തൃശൂർ: തൃശൂർ അതിരൂപതയുടെ മുൻ ആർച്ച് ബിഷപ്പ് ഡോ ജേക്കബ് തൂങ്കുഴി കാലം ചെയ്തു. 90 വയസായിരുന്നു. നടത്തറ മൈനർ സെമിനാരിയിൽ രണ്ടേമുക്കാലോടെയായിരുന്നു അന്ത്യം. കോഴിക്കോട് ക്രിസ്തു ദാസി സന്യാസി മഠത്തിൽ തിങ്കളാഴ്ചയാണ് സംസ്ക്കാരം. ഞായറാഴ്ച തൃശൂർ ലൂർദ് കത്തീഡ്രലിൽ രാവിലെ പത്തുമണിമുതൽ പൊതുദർശനം ഉണ്ടായിരിക്കും.
ക്രൈസ്തവസഭ മേലധ്യക്ഷന്മാരിലെ സൗമ്യ മുഖമാണ് വിടപറഞ്ഞത്. 1997 മുതൽ 2007 വരെ തൃശൂർ രൂപത അധ്യക്ഷനായിരുന്നു. മാനന്തവാടി രൂപതയുടെ പ്രഥമ ബിഷപ്, താമരശേരി രൂപതാ ബിഷപ് എന്നീ സ്ഥാനങ്ങളിലും സേവനം ചെയ്തു.
രണ്ടുവട്ടം സിബിസിഐ ഉപാധ്യക്ഷനായിരുന്ന മാർ തൂങ്കുഴിയുടെ ജനനം കോട്ടയം ജില്ലയിലെ പാലാ വിളക്കുമാടത്ത് 1930 ഡിസംബർ 13നാണ്. കുടുംബം പിന്നീട് കോഴിക്കോട് ജില്ലയിലെ തിരുവമ്പാടിയിലേക്കു കുടിയേറുകയായിരുന്നു. 2007 മുതൽ കാച്ചേരിയിലെ മൈനർ സെമിനാരിയിൽ വിശ്രമജീവിതം നയിക്കുകയായിരുന്നു.
1997ൽ തൃശൂർ അതിരൂപത ആർച്ച് ബിഷപ് സ്ഥാനമേറ്റെടുത്ത മാർ ജേക്കബ് തൂങ്കുഴി 10 വർഷം അതേ സ്ഥാനത്ത് തുടർന്നു. 22 വർഷം മാനന്തവാടി രൂപതയുടെ ബിഷപ് ആയിരുന്നു. ജീവൻ ടിവിയുടെ സ്ഥാപക ചെയർമാനാണ്. രണ്ടു തവണ കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യയുടെ വൈസ് പ്രസിഡന്റ് പദവി വഹിച്ചിട്ടുണ്ട്.