സമിതിയംഗങ്ങളും, ആനിമേറ്റർമാരും, വോളന്റിയേഴ്സും, റിസോഴ്സ് പേഴ്സൻ അംഗങ്ങളും സംഗമത്തിൽ പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 9 .30 ന് കെ.ആർ.എൽ.സി.ബി.സി ചിൽഡ്രൻസ് കമ്മിഷൻ സെക്രട്ടറി
ഫാ.അരുൺ മാത്യു തൈപറമ്പിലിന്റെ നേതൃത്വത്തിലുള്ള റോഡ് ബാൻഡ് നയിക്കുന്ന പരിപാടികളോട്കൂടിയാണ് സംഗമം ആരംഭിക്കുന്നത്. തുടർന്ന്ആശീർഭവൻ ഡയറക്ടർ
റവ. ഡോ. വിൻസന്റ് വാരിയത്ത് ‘കുടുംബം ഒരു ആനന്ദം’ എന്ന വിഷയത്തിൽ നടക്കുന്ന ക്ലാസ് നയിക്കും.
ആധുനിക ലോകത്ത് കുടുംബങ്ങൾ നേരിടുന്ന വെല്ലുവിളികളെയും, കുടുംബങ്ങളുടെ വളർച്ചയ്ക്കും വീണ്ടെടുപ്പിനും കുടുംബ ശുശ്രൂഷകൾ കൈവരിക്കേണ്ട നവമായ അജപാലന സമീപനങ്ങളെക്കുറിച്ചും കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഡോ. എ.ആർ. ജോൺ വിഷയം അവതരിപ്പിക്കും.
തുടർന്ന് നടക്കുന്ന ജ്വലിക്കുന്ന ഹൃദയവും ചലിക്കുന്ന പാദങ്ങളും എന്ന സെഷനിൽ വിവിധ ഫാമിലി മൂവ്മെന്റുകളിലുള്ളവർ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കും. ഗ്രീൻ പാസ്റ്റേഴ്സിൽ നിന്നും ബോണി ചെല്ലാനം, ലവിത്ത മിനിസ്ട്രിയിലെ ഫാ. റോബർട്ട് ചാവറനാനിക്കൽ, ഗ്രേസ് കപ്പിൾസ് മിനിസ്ട്രിയിലെ അലക്സ് ,എൽസ ദമ്പതികൾ, പ്രോ-ലൈഫ് കുടുംബങ്ങളായ കോട്ടപ്പുറം രൂപതയിലെ ഫ്രാൻസിസ് എം. എ , ഹെർമീന ഫ്രാൻസിസ്, തിരുവനന്തപുരം അതിരൂപതയിലെ ജാക്സൻ തുമ്പക്കാരൻ,ശ്യാമ ജാക്സൻ എന്നിവർ പങ്കെടുക്കും.
ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് നടക്കുന്ന പൊതുസമ്മേളനം കേരള വ്യവസായ വകുപ്പ് മന്ത്രി
പി. രാജീവ് ഉദ്ഘാടനം ചെയ്യുംകെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ ചെയർമാൻ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ഡോ. ആന്റണി വാലുങ്കൽ അനുഗ്രഹ പ്രഭാഷണം നടത്തും. കെ.ആർ.എൽ.സി.സി ജനറൽ സെക്രട്ടറി ഡോ. ജിജു അറക്കത്തറ ആശംസകളർപ്പിക്കും.
വിവിധ രൂപതകളിലെ കുടുംബ ശുശ്രൂഷകളിൽ നിസ്വാർത്ഥ സേവനം ചെയ്യുന്നവരെ സമ്മേളനത്തിൽ ആദരിക്കും.
കെ.ആർ.എൽ.സി.ബി.സി ഫാമിലി കമ്മിഷൻ സെക്രട്ടറി ഡോ. എ.ആർ. ജോൺ സ്വാഗതവും വരാപ്പുഴ കുടുംബ ശൂശ്രൂഷ ഡയറക്ടർ ഫാ. അലക്സ് കുരിശുപറമ്പിൽ കൃതജ്ഞതയും രേഖപ്പെടുത്തും. ജൂബിലി വർഷത്തിൽ നടത്തുന്ന ഈ നേതൃസംഗമം രൂപതകളിലെ കുടുംബ ശുശ്രൂഷ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഊർജ്ജം പകരുമെന്നും അതുവഴി കുടുംബങ്ങളെ ചേർത്തുപിടിച്ചുകൊണ്ട് മുന്നേറുവാൻ സാധിക്കുമെന്നും സംഘാടകർ പറഞ്ഞു.