വത്തിക്കാൻ : അഫ്ഗാനിസ്ഥാനിൽ അടുത്തിടെയുണ്ടായ ഭൂകമ്പങ്ങളുടെ ഇരകളായ കുട്ടികൾക്ക് സഹായസഹകരണം ഉറപ്പുവരുത്താനായി രണ്ടേകാൽ കോടി ഡോളറിന്റെ ധനസഹായാഭ്യർത്ഥനയുമായി ഐക്യരാഷ്ട്രസഭയുടെ ശിശുക്ഷേമനിധി.
ഓഗസ്റ്റ് 31-ന് രാജ്യത്തിന്റെ കിഴക്കൻഭാഗത്തുള്ള കൂനാർ (Kunar), നാന്ഗർഹർ (Nangarhar) പ്രവിശ്യകളിൽ റിക്ടർ സ്കെയിലിൽ 6 മാഗ്നിറ്റ്യൂഡ് രേഖപ്പെടുത്തിയ ഭൂകമ്പവും അതേത്തുടർന്നുണ്ടായ ചലനങ്ങളും മൂലം 2.200 പേരിലധികം മരിക്കുകയും 3.000-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 6.700 വീടുകളാണ് പൂർണ്ണമായോ ഭാഗികമായോ തകർന്നത്.
അഫ്ഗാനിസ്ഥാനിൽ ശൈത്യകാലം അടുത്തുവരുന്നതിന്റെ കൂടി പശ്ചാത്തലത്തിൽ, രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു ധനസഹായാഭ്യർത്ഥനയുമായി ഈ ഐക്യരാഷ്ട്രസഭാസംഘടന മുന്നോട്ടുവന്നത്.
രണ്ടുലക്ഷത്തിപ്പന്ത്രണ്ടായിരം കുട്ടികൾ ഉൾപ്പെടെ നാലു ലക്ഷത്തോളം ആളുകൾക്ക് സഹായമെത്തിക്കാനുള്ള, ആറുമാസം നീണ്ടുനിൽക്കുന്ന പദ്ധതികളാണ് ശിശുക്ഷേമനിധി വിഭാവനം ചെയ്യുന്നത്.
ആരോഗ്യപരിപാലനരംഗത്തും അത്യാഹിതസേവനരംഗത്തും വേണ്ട സഹായസഹകരണങ്ങൾ വർദ്ധിപ്പിക്കുക, ശുദ്ധജലസൗകര്യം ലഭ്യമാക്കുക, ശുചിത്വസേവനസൗകര്യങ്ങൾ മെച്ചപ്പെടുത്തുക, കുട്ടികൾ നേരിടുന്ന പോഷകാഹാരലഭ്യതക്കുറവിന് പരിഹാരം കണ്ടെത്തുക, ധനസഹായം ആവശ്യമുള്ളയിടങ്ങളിൽ അതെത്തിക്കുക, മനഃശാസ്ത്രജ്ഞരുടെ സേവനം ലഭ്യമാക്കുക, വിദ്യാഭ്യാസസൗകര്യങ്ങൾ ഏവർക്കും ലഭിക്കുന്നുവെന്നത് ഉറപ്പാക്കുക തുടങ്ങിയവയാണ് സംഘടന ലക്ഷ്യമിടുന്നത്.
ഭൂകമ്പമുണ്ടായ പ്രദേശങ്ങളിൽ ആദ്യദിവസം മുതൽ യൂണിസെഫ് തങ്ങളുടെ സേവനങ്ങൾ ലഭ്യമാക്കിയിരുന്നുവെന്നും, എന്നാൽ ശൈത്യകാലം അടുത്തുവരുന്നതിന്റെ പശ്ചാത്തലത്തിൽ തങ്ങളുടെ സേവനം കൂടുതൽ വർദ്ധിപ്പിക്കേണ്ടത് ആവശ്യമായിരിക്കുന്നതിനാലാണ് നിലവിൽ ഇത്തരമൊരു അഭ്യർത്ഥന മുന്നോട്ടുവയ്ക്കുന്നതെന്നും യൂണിസെഫിന്റെ അഫ്ഗാനിസ്ഥാനിലെ പ്രതിനിധി തജുദീൻ ഒയേവാലെ (Tajudeen Oyewale) അറിയിച്ചു.