തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായിക മേള ഈ മാസം 21 മുതൽ 28 വരെ തിരുവനന്തപുരത്തെ 12 വേദികളിലായി അരങ്ങേറും. ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസൺ സ്കൂൾ ഒളിംപിക്സിന്റെ ബ്രാൻഡ് അംബാസഡറാണ്. കഴിഞ്ഞ വർഷത്തേത് പോലെ ഒളിംപിക്സ് മാതൃകയിലാണ് മേള . 20,000ത്തോളം കായിക പ്രതിഭകൾ മേളയിൽ പങ്കെടുക്കും. ഗെയിംസ്, അത്ലറ്റിക്സ് എന്നിവയിൽ 39 വിഭാഗങ്ങളിലായാണ് പോരാട്ടം. അണ്ടർ 14, 17, 19 വിഭാഗങ്ങളിലുള്ളവരും സവിശേഷ പരിഗണന അർഹിക്കുന്ന കുട്ടികളും പങ്കെടുക്കും.
തിരുവനന്തപുരത്തേയും സമീപ പ്രദേശങ്ങളിലേയും 12 സ്റ്റേഡിയങ്ങളിലായി പകലും രാത്രിയും മത്സരങ്ങൾ അരങ്ങേറും. പ്രധാന വേദിയായ തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ജർമൻ ഹാങർ പന്തലുപയോഗിച്ച് താത്കാലിക ഇൻഡോർ സ്റ്റേഡിയങ്ങൾ നിർമിച്ച് 12 ഓളം കായിക ഇനങ്ങൾ ഒരുമിച്ച് സംഘടിപ്പിക്കും.
ഒരാഴ്ച മുൻപ് വിളംബർ ഘോഷയാത്ര നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് കായിക പ്രതിഭകളുടെ മാർച്ച് പാസ്റ്റ്, രാജ്യാന്തര കായിക പ്രതിഭകൾ സംഗമിക്കുന്ന ദീപശിഖാ പ്രയാണം എന്നിവയുമുണ്ടാകും. മഹാരാജാസ് ഗ്രൗണ്ടിൽ നിന്നു ആരംഭിച്ച് സെൻട്രൽ സ്റ്റേഡിയത്തിൽ അവസാനിക്കുന്ന രീതിയിലാകും ദീപശിഖാ പ്രയാണം. മാർച്ച് പാസ്റ്റിൽ 4500 പേർ പങ്കെടുക്കും. തൈക്കാട് മൈതാനത്തിൽ പ്രധാന അടുക്കളയും ഭക്ഷണം കഴിക്കാനുള്ള സ്ഥലവും ഒരുക്കും.
ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ഇൻക്ലൂസീവ് സ്പോർട്സ് ഉൾപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന സിലബസിൽ യുഎഇയിലെ ഏഴ് സ്കൂളുകളിൽ പഠിക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കും. തങ്കു എന്ന മുയലാണ് ഇത്തവണത്തെ സ്കൂൾ ഒളിംപിക്സിന്റെ ഭാഗ്യ ചിഹ്നം.