നിരീക്ഷണം / അഡ്വ. ഷെറി ജെ. തോമസ്
രാജ്യത്ത് 103-ാമത് ഭരണഘടനാഭേദഗതിയിലൂടെ സംവരണേതര വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസത്തിലും, തൊഴിലിലും, സംവരണം നല്‍കണം എന്ന ഭരണഘടനാഭേദഗതി നടപ്പിലായതോടുകൂടി സംവരണപട്ടികയില്‍ പുതിയതായി മറ്റൊരു വിഭാഗം കൂടി വന്നു- (ഇക്കണോമിക്ക്ലി വീക്കര്‍ സെക്ഷന്‍). അതായത് ഇതുവരെ സംവരണം ഇല്ലാത്ത ജനറല്‍ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നവര്‍. ഒരുകാലത്ത് സംവരണം നിയമനങ്ങളിലാണെങ്കിലും, എവിടെയാണെങ്കിലും, മെറിറ്റ് തകര്‍ക്കുമെന്നും, അനര്‍ഹരും, കഴിവില്ലാത്തവരും, കയറിക്കൂടും എന്നു പറഞ്ഞിരുന്ന വിഭാഗങ്ങളൊക്കെ ഇന്ന് സംവരണത്തെപ്പറ്റിയുളള തങ്ങളുടെ കാഴ്ചപ്പാട് മാറ്റി.
ചരിത്രപരമായ നീതിനിഷേധത്തിന്റെയും, അടിച്ചമര്‍ത്തലിന്റെയും, കാലഘട്ടത്തില്‍ നിന്നു പുറത്തുകടക്കാന്‍ അത്തരം അടിച്ചമര്‍ത്തലുകള്‍ക്ക് വിധേയമായ ജനവിഭാഗങ്ങള്‍ക്ക് സമൂഹത്തിന്റെയും, അധികാരഭരണകേന്ദ്രങ്ങളുടെയും, മുഖ്യധാരയില്‍ എത്തുന്നതിനുവേണ്ടി മതിയായ പ്രാതിനിധ്യം നല്കുന്നതിനുവേണ്ടിയുമാണ് സംവരണം ഭരണഘടനയില്‍ ഏര്‍പ്പെടുത്തിയത്. അതിന് ജാതിയുടെ പിന്‍ബലത്തിലാണ് അടിച്ചമര്‍ത്തല്‍ സാഹചര്യങ്ങള്‍ പറഞ്ഞുകൊണ്ടുതന്നെ സംവരണത്തിനുള്ള മാനദണ്ഡങ്ങള്‍ ഏര്‍പ്പാടാക്കിയതും.
കമ്മ്യൂണല്‍ റിസര്‍വേഷന്‍ സംബന്ധിച്ച സ്വാതന്ത്യസമരകാലത്തെ ചരിത്രങ്ങളും ഗാന്ധി-അംബേദ്കര്‍ വിഷയങ്ങളും ഏവര്‍ക്കും ഓര്മ്മയുള്ളതാണല്ലോ. എന്നാല്‍, ഇപ്പോള്‍ സംവരണേതര വിഭാഗങ്ങള്‍ക്ക് പ്രാതിനിധ്യം എന്ന സ്വഭാവം ആവശ്യമില്ല എന്നിരിക്കിലും സമൂഹത്തില്‍ പാവങ്ങളായിട്ടുള്ള ആളുകള്‍ക്കുകൂടി സംവരണം നല്‍കണം എന്ന നിഗമനത്തിലാണ് പുതിയ ഭരണഘടനാഭേദഗതി വരുത്തിയത്. ഒരു കാര്യം വ്യക്തം -ഇ ഡബ്ല്യു എസ് എന്ന പേരില്‍ കൊണ്ടുവന്ന സംവരണത്തിലൂടെ വരുന്നവര്‍ക്ക് എവിടെയും പ്രാതിനിധ്യം ഇല്ലാത്തതുകൊണ്ടല്ല അവര്‍ക്ക് സാമ്പത്തികമായി തകര്‍ച്ച ഉള്ളതുകൊണ്ടാണ് ഈ സംവരണം നടപ്പിലാക്കുന്നത് എന്നതാണ് പറയുന്ന കാര്യവും; അതില്‍ തര്‍ക്കങ്ങളുമില്ല.
