വത്തിക്കാൻ: സെപ്റ്റംബർ 21-ന് അന്താരാഷ്ട്രസമാധാന ദിനം ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ ആചരിക്കുന്നു. “സമാധാനം വാഴുന്ന ഒരു ലോകത്തിനായി ഇപ്പോൾ കർമ്മനിരതരാകൂ” എന്നതാണ് ഈ ദിനാചരണത്തിൻറെ ഇക്കൊല്ലത്തെ വിചിന്തന പ്രമേയം.
സമാധാനത്തിനായി പ്രവർത്തിക്കാൻ സർക്കാരിനോ സംഘടനകൾക്കോ മാത്രമല്ല ഓരോരുത്തർക്കുമുള്ള വിളിയെക്കുറിച്ച് ഓർമ്മിപ്പിക്കുന്നതാണ് ഈ പ്രമേയം. യുദ്ധത്തിൻറെ ക്രൂരതയ്ക്കും അപമാനങ്ങൾക്കുമിടയിൽ, ലോകമെമ്പാടും ജീവിതങ്ങൾ തകർക്കപ്പെടുകയും ബാല്യങ്ങൾ ഇല്ലാതാക്കപ്പെടുകയും, മൗലികമായ മാനവാന്തസ്സ് ചവിട്ടിമെതിക്കപ്പെടുകയുമാണെന്ന് ഐക്യരാഷ്ട്രസഭയുടെ കാര്യദർശി അന്തോണിയൊ ഗുട്ടേരെസ് പറയുന്നു.
1981 നവംബർ 30-നാണ് ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനം സെപ്റ്റംബർ 21 അന്താരാഷ്ട്രസമാധാന ദിനമായി പ്രഖ്യാപിച്ചത്. വിശ്വശാന്തിയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി വിദ്യാഭ്യാസ പ്രവർത്തനങ്ങൾ പരിപോഷിപ്പിക്കുന്നതിൽ ഈ അന്താരാഷ്ട്രദിനത്തിൽ സവിശേഷമാം വിധം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഐക്യരാഷ്ട്രസഭ അംഗരാജ്യങ്ങളോടും, സർക്കാർ- സർക്കാരിതര സംഘടനകളോടും, വ്യക്തികളോടും ആവശ്യപ്പെടുന്നു.