വത്തിക്കാൻ: സംഘർഷങ്ങൾ തടയുന്നതിനും അവസാനിപ്പിക്കുന്നതിനും ദാരിദ്ര്യനിർമ്മാർജ്ജനത്തിനും മനുഷ്യാവകാശങ്ങളുടെ പരിപോഷണത്തിനും സംഘാത നടപടികൾ സ്വീകരിക്കുകയെന്നത് അന്താരാഷ്ട്രസമൂഹത്തിന് നിർണ്ണായകമാണെന്ന് വത്തിക്കാൻ പ്രതിനിധി ആർച്ചുബിഷപ്പ് പോൾ റിച്ചാർഡ് ഗാല്ലഗെർ.
രാഷ്ട്രങ്ങളുമായും അന്താരാഷ്ട്രസംഘടനകളുമായുമുള്ള ബന്ധങ്ങൾക്കായുള്ള വത്തിക്കാൻ വിഭാഗത്തിൻറെ കാര്യദർശിയായ അദ്ദേഹം അമേരിക്കൻ ഐക്യനാടുകളിൽ, ന്യുയോർക്കിൽ ഐക്യരാഷ്ട്രസംഘടനയുടെ പൊതുസഭയുടെ എൺപതാമത് യോഗത്തെ സെപ്റ്റംബർ 29-ന് തിങ്കളാഴ്ച സംബോധന ചെയ്യുകയായിരുന്നു.
“കൂട്ടായ്മ ഉപരിമെച്ചം: സമാധാനത്തിനും വികസനത്തിനും മനുഷ്യാവകാശങ്ങൾക്കും എൺപതും അതിലേറെയും വർഷങ്ങൾ” എന്നതായിരുന്നു അവതരണ പ്രമേയം. ഐക്യരാഷ്ട്ര സഭ 1948-ൽ പുറപ്പെടുവിച്ച മനുഷ്യാവകാശ പ്രഖ്യാപനത്തെക്കുറിച്ച് പരാമർശിച്ച ആർച്ചുബിഷപ്പ് ഗാല്ലഗെർ അത് ഈ സംഘടനയുടെ ഏറ്റവും സുപ്രധാനമായ നേട്ടങ്ങളിൽ ഒന്നാണെന്നു വിശേഷിപ്പിച്ചു.
ഒറ്റക്കെട്ടായി നില്ക്കേണ്ടതിൻറെ പ്രാധാന്യം എടുത്തകാട്ടിയ അദ്ദേഹം, ഒറ്റപ്പെടൽ പ്രവചനാതീതമായ അസ്ഥിരതയിലേക്ക് നയിക്കുമെന്നും നേരെമറിച്ച്, ഐക്യമാകട്ടെ ഉത്തരവാദിത്വമുള്ള പ്രതിരോധശേഷിയും പങ്കുവെക്കുന്ന പുരോഗതിയും പരിപോഷിപ്പിക്കുമെന്നും പ്രസ്താവിച്ചു.
വർദ്ധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാലാവസ്ഥാ പ്രതിസന്ധി, വർദ്ധമാനമാകുന്ന അസമത്വങ്ങൾ, രൂക്ഷമാകുന്ന ദാരിദ്ര്യം എന്നിവ ആഗോള ഐക്യദാർഢ്യത്തിൻറെ നവീകരണത്തിന് ആഹ്വാനം ചെയ്യുന്നുവെന്ന് ആർച്ചുബിഷപ്പ് ഗാല്ലഗെർ ഓർമ്മിപ്പിച്ചു.
ഒരു രാജ്യത്തിനും ഒറ്റയ്ക്ക് നേരിടാൻ കഴിയാത്തതായ പരിസ്ഥിതി തകർച്ച, സാങ്കേതിക തടസ്സം തുടങ്ങിയ ഉയർന്നുവരുന്ന ഭീഷണികളെ നേരിടാൻ ഐക്യരാഷ്ട്രസഭ പരിവർത്തനം ചെയ്യപ്പെട്ട ലോകവുമായി പൊരുത്തപ്പെടുകയും അതിൻറെ കാര്യക്ഷമത നിലനിർത്തുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.