ചില കാര്യങ്ങള്‍ കോടതി തീരുമാനിച്ചു ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്ന സംവരണം ഭരണഘടനാപരമായി നിലനില്‍ക്കുന്ന
താണോ,അല്ലയോ എന്നത് സംബന്ധിച്ച് കോടതി തീരുമാനിച്ചുകഴിഞ്ഞു. ഈ രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ സംവരണമെന്നത് പ്രാതിനിധ്യമാണ് എന്ന് പറഞ്ഞിരിക്കെയും, ഇന്ദിരാ സാഹ്നി കേസ് ഉള്‍പ്പെടെയുള്ള കേസുകളിലെ വിധിയുടെതുള്പ്പെടെയുള്ള പശ്ചാത്തലത്തിലാണ് അതേ സുപ്രീം കോടതി വീണ്ടും നിലവിലുള്ള കേസില്‍ വാദം കേള്‍ക്കുന്നതെങ്കില്‍, ഇപ്പോള്‍ കൊണ്ടുവന്നിരിക്കുന്ന ഇ ഡബ്ല്യൂ എസ് എന്ന ഭരണഘടനാഭേദഗതി രാജ്യത്തിന്റെ ഭരണഘടനയുടെ അടിസ്ഥാനതത്വങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് കോടതി പറയുമെന്ന് പലരും ധരിച്ചുവെങ്കിലും അതുണ്ടായില്ല. നിലവില്‍
രാജ്യത്ത് ഇ ഡബ്ല്യു എസ് സംവരണം നിയമവിധേയമാണ്.
ഇങ്ങ് കേരളത്തിലോ ?
വിഷയങ്ങള്‍ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ കേരളത്തില്‍ ഇ ഡബ്ല്യു എസ് നടപ്പിലാക്കി, കാരണം കോടതിയില്‍ നിന്ന് സ്റ്റേ ഉത്തവൊന്നുമില്ലായിരുന്നു. പരമാവധി 10% സംവരണം നല്‍കാം എന്നാണ് നിയമം.
കേരളത്തില്‍ മുഴുവന്‍ 10% ശതമാനവും വിദ്യാഭ്യാസമേഖലയിലും, തൊഴില്‍ മേഖലയിലും, നല്കാന് സസ്ഥാന സര്‍ക്കാര്‍ തയ്യാറായി. ലത്തീന്‍ കത്തോലിക്കരുള്‍പ്പെടെ യുള്ള വിഭാഗങ്ങള്‍ക്ക് 1% ആണ് ഡിഗ്രി, പി.ജി കോഴ്സുകള്‍ക്ക് ഇന്നും സംവരണം.
അതേസമയം, പി.എസ്.സി നിയമനങ്ങള്‍ക്ക് 4% ഉണ്ട്. ഇവയൊക്കെ ഏകീകരിച്ച് വിദ്യാഭ്യാസത്തിലെ എല്ലാ കോഴ്സുകള്‍ക്കും 4% സംവരണം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി സമുദായം ഉന്നയിച്ചുവരുന്നു. (വിദ്യാഭ്യാസ മേഖലയില്‍ കേരളത്തിലെ എല്ലാപിന്നാക്കവിഭാഗങ്ങള്ക്കും കൂടി ആകെ 9 % ആണ് ഇപ്പോഴുമുള്ളത്). പക്ഷെ, ഇ ഡബ്ളിയു എസ് സംവരണത്തിന്റെ കാര്യത്തില്‍ രാജ്യത്ത് ഭരണഘടനാഭേദഗതി വന്ന സമയത്തുതന്നെ അത് കൃത്യമായി നടപ്പിലാക്കാന്‍ അവര്‍ തയ്യാറായി എന്നത് എന്നും ഒരു ആവലാതി തന്നെയാണ്.
