ആന്തരികത എന്നത് നമ്മുടെ വ്യക്തിപരവും സമൂഹപരവുമായ ഉത്തരവാദിത്വങ്ങളിൽ നിന്നും സഭയിലും ലോകത്തിലും കർത്താവ് നമ്മെ ഏൽപ്പിച്ചിരിക്കുന്ന ദൗത്യത്തിൽ നിന്നും അടിയന്തിര പ്രശ്നങ്ങളിൽ നിന്നും ഒളിച്ചോടലല്ല എന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.
താൻ അംഗമായുള്ള അഗസ്തീനിയൻ സന്ന്യാസസമൂഹത്തിൻറെ പൊതുസംഘത്തിൽ അഥവാ, ജനറൽ ചാപ്റ്ററിൽ, സംബന്ധിക്കുന്നവരെ വത്തിക്കാൻ നഗരത്തിൻറെ അതിർത്തിക്കടുത്തു സ്ഥിതിചെയ്യുന്ന അഗസ്റ്റീനിയൻ സഭയുടെ ഭവനത്തിൽ വച്ച് സെപ്റ്റംബർ 15-ന് തിങ്കളാഴ്ച സംബോധന ചെയ്യുകയായിരുന്നു ലിയൊ പതിനാലാമാൻ പാപ്പാ.
ഒത്തൊരുമിച്ചു പ്രാർത്ഥിക്കാനും ലഭിച്ച ദാനങ്ങളെയും ആനുകാലികപ്രശ്നങ്ങളെയും കുറിച്ചു ധ്യാനിക്കാനുമുള്ള അമൂല്യാവസരമാണ് പൊതുസംഘം എന്ന് പറഞ്ഞ പാപ്പാ വിശുദ്ധ അഗസ്റ്റിൻ വിശ്വാസ യാത്രയിൽ ആന്തരികതയ്ക്ക് നല്കിയിട്ടുള്ള പ്രാധാന്യം എടുത്തുകാട്ടി.
“നിന്നിൽ നിന്ന് പുറത്തുകടക്കരുത്, നന്നിലേക്കുതന്നെ മടങ്ങുക: സത്യം ആന്തരികമനുഷ്യനിൽ കുടികൊള്ളുന്നു” എന്ന വിശുദ്ധ അഗസ്റ്റിൻറെ വാക്കുകൾ ഉദ്ധരിച്ച പാപ്പാ അവനവനിലേക്കു തന്നെ തിരികെ പ്രവേശിക്കുന്നത് നവവീര്യം ആർജ്ജിച്ച് ഉപരിയുത്സാഹത്തോടെ ദൗത്യത്തിനായി പുറത്തേക്കിറങ്ങുന്നതിനു വേണ്ടിയാണെന്ന് വിശദീകരിച്ചു.