തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 3.63 കോടി രൂപയുടെ ഹൈഡ്രോപോണിക് കഞ്ചാവ് പിടികൂടി. കര്‍ണാടക ബെല്ലാരി സ്വദേശിയായ യുവാവില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്. 3.63 കിലോഗ്രാം കഞ്ചാവാണ് ബാഗില്‍ നിന്ന് ലഭിച്ചത്. ബെല്ലാരിയിലെ സൂപ്പര്‍മാര്‍ക്കറ്റിന്റെ ഉടമയാണ് പിടിയിലായ സുമന് ജട്ടര്‍.
ബെല്ലാരിയിൽ സൂപ്പർ മാർക്കറ്റ് നടത്തുന്ന ആളാണ് പ്രതി. ഈ മാസം 15 -ന് ബെംഗളൂരു വിമാനത്താവളംവഴിയായിരുന്നു ഇയാൾ ബാങ്കോക്കിലേക്ക് പോയതതെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ അറിയിച്ചു. തിരികെ ഞായറാഴ്ച്ച പുലർച്ചെ 1.30-ഓടെ മലേഷ്യൻ എയർ ലൈൻസിൻ്റെ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തുകയായിരുന്നു.
പ്രതി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയതിനെ തുടർന്ന് എയർ ഇൻ്റലിജൻസ് വിഭാഗം ഇയാളുടെ ലഗേജ് പരിശോധിച്ചു. ബാഗിൽ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു ഹൈബ്രിഡ് കഞ്ചാവ് പൊതികൾ. അറസ്റ്റ് ചെയ്ത പ്രതിയെ വിശദമായ ചോദ്യംചെയ്യലിനു ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് കൊച്ചി കമ്മിഷണറേറ്റ് ഓഫ് കസ്റ്റം പ്രിവെൻറ്റിവ് അധികൃതർ അറിയിച്ചു.