ഇന്ത്യയില്‍ സംവരണം കൊണ്ടുവന്നത് ജാതിപരമായി പതിറ്റാണ്ടുകളുടെ പിന്നോക്കാവസ്ഥയ്ക്ക് ഒരു മാറ്റം ഉണ്ടാക്കുന്നതിനും, പങ്കാളിത്തം ഇല്ലാത്ത ജനവിഭാഗങ്ങള്‍ക്ക് അധികാരകേന്ദ്രങ്ങളില്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ പ്രാതിനിധ്യം നല്‍കുന്നതിനും വേണ്ടിയാണ്. എന്നാല്‍, പ്രാധിനിത്യത്തിന്റെയൊ, പങ്കാളിത്തത്തിന്റെയോ, യാതൊരു ആവശ്യവുമില്ല എന്ന് അംഗീകരിച്ചുകൊണ്ടുതന്നെ, പാവപ്പെട്ടവര്‍ക്കു ജീവിക്കാന്‍ വേണ്ടിയാണ് ഇപ്പോഴുള്ള സംവരണം കൊണ്ടുവന്നത്.
മറുപടിയില്ലാത്ത ചില ചോദ്യങ്ങള്‍
- സംവരണേതര വിഭാഗങ്ങള്‍ക്ക് 10% പരമാവധി കൊടുക്കാം എന്നു പറഞ്ഞപ്പോള്‍തന്നെ എന്തു കണക്കുകളുടെ അടിസ്ഥാനത്തിലാണ് 10% മുഴുവനായും വിദ്യാഭ്യാസത്തിനും, തൊഴിലിനും കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ? എന്തു പഠനമാണ്
നടത്തിയത് ? - കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ ചില മാനദണ്ഡങ്ങള്‍ സൂചിപ്പിച്ചപ്പോള്‍ കേരളത്തില്‍ എന്തുകൊണ്ടാണ് ആ മാനദണ്ഡങ്ങള്‍ ലഘൂകരിച്ച് കൂടുതല്‍ ആളുകളെ പാവപ്പെട്ടവരുടെ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറായത്.
(കോര്‍പ്പറേഷനില്‍ 50 സെന്റും, മുനിസിപ്പാലിറ്റിയില്‍ 75 സെന്റും, പഞ്ചായത്തില്‍ 21/2 ഏക്കറും വരെയുള്ള ആളുകളെ പട്ടിണിപ്പാവങ്ങളുടെ പരിഗണനയില്‍ ഉള്‍പ്പെടുത്താന്‍ എന്ത് തത്വമാണ് ഈ സംസ്ഥാനസര്‍ക്കാര്‍ കൈക്കൊണ്ടത്). ?
3 പിന്നോക്കവിഭാഗങ്ങളുടെയും, ദളിതരുടെയും അവസരങ്ങള്‍ ഒന്നും കവര്‍ന്നെടുക്കുകയില്ല എന്ന് പല തവണ പറയുന്ന സംസ്ഥാനസര്‍ക്കാര്‍ എന്തുകൊണ്ടാണ് ആകെയുള്ള സീറ്റുകളുടെ 10% കണക്കിലെടുത്തത്. യഥാര്‍ത്ഥത്തില്‍ പിന്നോക്കവിഭാഗങ്ങളുടെ അവകാശങ്ങള്‍ കവരില്ലയെന്നു പറഞ്ഞ് ജനറല്‍ കാറ്റഗറിയില്‍ നിന്നാണ് എടുക്കുന്നത് എന്ന് പലതവണ വ്യക്തമാക്കിയ സര്‍ക്കാര്‍ എന്തുകൊണ്ടാണ് ജനറല്‍ കാറ്റഗറിയുടെ 10 ശതമാനം എടുക്കാതെ മുഴുവന്‍ സീറ്റുകളുടെയും 10 ശതമാനം സവര്‍ണ സംവരണത്തിനായി കണക്കിലെടുത്തത് ?
4 കേരളത്തില്‍ ഇത് നടപ്പിലാക്കിയ രീതിയുടെ നീതികേട് കാരണം വിവിധ കോഴ്സുകളുടെ പ്രവേശനത്തിന് മാര്‍ക്ക് കുറഞ്ഞ താരതമ്യേനെ ഉയര്‍ന്ന സാമ്പത്തികാവസ്ഥയിലുള്ള ഇ ഡബ്ല്യു എസ് കാറ്റഗറിയിലുള്ള വിദ്യാര്‍ഥികള്‍ മാര്‍ക്ക് അടിസ്ഥാനത്തില്‍ നാലിരട്ടി പിന്നിലായിട്ടും പ്രവേശനം നേടുകയും അതിനെക്കാള്‍ റാങ്കില്‍ മുന്നിലുള്ള, അവരെക്കാള്‍ വളരെ ദരിദ്രരായ ലത്തീന്‍,
ദളിത് വിദ്യാര്‍ഥികള്‍ക്ക് പ്രവേശം ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യങ്ങള്‍ക്ക് എന്താണ് മറുപടി ?
