ഏഷ്യ കപ്പ് ഫൈനലിൽ ഇന്ത്യയും പാക്കിസ്ഥാനും ഇന്ന് നേർക്കുനേർ . എതിരാളികളെയെല്ലാം പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ ഫൈനലിലേക്കെത്തിയതെങ്കിൽ പാക്കിസ്ഥാൻ തോറ്റത് രണ്ടു കളിയിലാണ് . രണ്ടുതോൽവിയും ഇന്ത്യയ്ക്കെതിരെ. ഇന്നുരാത്രി എട്ടുമണിക്കാണ് ഫൈനൽ. തുടർച്ചയായ മൂന്നാം ഞായറാഴ്ച്ചയാണ് ഇന്ത്യ– പാക്കിസ്ഥാൻ മത്സരം വരുന്നത്.
41 വർഷത്തെ ഏഷ്യ കപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഇന്ത്യയും പാക്കിസ്ഥാനും ഫൈനലിൽ പോരാടുന്നത്.നേരത്തെ ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും ഇന്ത്യയോട് പാക്കിസ്ഥാൻ തോറ്റിരുന്നു. സൂപ്പർ ഫോറിൽ ബംഗ്ലാദേശിനെയും ശ്രീലങ്കയെയും തോൽപ്പിച്ച് അവസാനം ഫൈനൽ പോരാട്ടത്തിന് സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടം മുതൽ തോൽവി അറിയാതെയാണ് ഇന്ത്യയുടെ ഫൈനൽ വരവ്. സൂപ്പർ ഫോറിലെ അവസാന മൽസരത്തിൽ ശ്രീലങ്കയെ സൂപ്പർ ഓവറിലാണ് ഇന്ത്യ പരാജയപ്പെടുത്തിയത്.
309 റൺസുമായി ടൂർണമെന്റിലെ ടോപ് സ്കോററായ അഭിഷേക് നൽകുന്ന തുടക്കത്തിൽ നിന്നാണ് ഇന്ത്യയുടെ കുതിപ്പ്. തുടർച്ചയായ മൂന്ന് മൽസരങ്ങളിൽ അർധ സെഞ്ചറി നേടിയ അഭിഷേകിൻറെ സ്ട്രൈക്ക് റേറ്റ് 204.63 ആണ്. ശരാശരി 51.50. സൂപ്പർ ഫോർ പോരാട്ടത്തിൽ പവർപ്ലേയിൽ ഇന്ത്യൻ ബോളർമാർ നിരാശപ്പെടുത്തിയെങ്കിലും സ്പിന്നർമാർ കൈവിട്ടില്ല.
.