വത്തിക്കാൻ: കത്തോലിക്കാ സഭയുടെ ജൂബിലി ചരിത്രത്തിൽ ആദ്യമായി, നീതി- ന്യായവ്യവസ്ഥാ പ്രവർത്തകർക്കു വേണ്ടിയുള്ള ജൂബിലി ആഘോഷത്തിനായി റോമൻ നഗരവും വത്തിക്കാനും തയ്യാറെടുക്കുന്നു. ജഡ്ജിമാരും, മജിസ്ട്രേറ്റുമാരും, വക്കീലന്മാരും, വിവിധ സർവകലാശാലകളിൽ നിന്നുള്ളവരും, സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ നിരവധി പ്രതിനിധികൾ ആഘോഷങ്ങളിൽ പങ്കെടുക്കുമെന്ന് സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററിയുടെ വാർത്താക്കുറിപ്പിൽ അറിയിച്ചു.
സെപ്റ്റംബർ മാസം ഇരുപതാം തീയതി ശനിയാഴ്ചയാണ് ജൂബിലി ആഘോഷം നടക്കുന്നത്. ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, പോളണ്ട്, ഫ്രാൻസ്, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ബ്രസീൽ, അർജന്റീന, മെക്സിക്കോ, കൊളംബിയ, ചിലി, ഓസ്ട്രേലിയ, നൈജീരിയ, പെറു, ഫിലിപ്പീൻസ് എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി പ്രതിനിധികൾ ഉൾപ്പെടെ ഏകദേശം 100 രാജ്യങ്ങളിൽ നിന്നുള്ള 15,000-ത്തിലധികം ആളുകൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഡിക്കസ്റ്ററി വ്യക്തമാക്കി.
സെപ്റ്റംബർ 20-ന് പ്രാദേശിക സമയം രാവിലെ 10:30-ന് സുവിശേഷവൽക്കരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രോ-പ്രിഫെക്റ്റ് മോൺസിഞ്ഞോർ റിനോ ഫിസിക്കെല്ല ഔദ്യോഗികമായി അംഗങ്ങളെ സ്വാഗതം ചെയ്യും. തുടർന്ന്, നീതിയുടെ പ്രവർത്തകർ: പ്രത്യാശയുടെ ഉപകരണം എന്ന വിഷയത്തെ അധികരിച്ച്, നിയമസംബന്ധിയായ ഗ്രന്ഥങ്ങൾക്കു വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ സെക്രട്ടറി മോൺസിഞ്ഞോർ ഹുവാൻ ഇഗ്നാസിയോ അരിയെത്ത പ്രഭാഷണം നടത്തും.
വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി, രജിസ്ട്രേഷനുകളുടെ എണ്ണം കൂടുതലായതിനാൽ, വത്തിക്കാൻ ചത്വരത്തിലേക്ക് മാറ്റുകയായിരുന്നു. രാവിലെ 8 മണി മുതൽ അംഗങ്ങൾക്ക് ചത്വരത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുവാദം ഉണ്ടാകും. പരിപാടിയിൽ പങ്കെടുക്കുവാനുള്ള പ്രവേശന പാസുകൾ ജൂബിലി ഇൻഫോ പോയിന്റുകളിൽ നിന്നുമാണ് വിതരണം ചെയ്യുന്നത്.
തുടർന്ന്, ഉച്ചക്ക് പന്ത്രണ്ടു മണിയോടെ, ലിയോ പതിനാലാമൻ പാപ്പാ, വത്തിക്കാൻ ചത്വരത്തിൽ എത്തി, പ്രവർത്തകരെ അഭിസംബോധന ചെയ്തു കൊണ്ട് സംസാരിക്കും. തുടർന്ന് എല്ലാ തീർത്ഥാടകർക്കും ഉച്ചയ്ക്ക് 1:00 നും വൈകുന്നേരം 6:00 നും ഇടയിൽ വിശുദ്ധ പത്രോസിന്റെ ബസിലിക്കയുടെ വിശുദ്ധ വാതിലിലേക്ക് തീർത്ഥാടനം നടത്താൻ കഴിയുമെന്നും ഡിക്കസ്റ്ററിയുടെ പത്രക്കുറിപ്പിൽ അറിയിച്ചു.