ഈ കണക്കുകള്‍ സര്‍ക്കാര്‍ ശ്രദ്ധയിലുണ്ടോ ?
കഴിഞ്ഞ പ്ലസ് 2 അഡ്മിഷനില്‍ പുറത്തുവന്ന കണക്കുകള്‍ സംസ്ഥാനസര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടി ട്ടുണ്ടോ എന്നതിനും മറുപടിയാവശ്യമാണ്. പാവപ്പെട്ടവരായ മത്സ്യത്തൊഴിലാളികളും, നിര്‍മ്മാണത്തൊഴിലാളികളുടെയും മക്കള്‍ക്ക്, തങ്ങള്‍ സംവരണവിഭാഗത്തില്‍ ഉള്പ്പെട്ടുപോയതുകൊണ്ട് പ്രവേശനം ലഭിക്കാതെ വരികയും, അവരേക്കാളും കുറഞ്ഞ മാര്‍ക്കുള്ള അവരേക്കാളും ഉയര്‍ന്ന സാമ്പത്തികമുള്ള, അവരേക്കാളും വസ്തുവഹകളുള്ള, സവര്ണ്ണവിഭാഗത്തില്പെട്ട വിദ്യാര്‍ഥികള്‍ക്ക് പ്രവശനം കൊടുത്തതും, സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാവുമോ ?. ഇതേ സാഹചര്യം തന്നെയാണ് ഉദ്യോഗ മേഖലയിലും
ഉള്ളത്- ഇങ്ങനെ നിരവധി ചോദ്യങ്ങള്‍ മുന്നില്‍ ഉണ്ട്.
ഒന്നുകില്‍ കേരളത്തിലെ മുന്നണികള്‍ പറയണം- സംവരണവിഭാഗങ്ങളെ ഇ ഡബ്ല്യു എസില്‍ നിന്ന് മാറ്റി നിര്‍ത്തരുത് എല്ലാ പാവപ്പെട്ടവര്‍ക്കും ഒരേ നീതി ലഭ്യമാക്കണം; നോണ്‍ക്രീമിലെയര്‍ ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങള്‍ക്കും കേന്ദ്രമാനദണ്ഡങ്ങള്‍ മുഴുവനായും സ്വീകരിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തിലും കേന്ദ്രമാനദണ്ഡങ്ങള്‍ പാലിക്കണം- അല്ലാതെ അതില്‍
വെള്ളം ചേര്‍ത്ത് 2.5 ഏക്കര്‍ ഭൂമിയുള്ളവരെയും പാവങ്ങളാക്കി യഥാര്‍ത്ഥ പാവങ്ങളെ പറ്റിക്കരുത്. ജാതി സംവരണം നിര്‍ത്തലാക്കി സാമ്പത്തിക സംവരണം മതിയാകും എന്ന് പറയാന്‍ തയ്യാറാകുന്നവര്‍ ഇപ്പോള്‍ നടക്കുന്ന സംവരണത്തില്‍ തങ്ങളെക്കാള്‍ ദരിദ്രരായ, മാര്‍ക്ക് കൂടുതലുള്ള വിദ്യാര്‍ഥികളെ തഴഞ്ഞ് തങ്ങള്‍ക്ക് പ്രവേശനം ലഭിക്കുന്ന സാഹചര്യം ഉണ്ടാകും എങ്കില്‍ അത് വേണ്ട എന്ന് പറഞ്ഞില്ലെങ്കിലും അശാസ്ത്രീയമെന്ന് തുറന്നു പറയാന്‍ ധൈര്യം കാണിക്കണം.
പിന്നാക്ക വിഭാഗങ്ങളുടെ സംവരണം നഷ്ടമാകുന്നില്ലല്ലോ?
