വത്തിക്കാൻ: ‘ലോകത്തെ മികച്ച സ്ഥലമാക്കുക.’ കത്തോലിക്കാ വിശ്വാസത്തിന്റെ്റെ പേരിൽ പാക്കിസ്ഥാനിൽ കൊല്ലപ്പെട്ട അബീഷ് മാസിഹ് എന്ന കുട്ടി തന്റെ നോട്ട്ബുക്കിൽ എഴുതിയ വാക്കുകളാണിത്. ജൂബിലി വർഷത്തിനായി സ്ഥാപിച്ച പുതിയ രക്തസാക്ഷികൾക്കും വിശ്വാസ സാക്ഷികൾക്കുമുള്ള കമ്മീഷൻ രേഖപ്പെടുത്തിയ 21-ാം നൂറ്റാണ്ടിലെ 1,624 പുതിയ രക്തസാക്ഷികളിൽ ഒരാളാണ് അബീഷ് മാസിഹ്.
“ഈ കുട്ടിയുടെ സ്വപ്നം നമ്മുടെ വിശ്വാസത്തിന് ധൈര്യത്തോടെ സാക്ഷ്യം വഹിക്കാൻ നമ്മെ പ്രചോദിപ്പിക്കട്ടെ, അങ്ങനെ നമുക്ക് ഒരുമിച്ച് സമാധാനപരവും സാഹോദര്യപരവുമായ മാനവികതയുടെ പുളിമാവാകാം.“ സെപ്റ്റംബർ 14 ഞായറാഴ്ച റോമിലെ സെന്റ് പോൾ ബസലിക്കയിൽ നടന്ന എക്യൂമെനിക്കൽ സമ്മേളനത്തിൽ പാപ്പ പറഞ്ഞു.
2015 മാർച്ച് 15-ന് പാക്കിസ്ഥാനിലെ ലാഹോർ നഗരത്തിൽ വലിയ ക്രിസ്ത്യൻ പ്രദേശമായ യൂഹാനാബാദിലെ രണ്ട് പള്ളികൾ – ഒരു കത്തോലിക്കാ പള്ളിയും മറ്റൊന്ന് ഇവാഞ്ചലിക്കൽ പള്ളിയും – ആക്രമിച്ച ഭീകരമായ ആക്രമണത്തിൻ്റെ 15 ഇരകളിൽ ഒരാളാണ് അബീഷ്.
പാപ്പ ഈ കുട്ടിയുടെ സാക്ഷ്യം പ്രത്യേകം ഉദ്ധരിച്ചു. സെന്റ് പോൾ ബസിലിക്കയിൽ നടന്ന എക്യുമെനിക്കൽ ആഘോഷത്തിൽ തന്റെ പ്രസംഗം അവസാനിപ്പിക്കുന്നതിന് മുൻപായി ഈ കുട്ടി എഴുതിയ വാക്കുകൾ പാപ്പാ അനുസ്മരിച്ചു.
പാപ്പ പരാമർശിച്ച നോട്ട്ബുക്ക് ഇന്ന് ടൈബർ ദ്വീപിലെ സാൻ ബർത്തലോമിയോ ബസിലിക്കയുടെ തിരുശേഷിപ്പുകൾക്കിടയിൽ സൂക്ഷിച്ചിരിക്കുന്നു. 20, 21 നൂറ്റാണ്ടുകളിലെ രക്തസാക്ഷികളുടെ സങ്കേതമായി മാറിയ റോമൻ പള്ളിയാണിത്.
“2016 മാർച്ച് 15-ന്, അബീഷ് പള്ളിയുടെ മുന്നിലെ പുൽത്തകിടിയിലായിരുന്നു. ഒരുപക്ഷേ അവൻ കളിക്കുകയോ വിശുദ്ധ കുർബാനയ്ക്ക് പോകാൻ കാത്തിരിക്കുകയോ ആയിരിക്കാം. ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ വെച്ചാണ് അവൻ മരണമടഞ്ഞത്.
ഒരു ക്രിസ്ത്യാനിയായതിനാൽ മാത്രമാണ് അവൻ കൊല്ലപ്പെട്ടത്,“ അവൻ്റെ മാതാപിതാക്കൾ സാന്റ് ‘എജിഡിയോ കമ്മ്യൂണിറ്റിയിലെ സുഹൃത്തുക്കളോട് പറഞ്ഞു.യൂഹാനാബാദിൽ നടന്ന അതേ ആക്രമണത്തിൽ 21 വയസ്സുള്ള മുൻ സലേഷ്യൻ വിദ്യാർത്ഥിയായ ആകാശ് ബഷീറും കൊല്ലപ്പെട്ടു.
സെൻ്റ് ജോൺ ദൈവാലയത്തിൽ ചാവേറുകൾ പ്രവേശിക്കുന്നത് തന്റെ ശരീരം കൊണ്ട് തടയാൻ ധൈര്യം കാണിച്ച 21 വയസ്സുള്ള ആകാശ് ബഷീറും കൊല്ലപ്പെട്ടു. തന്റെ ത്യാഗത്തിലൂടെ, അദ്ദേഹം നിരവധി ആളുകളുടെ ജീവൻ രക്ഷിച്ചു. നിലവിൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടി ക്രമണങ്ങൾ പൂർത്തിയായി വരുകയാണ്.