ലണ്ടന്‍: കുടിയേറ്റ വിരുദ്ധ വികാരത്തില്‍ സംഘർഷഭരിതമായി ബ്രിട്ടന്. ബ്രിട്ടനിലെ തീവ്രവലതുപക്ഷ നിലപാടുകളെ പിന്തുണച്ച് ശതകോടീശ്വരാനായ ഇലോൺ മസ്ക് ഉള്‍പ്പെടെ രംഗത്ത്.
അക്രമം നിങ്ങളെ തേടിയെത്തിക്കഴിഞ്ഞുവെന്നും തിരികെ പോരാടണമെന്നും അല്ലെങ്കില്‍ മരണമാണ് നല്ലതെന്നുമാണ് പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് മസ്ക് പ്രതികരിച്ചത്.
സാമൂഹിക പ്രവർത്തകൻ ടോമി റോബിൻസൺ ബ്രിട്ടനിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്ത 25ഓളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ബ്രിട്ടനിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ഒന്നരലക്ഷത്തോളം പേരാണ് തലസ്ഥാന നഗരത്തിൽ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായത്.
പിന്നാലെയാണ് ശനിയാഴ്ച ലണ്ടൻ നഗര മധ്യത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. യുണൈറ്റ് ദ കിങ്ഡം എന്ന പേരിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ ഭാഗമായി ഡൗണിങ് സ്ട്രീറ്റിന് സമീപം വെസ്റ്റ് മിനിസ്റ്റർ പാലത്തിൽ പ്രതിഷേധക്കാർ മാർച്ച് നടത്തി.
യൂറോപ്പിലെയും വടക്കൻ അമേരിക്കയിലെയും ഇലോൺ മസ്ക് ഉൾപ്പെടെയുള്ള പ്രമുഖർ പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. വീഡിയോ ലിങ്ക് വഴി പ്രതിഷേധത്തിന്റെ ഭാഗമായി ഇലോൺ മസ്ക് ഇടതുപക്ഷം എന്നത് കൊലപാതകങ്ങളുടെ പാർട്ടിയാണെന്നും അവർ അത് ആഘോഷിക്കുകയാണെന്നുമാണ് പ്രതിഷേധക്കാരോട് പറഞ്ഞു. നിങ്ങൾ അക്രമം തെരഞ്ഞെടുത്താലും ഇല്ലെങ്കിലും അത് നിങ്ങളിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒന്നുകിൽ തിരികെ പോരാടണം അല്ലെങ്കിൽ മരണം എന്നും അദ്ദേഹം എക്സിൽ കുറിച്ചു.
റോബിൻസൺ സംഘടിപ്പിച്ച പരിപാടിയിൽ കടുത്ത വലതുപക്ഷ വാദിയായ രാഷ്ട്രീയപ്രവർത്തകൻ എറിക്ക് സെമ്മറും ആന്റി ഇമ്മിഗ്രന്റ് ആൾട്ടർനേറ്റീവ് ഫോർ ജർമനി പാർട്ടിയുടെ നേതാവ് പെട്ര് ബിസ്ട്രോണും പങ്കെടുത്തു. വെള്ളക്കാരായ യൂറോപ്യൻമാർക്ക് പകരം മനഃപൂർവം വെള്ളക്കാരല്ലാത്ത കുടിയേറ്റക്കാരെ ഇവിടെ തിരുകി കയറ്റാനുള്ള ഗൂഢാലോചനയാണ് നടക്കുന്നതെന്നാണ് സെമ്മർ വാദിക്കുന്നത്.
അതേസമയം പ്രതിഷേധക്കാർക്കും ഇലോൺ മസ്കിനും എതിരെ വിമർശനവുമായി യുകെയുടെ സെൻട്രിസ്റ്റ് ലിബറൽ ഡെമോക്രാറ്റിന്റെ നേതാവ് എഡ് ഡാവേ രംഗത്തെത്തി. ഇത്തരം തീവ്ര വലതുപക്ഷ വാദികൾ ബ്രിട്ടന് വേണ്ടിയല്ല വാദിക്കുന്നതെന്ന് അദ്ദേഹം സമൂഹമാധ്യമത്തിൽ കുറിച്ചു.