പിന്നാക്ക സംവരണത്തെയും സാമ്പത്തിക സംവരണത്തെയും ഒന്നുപോലെ കാണുന്നതുകൊണ്ടാണ് ഇങ്ങനെ ചോദിക്കുന്നത്. 100% സീറ്റുകളിലേക്ക് എല്ലാവര്ക്കും മത്സരിക്കാന്‍ അര്‍ഹതയുണ്ടായിട്ടും പിന്നാക്ക ദളിത് വിഭാഗങ്ങള്‍ക്ക് നിശ്ചിത സീറ്റുകള്‍
സംവരണമായി നല്‍കിയത് അവരില്‍ കുറഞ്ഞത് അത്രയും പേരെങ്കിലും പ്രാതിനിത്യ സ്വഭാവത്തില്‍ തൊഴിലിനും വിദ്യാഭ്യാസത്തിനും ഉണ്ടായിരിക്കണം എന്നതുകൊണ്ടാണ്. അതേസമയം മുന്നാക്ക വിഭാഗങ്ങളില്‍ ദരിദ്രരായവര്‍ക്ക് സംവരണം കൊടുക്കുന്നത് പ്രാതിനിധ്യം നല്കാന് അല്ല. ഈ നിയമം കൊണ്ടുവന്ന ആളുകള്‍ക്ക് പോലും അങ്ങനെ ഒരു വാദം
ഇല്ല. മുന്നോക്കക്കാരിലെ ദരിദ്രര്‍ക്ക് ക്ഷേമം എന്ന കണക്കിലാണ് പുതിയ സംവരണം കൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍ക്ക് ഒന്നും കുറയുന്നില്ലല്ലോ എന്ന് ചോദിക്കുന്നവര്‍ക്കുളള കൃത്യമായ മറുപടി – ഒന്നും കുറയാത്തത് മുന്നോക്കക്കാര്‍ക്കാണ് എന്നതാണ്
വ്യക്തമാക്കാം – ഉദാഹരണത്തിന് പി എസ് സി നിയമനങ്ങളില്‍ ഭരണഘടനാഭേദഗതിക്ക് മുമ്പ് ലത്തീന്‍ കത്തോലിക്കന് 4 % സംവരണത്തിലും + 50% ജനറല്‍ സീറ്റിലും (ആകെ 54 %) മത്സരിക്കാന്‍ ആര്ഹതയുണ്ടായിരുന്നു.
എന്നാല്‍ ഭേദഗതിക്ക് ശേഷം 4 % സംവരണത്തിലും + 40 സീറ്റിലും (ആകെ 44 %) മാത്രമാണ് മത്സരിക്കാന്‍ അര്‍ഹത. ഫലത്തില്‍ 10 സീറ്റ് കുറഞ്ഞു.
അതേസമയം മുന്നാക്ക വിഭാഗങ്ങള്‍ മുന്‍പ് 50 സീറ്റില്‍ മത്സരിച്ചിരുന്നത് ഇപ്പോള്‍ 10 % സംവരണം + 40 ജനറല്‍ സീറ്റ്- ആകെ 50 സീറ്റ് മാറ്റമില്ലാതെ തുടരുന്നു- ഇനി നിഷ്പക്ഷമായി ചിന്തിക്കുന്നവര്‍ പറയട്ടെ, ആര്‍ക്കാണ് കുറവില്ലാതെ വന്നത് എന്ന് ! പി എസ് സി റോസ്റ്ററില്‍ നിലവില്‍ ഉണ്ടായിരുന്ന 50 (സംവരണം) : 50 (മെറിറ്റ്) അനുപാതം 60 : 40 ആക്കി. പറയുന്നതാണ് ചെയ്യുന്നതെങ്കില്‍ 55 : 45 മതിയായിരുന്നു; നഷ്ടത്തിന്റെ തോത് കുറയുമായിരുന്നു.
യഥാര്‍ഥ പാവങ്ങളെ വഞ്ചിക്കരുത്
മുന്നോക്കക്കാരായ പാവങ്ങള്‍ക്കു മാത്രമാണ് ഈ സംവരണം എന്നത് പലരും പറയുന്നില്ല. പുതിയ സംവരണത്തിലൂടെ പാവങ്ങള്‍ക്ക് സംവരണം നല്‍കുന്നതിനെ എതിര്‍ക്കുന്നതെന്തിനാണ് എന്ന നിഷ്കളങ്കമായ ചോദ്യമാണ് തന്ത്രപൂര്‍വ്വം ഉന്നയിക്കുന്നത്. എന്നാല്‍ ഈ സംവരണം എന്താണ് എല്ലാ പാവങ്ങള്‍ക്കും നല്‍കാത്തത് എന്ന ചോദ്യം ആരും ചോദിക്കുന്നില്ല. ഇ ഡബ്ല്യു എസ് നടപ്പിലാക്കുന്നതുസംബന്ധിച്ചാണെങ്കിലും ഇപ്പോള്‍ നടക്കുന്നത് യഥാര്‍ഥ പാവങ്ങളോടുള്ള വഞ്ചനയാണ്. നഗരസഭയില്‍ 50 സെന്റും, മുനിസിപ്പാലിറ്റിയില്‍ 75 സെന്റും, പഞ്ചായത്തില്‍ 2.5 ഏക്കറും ഭുമിയുള്ളവരെ എങ്ങനെ പാവങ്ങളുടെ പട്ടികയില്‍പെടുത്തും ? കേന്ദ്രമാനദണ്ഡങ്ങളില് നഗരപ്രദേശങ്ങളില്‍ 2 സെന്റ് (100 ചതു. യാര്‍ഡ്), പഞ്ചായത്തുകളില്‍ 4 സെന്റ് (200 ചതു.യാര്‍ഡ്) ഭൂമിയിലധികം ഉള്ളവര്‍ ഇതില്‍ ഉള്‍പ്പെടില്ലെന്നു നിബന്ധനയുള്ളപ്പോഴും എന്താണ് കേരളത്തില്‍ 2.5 ഏക്കര്‍
കണക്കുകൊണ്ടുവന്നത് ? കേരളത്തിലെ യഥാര്‍ഥ പാവങ്ങളോട് ഈ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ ഭരണാധികാരികള്‍ തയ്യാറാകണം.
സഭകള്‍ തമ്മില്‍ ഈ വിഷയത്തില്‍ ഒരു തര്‍ക്കവുമില്ല
കേരളത്തില്‍ വിവിധ കത്തോലിക്ക സഭകള്‍ തമ്മില്‍ ഈ വിഷയത്തില്‍ തര്‍ക്കമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ട്. ഇതര ക്രൈസ്തവ സഭകള്‍ക്ക് എന്നല്ല, ദരിദ്രരായ ആര്‍ക്കും ക്ഷേമപദ്ധതികള്‍ കൊണ്ടുവരുന്നതിനെ ഒരു സഭയും എതിര്‍ക്കുന്നില്ല. സംവരണം പ്രാതിനിധ്യമല്ല, സാമ്പത്തികം മാത്രം നോക്കി നിശ്ചയിക്കേണ്ട തത്വമാണ് എന്ന് പറയുന്നതിനോടാണ് എതിര്‍പ്പ്.
അങ്ങനെയെങ്കില്‍ രാജ്യത്തെ എല്ലാ പാവപ്പെട്ടവര്‍ക്കും ഒരു പോലെ ഈ നിയമഭേദഗതിയുടെ ഗുണഫലങ്ങള്‍ ലഭ്യമാക്കിയ ശേഷം കണക്കുകള്‍ വച്ച് ആ വിഷയം ചര്‍ച്ച ചെയ്യാം.
ഇപ്പോള്‍ ഉള്ള ആവലാതി ഇത് നടപ്പാക്കിയ രീതിയാണ്. ഉദ്യോഗത്തിനും വിദ്യാഭ്യാസത്തിനും പുതിയ സംവരണം ഒരുപോലെ നല്കിയപ്പോള്, ലത്തീന്‍ കത്തോലിക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക്
ഉദ്യോഗത്തിനുളളതുപോലെ വിദ്യാഭ്യാസത്തിനു സംവരണമില്ല എന്ന പതിറ്റാണ്ടുകളായ ആവശ്യം പരിഗണിക്കപ്പെടുന്നില്ല. അക്കാര്യത്തില്‍ എല്ലാ സഭകളും ഒരുമിച്ച് നിന്ന് ഈ ആവശ്യം നേടിയെടുക്കാന്‍, ലത്തീന്‍ കത്തോലിക്കര്‍ക്ക് വിദ്യാഭ്യാസ സംവരണം ഉയര്‍ത്തി, ഉദ്യോഗസംവരണത്തിനു സമാനമായ രീതിയില്‍, തുല്യത വരുത്താന്‍ നിലകൊള്ളണം.